Brazil Goal | ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ സാന്നിധ്യത്തിന് വിരാമമിട്ടുകൊണ്ട് കൊറിയ പുറത്തേക്ക്

 


(www.kvartha.com) ദോഹയിലെ 974 സ്റ്റേഡിയത്തില്‍ നടന്ന ഇന്നത്തെ രണ്ടാമത്തെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൊറിയയെ തകര്‍ത്ത് കട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വെറ്റ എന്നിവരാണ് ആദ്യ 36 മിനിറ്റുകള്‍ക്കകം തന്നെ ബ്രസീലിനായി കൊറിയന്‍ വല കുലുക്കിയത്. പൈക് സ്യൂങ്-ഹോ കൊറിയയുടെ ആശ്വാസ ഗോള്‍ നേടി.

ഇതുവരെയുള്ള എല്ലാ ലോകക്കപ്പ് ഫൈനല്‍ റൗണ്ടുകളിലും കളിച്ച ഏക ടീമാണ് ബ്രസീല്‍. ഒന്നാം റൗണ്ടില്‍ പുറത്തായതിനേക്കാള്‍ (3) തവണ ചാമ്പ്യന്മാരായ (5) ടീം. ഫിഫ ഒന്നാം റാങ്ക്. ഗ്രൂപ്പ് ജി ജേതാക്കള്‍.

Brazil Goal | ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ സാന്നിധ്യത്തിന് വിരാമമിട്ടുകൊണ്ട് കൊറിയ പുറത്തേക്ക്

മറുവശത്ത് സൗത്ത് കൊറിയക്കിത് ഫൈനല്‍ റൗണ്ടില്‍ 11 ആം ഊഴം. 2002-ല്‍ നാലാം സ്ഥാനം. ഫിഫ റാങ്കിങ് 28 ഗ്രൂപ്പ് എച്ച് രണ്ടാം സ്ഥാനക്കാര്‍. ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ട്ടുഗലിനെ 2 - 1 ന് ഞെട്ടിച്ചു. ഉറുഗ്വേയെ സമനില പിടിച്ചു.

ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ആദ്യം. എന്നാല്‍, തമ്മില്‍ കളിച്ച ഏഴ് സൗഹൃദ മത്സരങ്ങളില്‍ ആറിലും വിജയം ബ്രസീലിനൊപ്പമായിരുന്നു.

ദോഹയിലെ 974 സ്റ്റേഡിയത്തില്‍, മത്സരം തുടങ്ങിയ ഉടനെത്തന്നെ കളിയുടെ നിയന്ത്രണം ബ്രസീലിന്റെ കയ്യിലായി. കൊറിയന് പകുതിയിലായിരുന്നു കളി മുഴുവന്‍.            

Brazil Goal | ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ സാന്നിധ്യത്തിന് വിരാമമിട്ടുകൊണ്ട് കൊറിയ പുറത്തേക്ക്

കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീല്‍ ഗോളടിച്ചു. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച റാഫീന്യയുടെ ക്രോസ് റിച്ചാര്‍ലിസണ് കിട്ടിയില്ലെങ്കിലും, കിട്ടിയത് മാര്‍ക്ക് ചെയ്യപ്പെടാതെ പോസ്റ്റിനടുത്ത് നിന്നിരുന്ന വിന്‍ഷ്യസ് ജൂനിയറിന്. വിന്‍ഷ്യസ് സമയമെടുത്ത്, അത്രയും അനായാസമായി പന്ത് കൊറിയന്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.

അഞ്ചു മിനിറ്റുകള്‍ക്കകം ബ്രസീല്‍ വീണ്ടും ഗോളടിച്ചു. റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുര്‍ന്ന് റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. സാവകാശം ഗോളിയെ കബളിപ്പിച്ചു പോസ്റ്റിന്റെ വലതു മൂലയിലേക്ക് തട്ടിയിട്ടു. 2 - 0.

29-ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും കൊറിയന്‍ വലകുലുക്കി. ഇത്തവണ റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

36-ആം മിനിറ്റില്‍ വീണ്ടും ബ്രസീല്‍ ഗോള്‍! ഗോള്‍ നമ്പര്‍ 4! ഇക്കുറി ലൂക്കാസ് പാക്വെറ്റ. ബോക്‌സിന്റെ ഇടതുവശത്തുകൂടി പന്തുമായി പാഞ്ഞുവന്ന വിനീഷ്യസ്, വലതുവശത്ത് കാത്തുനില്‍ക്കുന്ന പാക്വെറ്റയ്ക്ക് പന്ത് ചിപ്പ് ചെയ്തു. പോസ്റ്റിന്റെ വലത് വശത്ത് നിന്നിരുന്ന അയാള്‍ പന്ത് പോസ്റ്റിലേക്ക് പായിച്ചു

കടലിരമ്പം കണക്കെ ബ്രസീല്‍ ഫോര്‍വേഡുകള്‍ കൊറിയന്‍ ഹാഫില്‍ തമ്പടിച്ച് ആക്രമണം നടത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തായിരുന്ന നെയ്മറും കൂടി ടീമില്‍ ചേര്‍ന്നതോടെ ബ്രസീലിനെ പിടിച്ചാല്‍ കിട്ടാതായി. ഈ സമയത്തൊന്നും കൊറിയ ചിത്രത്തിലേ ഇല്ലായിരുന്നു. ഉറുഗ്വേയെ സമനിലയില്‍ തളയ്ക്കുകയും പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുകയും ചെയ്ത കൊറിയയുടെ നിഴലാണ് പലപ്പോഴും ഗ്രൗണ്ടില്‍ കണ്ടത്. ഒറ്റപ്പെട്ട കൊറിയന്‍ മുന്നേറ്റങ്ങള്‍ പോലും അപൂര്‍വ്വമായിരുന്നു.

ഇടവേളയ്ക്കു പിരിയുമ്പോള്‍ ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന് മുന്നില്‍!

രണ്ടാം പകുതിയിലും ബ്രസീല്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സീയൂങ് ഗ്യുവിന് വിശ്രമമില്ലാത്ത നിമിഷങ്ങള്‍. തങ്ങളുടെ ഇഷ്ടത്തിനൊത്ത് പന്തുമായി മുന്നേറുന്ന ബ്രസീല്‍ ഫോര്‍വേഡുകള്‍. എന്നാല്‍ കൂടുതല്‍ ഗോളുകള്‍ ഉണ്ടായില്ല.

രണ്ടാം പകുതിയുടെ 76 ആം മിനിറ്റില്‍ കൊറിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു ഫ്രീ കിക്കില്‍നിന്നും ലഭിച്ച പന്ത് ഡി സര്‍ക്കിളിന് പുറത്തുനിന്ന് കനത്തൊരു ഷോട്ടിലൂടെ പൈക് സ്യൂങ്-ഹോ അലിസനെ കീഴടക്കുകയായിരുന്നു. ഏകപക്ഷീയമായ തോല്‍വി ഒഴിവാക്കി കൊറിയയ്ക്ക് സമാശ്വാസ ഗോള്‍.

ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ സാന്നിധ്യത്തിന് വിരാമമിട്ടുകൊണ്ട് കൊറിയ പുറത്തേക്ക്.

Report: MUJEEBULLA KV

Keywords: Article, Sports, World Cup, FIFA-World-Cup-2022, World, World Cup: Brazil beats South Korea.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia