ഗ്രീസിനെ ഗോള്‍ മഴയില്‍ മുക്കി ജര്‍മനി സെമിയിലേയ്ക്ക്

 


ഗ്രീസിനെ ഗോള്‍ മഴയില്‍ മുക്കി ജര്‍മനി സെമിയിലേയ്ക്ക്
വാഴ്സോ: ഗ്രീസിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി യൂറോക്കപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മനി മുന്‍ചാംപ്യന്‍മാരായ ഗ്രീസിനെ പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിയാത്തവര്‍. ഗ്രൂപ്പ് ഘട്ടത്തിലെ കളികളിലെല്ലാം വിജയം. യൂറോകപ്പ് 2012ലെ കേമന്‍മാര്‍ ആരെന്ന് ഒന്നുകൂടി തെളിയിച്ചാണ് ജര്‍മനിയുടെ പടയോട്ടം. അതിനുമുന്നില്‍ ഇപ്പോള്‍ ഇതാ യവനവീര്യവും കൂപ്പുകുത്തിയിരിക്കുന്നു.

പതിവുപോലെ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള കളിതന്നെയാണ് ജര്‍മന്‍പട പുറത്തെടുത്തത്. ഗ്രീസിന്റെ പ്രതിരോധത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാകാം, ജര്‍മനിയുടെ ആക്രമണസ്വഭാവത്തിന് അല്‍പം മുന്‍തൂക്കമുണ്ടായിരുന്നു. മല്‍സരം നിയന്ത്രിച്ചതുമുഴുവന്‍ ജര്‍മനിയാണെന്നു പറയുന്നതാകും ശരി. കാരണം മല്‍സരത്തിലുടനീളവും കളി ഗ്രീസിന്റെ പകുതിയിലായിരുന്നു.

ടീമില്‍ മൂന്ന് ശ്രദ്ധേയമാറ്റങ്ങളുമായാണ് ജര്‍മനി കളിക്കളത്തിലിറങ്ങിയത്. മരിയോ ഗോമസ്, ലൂക്കാസ് പെഡോഴ്സ്ക്, തോമസ് മുള്ളര്‍ എന്നിവര്‍ക്കു പകരം ക്ളോസെയും ആന്ദ്രെ ഷൂറിലും മാര്‍ക്കോ റൂസുമാണ് മല്‍സരത്തിനിറങ്ങിയത്. നാലാം മിനുട്ടില്‍ത്തന്നെ ജര്‍മനി ഗ്രീക്ക് വലയെ ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഷ്വെയ്ന്‍സ്റ്റീഗറുടെ ഷോട്ട് റീബൌണ്ടി ചെയ്തു വന്നത് ഷൂറില്‍ വലയിലെത്തിച്ചെങ്കിലും ലൈന്‍സ്മാന്‍ കൊടി ഉയര്‍ത്തിയിരുന്നു. 23ം മിനുട്ടിലും റൂസും ഒസിലും ചേര്‍ന്നൊരുക്കിയ നീക്കം ഗോളിനടുത്തുവരെയെത്തി.

ഒടുവില്‍ 39ം മിനുട്ടില്‍ ജര്‍മനി ആദ്യലക്ഷ്യം കണ്ടു. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്ത് സ്വീകരിച്ച് ഡ്രിബിള്‍ ചെയ്ത ശേഷം ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന്റെ ഒരു ബുള്ളറ്റ് ഷോട്ട്. 22 വാര അകലെ നിന്നെത്തിയ അത് ഗ്രീക്ക് വലയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. ഇടവേള വരെ ഗ്രീസ് അക്കൌണ്ട് തുറന്നിട്ടില്ലായിരുന്നു. രണ്ടാം പകുതിയിലും ജര്‍മന്‍ മുന്നേറ്റമാണ് കണ്ടതെങ്കിലും അപ്രതീക്ഷിതമായിരുന്നു ഗ്രീക്ക് ആക്രമണം. 55ം മിനുട്ടില്‍ ഫിലിപ്പ് ലാമിനെ വെട്ടിച്ച് ഓടിക്കയറിയ ദിമിത്രിസ് നല്‍കിയ അളന്നുമുറിച്ച ക്രോസ് സമരാസ് ലക്ഷ്യത്തിലെത്തിച്ചു. പന്ത് ക്ളിയര്‍ ചെയ്യുന്നതില്‍ ബോട്ടെങ് വരുത്തിയ പിഴവ് ഗ്രീസിന്റെ സമനില ഗോളായി മാറി.

അപ്പോഴേക്കും കളിയുടെ തണുപ്പ് മാറിത്തുടങ്ങിയിരുന്നു. ആറുമിനിട്ടിനകം സാമി ഖെദീര ജര്‍മനിയെ വീണ്ടും മുന്നിലെത്തിച്ചു. ബോട്ടെങ് നല്‍കിയ ക്രോസ് നിലത്തെത്തും മുമ്പേ ഖെദീരയുടെ വോളിയിലൂടെ വലയിലേക്ക്. 68ം മിനുട്ടില്‍ ക്ളോസെയുടെ ഊഴമായിരുന്നു. അതും ട്രേഡ്മാര്‍ക്കായ ഹെഡ്ഢറിലൂടെ.ഒസിലിനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ഒസില്‍ തന്നെയെടുത്ത ഫ്രീ കിക്ക് തകര്‍പ്പനൊരു ഹെഡ്ഢറിലൂടെ വീണ്ടും ഗ്രീക്ക് വല കുലുങ്ങി.

മാര്‍ക്കൊ റൂസിന്റെ വകയായിരുന്നു നാലാം ഗോള്‍. 74ം മിനുട്ടില്‍ ക്ളോസെയുടെ ഷോട്ട് ഗോളി സിഫാക്കീസ് തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത് റൂസ് വലയിലേക്ക് നിറയൊഴിച്ചു. റൂസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ഗോള്‍ കൂടിയായിരുന്നു അത്. അതോടെ ജര്‍മനിയുടെ പട്ടിക പൂര്‍ത്തിയായി. 88ം മിനുട്ടില്‍ ഗ്രീസിന് ആശ്വാസമായി മറ്റൊരു ഗോള്‍ കൂടിയെത്തി. ബോക്സില്‍ ജെറോം ബോട്ടെങ് പന്ത് കൈകൊണ്ട് തൊട്ടതിന് കിട്ടിയ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു അത്. സാല്‍പിന്‍ഗിഡിസ് ഷോട്ട് നേരെ വലയിലേക്ക്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. തെല്ലും നിരാശയില്ലാതെ ജര്‍മനി സെമിയിലേക്ക്. ജര്‍മന്‍ വലയില്‍ രണ്ടുഗോളുകള്‍ വീഴ്ത്തിയതിന്റെ ആശ്വാസത്തില്‍ ഗ്രീസിന് സമാധാനമായി മടങ്ങാം. ഇത്തവണത്തെ യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മല്‍സരം കൂടിയായിരുന്നു ഇത്. ഇംഗണ്ട്-ഇറ്റലി ക്വാര്‍ട്ടര്‍ വിജയിയുമായി 28ന് ജര്‍മനി സെമിയില്‍ പോരാട്ടത്തിനിറങ്ങും.

English Summery
Gdansk: Germany booked a semi-final against England or Italy after thrashing Greece 4-2 in Friday`s Euro 2012 quarter-final at the PGE Arena in Gdansk.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia