Japan Out | ജപ്പാന് കണ്ണീര്‍ വിട! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്ക് ജയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-മുജീബുല്ല കെ വി

(www.kvartha.com) പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട അഞ്ചാം പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ 3 - 1 ന് ഷൂട്ടൗട്ടില്‍ കീഴടക്കി നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ ഫിഫ ലോകക്കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മത്സരം മുഴുവന്‍ സമയവും അധിക സമയവും 1 - 1 ന് സമനിലയിലായപ്പോള്‍, വിധി നിര്‍ണ്ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Aster mims 04/11/2022

ക്രൊയേഷ്യയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നറിയുമ്പോഴും, ഗ്രൂപ്പ് മത്സരങ്ങളില്‍ ജപ്പാന്‍ കാണിച്ച അത്ഭുതങ്ങള്‍ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലും തുടരുമെന്നും ക്രൊയേഷ്യയെ അട്ടിമറിക്കുമെന്നുമായിരുന്നു പ്രതീക്ഷകള്‍.. ജര്‍മ്മനിയെയും സ്‌പെയിനിനെയും അട്ടിമറിച്ചെത്തിയ ജപ്പാന്റെ കുതിപ്പിന് പക്ഷെ, വീണ്ടും പ്രീക്വാര്‍ട്ടറില്‍ വിരാമമായി. കളി കാണാന്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന ജപ്പാന്‍ ജനതയ്ക്ക് ഇത് കണ്ണീര്‍ രാവായി. ഖത്തറിലെ ആറുമണി കിക്കോഫ് ജപ്പാനില്‍ പാതിരാവാണ്.

Japan Out | ജപ്പാന് കണ്ണീര്‍ വിട! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്ക് ജയം

98-ലെ ഫ്രാന്‍സ് ലോകകപ്പില്‍ ആദ്യമായി കളിച്ച ജപ്പാന്‍, തുടര്‍ന്നിങ്ങോട്ട് ഏഴാം തവണയാണ് ഫൈനല്‍ റൗണ്ടിലെത്തുന്നത്. മൂന്നു തവണ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍, രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്നത് നാലാം തവണ. ഇക്കുറി ജര്‍മ്മനിയും സ്‌പെയിനും അണിനിരന്ന ഗ്രൂപ്പ് ഇ ചാമ്പ്യന്മാര്‍.

98-ലെ ഫ്രാന്‍സ് ലോകകപ്പില്‍തന്നെയാണ് ക്രോയേഷ്യയും ആദ്യമായി കളിച്ചത്. ഇത് ആറാമൂഴം. 98-ല്‍ മൂന്നാം സ്ഥാനം. നിലവില്‍ റണ്ണേഴ്സ്അപ്പ്.

അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയുടെ കിക്കോഫോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ജപ്പാന്‍ കോര്‍ണര്‍ നേടി. മനോഹരമായ കോര്‍ണറിന് തലവച്ച തനിഗുച്ചിയുടെ ഹെഡ്ഡര്‍ പോസ്റ്റിന് ഇഞ്ചുകള്‍ക്കാണ് പുറത്തുപോയത്.

ചന്ദമാര്‍ന്ന കുറിയ പാസ്സുകളിലൂടെ അതിവേഗം പന്ത് കൈമാറി കൈമാറി അതിദ്രുതം മുന്നേറുന്ന നീലക്കുപ്പായക്കാര്‍ നയനാനന്ദകരമായ കാഴ്ചയാണ്. മൈതാന മധ്യത്തിലൂടെയും ഇരു വിങ്ങുകളിലൂടെയും മുന്നേറുന്ന ജപ്പാനെയാണ് കളിയുടെ ആദ്യ നിമിഷങ്ങളില്‍ കാണാനായത്. വിങ്ങുകളിലൂടെ മുന്നേറി റിത്സുവും കമാദയും ഡൈസനും അടങ്ങിയ മുന്നേറ്റ നിര ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. എന്നാല്‍ വിങ്ങുകളില്‍നിന്നുള്ള ക്രോസുകള്‍ കണക്റ്റ് ചെയ്യാന്‍ പലപ്പോഴും ആളില്ലാതെപോയി.

