Innovation | ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ തേടിയുള്ള 2 ദിവസത്തെ വർക് ഷോപിൽ വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് വന്നത് പുത്തൻ ആശയങ്ങൾ
● സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു
● എഐ സാങ്കേതിക വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു
കാസർകോട്: (KVARTHA) ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ തേടി കാസർകോട് ജില്ലയിൽ ആദ്യമായി നടന്ന രണ്ട് ദിവസത്തെ വർക് ഷോപിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്ന് ലഭിച്ചത് പുത്തൻ ആശയങ്ങൾ. എസ് ജെ എഫ് ടെക്നോളജിയും കെവാർത്തയും ചേർന്ന് സഹകരിച്ചാണ് കാസർകോട്ട് ഇദംപ്രഥമമായി വർക് ഷോപ് നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ഓളം വിദ്യാർഥികളാണ് ക്ലാസിൽ സംബന്ധിച്ചത്. നമ്മൾ ഓരോരുത്തരുടേയും ദൈനംദിന കാര്യങ്ങളിൽ ആർടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന മാറ്റങ്ങൾ ക്ലാസിൽ ചർച്ചയായി. എഐ സാങ്കേതിക വിദഗ്ധരായ പി എം ഫയാസ് കാസർകോട്, സിദ്ധാർഥ് ടി വി കണ്ണൂര്‍, ജോ പോള്‍ എറണാകുളം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
വർക് ഷോപ് കാസർകോട് സൈബർ ക്രൈം പൊലീസ് എസ്ഐ ശ്രീദാസ് കരിവെള്ളൂർ ഉദ്‌ഘാടനം ചെയ്‌തു. ലെബനനിൽ നടന്ന പേജർ ആക്രമണം അടക്കമുള്ള കാര്യങ്ങൾ ഉദ്‌ഘാടന പ്രസംഗത്തിൽ സൈബർ ക്രൈം എസ്ഐ ശ്രീദാസ് ചൂണ്ടിക്കാട്ടി. സാങ്കേതിക കാര്യങ്ങൾ നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോർടർ ജിതുല്‍ നാരായണന്‍ മുഖ്യാതിഥിയായിരുന്നു.
എഐ സാങ്കേതിക വിദ്യ കൊണ്ട് ഫ്രിഡ്ജിലെ സാധനങ്ങൾ കേടാവുന്ന കാര്യമടക്കം കണ്ടെത്താൻ കഴിയുമെന്നും ഇത് ജീവിതം എളുപ്പാക്കുമെന്നും എഐ സാങ്കേതിക വിദ്യ ഏറെ സഹായകരമാകുമെന്നും വിദ്യാർഥികളിൽ നിന്ന് നിർദേശമുണ്ടായി. ഏത് കാലാവസ്ഥയിൽ ഏത് വസ്ത്രം ധരിക്കണമെന്ന് എഐയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കാൻ കഴിയും. അതിർത്തികളിൽ ശത്രുക്കളുടെ നുഴഞ്ഞുകയറ്റവും അക്രമവും തടയാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന നിർദേശവും വിദ്യാർഥികൾ മുന്നോട്ട് വെച്ചു.
ഈ വർക്ക്‌ഷോപിന്റെ സഹായത്തോടെ, എ ഐ ആപ്ലികേഷനുകൾ, എ ഐ റോബോടുകൾ, എ ഐ കാമറകൾ, എ ഐ നിരീക്ഷണ സംവിധാനങ്ങൾ, മോഷണങ്ങൾ കണ്ടെത്തുന്ന എ ഐ സാങ്കേതിക വിദ്യകൾ തുടങ്ങിയവ സൃഷ്ടിക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. എഐയുടെ സാങ്കേതിക വിദ്യ കൂടുതൽ ആഴത്തിൽ പഠിക്കാനും വിശാലമായ കാഴ്ചപ്പാടോടെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്നും വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി.
എഐയുടെ കടന്നുവരവ് ലോകത്തെ 25 മില്യൺ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ 90 മില്യൺ ആളുകൾക്ക് പുതിയ ജോലികൾ കണ്ടെത്താനുള്ള അസുലഭവമായ അവസരമാണ് തുറന്ന് കിടക്കുന്നതെന്നും ഇത് വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്നും ക്ലാസെടുത്തവർ വിവരിച്ചു. രണ്ട് ദിവസത്തെ ശിൽപശാലയിൽ എഐ പഠിച്ച് പ്രോജക്ട് തയ്യാറാക്കിയതും ശ്രദ്ധേയമായി. കെവാർത്ത മാനജിങ് എഡിറ്റർ അബ്ദുൽ മുജീബ്, കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്ത്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ എന്നിവർ സംസാരിച്ചു.
#AI #workshop #Kerala #students #technology #innovation #Kasaragod #future #education #career