Tribute | ജിമ്മി ജോർജ് വിടവാങ്ങിയിട്ട് 37 വർഷം; കായിക കേരളം മറക്കില്ല മാനത്ത് ഉയർന്ന് വെള്ളിടി ഉതിർത്ത 'ഹെർമീസിനെ'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
ജിമ്മി ജോർജ് വിടവാങ്ങിയിട്ട് 37 വർഷം.
-
ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പ്രൊഫഷണൽ വോളിബോൾ താരം.
-
ഇറ്റലിക്കാർ അദ്ദേഹത്തെ 'ഹെർമീസ്' എന്ന് വിളിച്ചിരുന്നു.
കണ്ണൂർ: (KVARTHA) ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന കാലിൽ ചിറകുള്ള വായുവിൽ പറന്നുയരുന്ന ഗ്രീക്ക് ദേവനാണ് ഹെർമീസ്. ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പ്രൊഫഷണൽ വോളിബോൾ താരമായ ജിമ്മി ജോർജിനെ ഇറ്റലിക്കാർ സ്നേഹപൂർവം വിളിച്ചിരുന്നത് അവരുടെ ഹെർമിസ് ദേവൻ എന്നായിരുന്നു. ഒരു സാധാരണ വോളിബോൾ താരം ഗ്രൗണ്ടിൽ നിന്ന് 10 അടി ഉയർന്ന് സ്മാഷ് ചെയ്യുമ്പോൾ 12 അടിയോളം ഉയർന്ന് വായുവിൽ ഏതാനും നിമിഷം തങ്ങിനിൽക്കാനുള്ള അസാധ്യ കഴിവിന്റെ പേരിലാണ് ജിമ്മിയെ ആ രൂപത്തിൽ വിശേഷിപ്പിച്ചിരുന്നത്.
ഫുട്ബോളിന് നമുക്കൊരു രാജാവേയുള്ളൂ പെലെ, ക്രിക്കറ്റിൽ അത് ടെണ്ടുൽക്കറുടെ പേരിൽ ആകുമ്പോൾ മലയാളിയായ ഓരോ വോളിബോൾ പ്രേമിയുടെയും ചുണ്ടിൽ അത് ജിമ്മി ജോർജിന് സമർപ്പിച്ചതാണ്. കേവലം 32-ാം വയസ്സിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇറ്റലിയിൽ നിന്നുള്ള വാഹനാപകടം തട്ടിയെടുത്ത ഇന്ത്യയുടെ ലോക കളിക്കാരനായുന്നു ജിമ്മി ജോർജ്.
ഇന്ത്യയിൽ വോളിബോൾ കളിയുണ്ടോയെന്ന് പരിഹസിച്ചവരുടെ മുമ്പിൽ അഭിമാനത്തോടെ ഇന്ത്യ ഉയർത്തിക്കാട്ടിയ കളിക്കാരൻ. ജയൻ എന്ന സിനിമ താരത്തെ പലരും കണ്ടില്ലെങ്കിലും ഇന്നും ഒരു ആവേശമായി തുടരുന്നത് പോലെ തന്നെയാണ് ജിമ്മി ജോർജിന്റെ കളി കണ്ടിട്ടില്ലാത്തവർ മരിച്ചു 37 വർഷം കഴിഞ്ഞിട്ടും ആ കളിക്കാരന്റെ ആരാധകൻ ആകുന്നത്. രണ്ടുപേർക്കും ജനഹൃദയങ്ങളിലായിരുന്നു സ്ഥാനം.
പള്ളിമുറ്റത്ത് വോളിബോൾ കളിച്ചുകൊണ്ടിരുന്നവർക്ക് എന്തോ കാരണത്താൽ അത് നിഷേധിക്കപ്പെട്ടപ്പോൾ സ്വന്തം സ്ഥലം കളിസ്ഥലമായി നൽകി വോളിബോൾ കളിയെ പ്രോത്സാഹിപ്പിച്ച ജോർജ് വക്കീലിന്റെ 10 മക്കളിൽ ഒരാളായി 1955 മാർച്ച് എട്ടിനു കണ്ണൂർ ജില്ലയിലെ പേരാവൂർ തുണ്ടിയിൽ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി.
തൊണ്ടിയിലെ മലയോര ഗ്രാമത്തിൽ നിന്നും യൂറോപ്യൻ ലീഗ് വരെ ഉയർന്ന ഉയർച്ച. പതിനാറാം വയസിൽ സംസ്ഥാന ടീമിൽ. ബന്ധുവും കായികപ്രേമിയും അന്നത്തെ ഡിജിപിയും ആയിരുന്ന എം കെ ജോസഫിന്റെ നിർദ്ദേശപ്രകാരം പോലീസ് ടീമിൽ. പോലീസിന്റെ സുവർണ നേട്ടങ്ങളുടെ തുടക്കമായിരുന്നു അത്. തുടർന്ന് ഇന്ത്യ ടീമിൽ. 21-ാം വയസിൽ അർജുന അവാർഡ് ജേതാവ്. പോലീസിൽ നിന്നും അവധിയെടുത്ത് ആദ്യം അബുദാബി പ്രീമിയർ ലീഗിൽ. ഗൾഫ് രാജ്യങ്ങളിൽ ഇന്നും ജിമ്മിയുടെ സ്മരണ ടൂർണമെന്റുകൾ നടത്തുന്നു എന്നറിയുമ്പോഴാണ് ജിമ്മി ഉണ്ടാക്കിയ ഓളത്തിന്റെ ആഴപ്പരപ്പ് കായിക പ്രേമികൾക്ക് മനസ്സിലാകുക.
രാജ്യത്തിന് ആദ്യമായി ഏഷ്യാഡിൽ വെങ്കലമെഡൽ നേടിക്കൊടുത്ത ക്യാപ്റ്റൻ. തുടർന്ന് യൂറോപ്യൻ ലീഗിൽ കളിക്കുന്ന പ്രഥമ ഇന്ത്യക്കാരൻ എന്ന പകിട്ടോടെ ഇറ്റാലിയൻ വോളിബോൾ ലീഗിൽ താരമായി. അവിടെ ആരാധകരുടെ ഹെർമീസ് ആയി ആരാധനയോടെ കളിച്ചുകൊണ്ടിരിക്കെ ഒരു കാർ അപകടത്തിന്റെ രൂപത്തിൽ 1987ൽ നവംബർ 30ന് തന്റെ 32-ാം വയസ്സിൽ ഇറ്റലിയിൽ വച്ച് ജിമ്മി ഈ ലോകത്തോട് വിടവാങ്ങി.
ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ഫോമിന്റെ ഏറ്റവും ഉജ്വല അവസ്ഥയിൽ നിൽക്കുന്ന സമയത്തുണ്ടാകുന്ന വേർപാട് ഏറെ വേദനാജനകമാണ്. ഒരിക്കലും ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച കളിക്കളത്തിൽ സൃഷ്ടിച്ച മാസ്മരിക നിമിഷങ്ങൾ അവശേഷിപ്പിച്ച് ജിമ്മി ജോർജ് വിടവാങ്ങിയത് കായികപ്രേമികളിൽ ശൂന്യത നിറച്ചാണ്.
#jimmygeorge #indianvolleyball #legend #sports #kerala #volleyballplayer
