Winners | ആറന്മുള ഉത്തൃട്ടാതി വള്ളംകളി; കോയിപ്രം, കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടങ്ങള്‍ വിജയികള്‍
● ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങള്‍ പങ്കെടുത്തു.
● ആര്‍ ശങ്കര്‍ ട്രോഫി പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടം കരസ്ഥമാക്കി.
● പള്ളിയോട സേവസംഘം പ്രസിഡന്റ് സമ്മാനദാനം നിര്‍വഹിച്ചു.
പത്തനംതിട്ട: (KVARTHA) നെഹ്‌റു ട്രോഫി (Nehru Trophy) മാതൃകയില്‍ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ആറന്മുള ഉത്തൃട്ടാതി വള്ളംകളി ജലോത്സവം (Aranmula Uthrattathi Boat Race) നടത്തിയത്. എ ബാച്ചില്‍ കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത 4 പള്ളിയോടങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഫൈനലില്‍ എ ബാച്ച് വിഭാഗത്തില്‍ കോയിപ്രം (Koyippram) പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കോറ്റാത്തൂര്‍ കൈതകോടി (Kottathur Kaithakodi) പള്ളിയോടവും വിജയികളായി.
എ ബാച്ച് വിഭാഗത്തില്‍ ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ബി ബാച്ച് വിഭാഗത്തില്‍ തോട്ടപ്പുഴശ്ശേരി, ഇടക്കുളം എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
എ ബാച്ച് ലൂസേഴ്സ് ഫൈനലില്‍ കിഴക്കന്‍ ഓതറ കുന്നേക്കാട്, ചിറയിറമ്പ്, കീഴുകര എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബി ബാച്ച് ലൂസേഴ്സ് ഫൈനലില്‍ മേപ്രം തൈമറവുംകര, വന്മഴി, ചെന്നിത്തല എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആടയാഭരണങ്ങള്‍, അലങ്കാരങ്ങള്‍, പാട്ട് തുടങ്ങിയവ വിലയിരുത്തി നല്‍കുന്ന ആര്‍. ശങ്കര്‍ ട്രോഫി പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടവും കരസ്ഥമാക്കി. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിലെ ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങള്‍ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതിനാല്‍ ജലമേള കാണാന്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.
#AranmulaBoatRace #Kerala #BoatRace #Festival #India #Sports #Palliyodam #NehruTrophy