25 - ആം മിനിറ്റില്‍ ബോക്‌സിലേക്ക് മുന്നേറിയ ക്രൊയേഷ്യന്‍ താരത്തിന് ബോള്‍ നിയന്ത്രിച്ച് ഷോട്ട് ഉതിര്‍ക്കാനാവുമ്പോഴേക്കും ജപ്പാന്‍ പ്രതിരോധ നിര വളഞ്ഞു. പന്ത് ജപ്പാന്‍ ഗോളി ഷുച്ചി ഗോണ്ട പന്ത് കയ്യിലൊതുക്കി.

43 ആം മിനിറ്റില്‍ ഡൈസന്‍ മയെദ ജപ്പാന് വേണ്ടി ക്രൊയേഷ്യന്‍ വല കുലുക്കി! റിറ്റ്സു ഡൊവാന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ മായ യോഷിദ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ മയെദയ്ക്ക് നല്‍കി. ഒട്ടും സമയം കളയാതെ മയെദ പന്ത് പോസ്റ്റിലാക്കി. ലിവാക്കോവിച്ച് നിസ്സഹായനായി. ജപ്പാന്‍ 1 - 0.

ഇടവേളയ്ക്കു പിരിയുമ്പോള്‍ ജപ്പാന്‍ ഒരു ഗോളിന് മുന്നില്‍

ഇടവേള കഴിഞ്ഞ്, ആക്രമിക്കാനുറച്ചാണ് ക്രൊയേഷ്യ തിരിച്ചു വന്നത്. കളി ജപ്പാന്‍ ഹാഫിലായി. അമ്പത്തഞ്ചാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ഒപ്പമെത്തി ക്രൊയേഷ്യ! ഡെജാന്‍ ലോവ്രെന്‍ ബോക്സിലേക്കു നല്‍ികിയ ക്രോസ് പെരിസിച്ച് അത്രയും കൃത്യതയോടെ ഷുച്ചി ഗോണ്ടയെ കീഴടക്കി പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഹെഡ് ചെയ്തു കയറ്റി. സ്‌കോര്‍ 1 - 1.

തൊട്ടടുത്ത നിമിഷം ജപ്പാന്‍ ഗോള്‍ മടക്കിയെന്നുതന്നെ വിചാരിച്ചു. വട്ടാരു എന്‍ഡോ ഇരുപത്തഞ്ചു വാര അകലെ നിന്ന് ഷൂട്ട് ചെയ്ത പന്ത്, വളരെ പ്രയാസപ്പെട്ട് ഗോള്‍കീപ്പര്‍ ലിവാക്കോവിച്ച് കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി.

അറുപത്തൊന്നാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മോഡ്രിച്ചിന്റെ ഹാഫ് വോളി പോസ്റ്റിന്റെ മോന്തായം ലക്ഷ്യമാക്കി കുതിച്ചു. മനോഹരമായ ഒരു ആക്രോബാറ്റിക്ക് ജംപിലൂടെ ഗോണ്ട പന്ത് കുത്തിയകറ്റി. ഗംഭീര സേവ്.

ആദ്യ ഗോളോടെ ആവേശം ബാധിച്ച ക്രൊയേഷ്യയെയാണ് കണ്ടത്. പെരിസിച്ചിന്റെ ആ ഗോള്‍ 45000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലെ ക്രൊയേഷ്യന്‍ ആരാധകരെ ആവേശത്തിലാക്കി. രണ്ടാമത്തെ ഗോള്‍ തേടി ക്രൊയേഷ്യ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ഒരല്‍പം പരിഭ്രമിച്ചുപോയ ജപ്പാന്‍, പതിയെ താളം വീണ്ടെടുത്തു. അതോടെ വീണ്ടും പന്ത് ഇരു ഗോള്‍മുഖത്തും കയറിയിറങ്ങിത്തുടങ്ങി.

മുഴുവന്‍ സമയത്തും ഗോള്‍ നില 1 - 1 ല്‍ തുടര്‍ന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 

104 ആം മിനിറ്റില്‍ ഉജ്ജ്വലമായ ഒരാക്രമണത്തിലൂടെ പന്തുമായി ഒറ്റയ്ക്ക് കുതിച്ചു മുന്നേറിയ അസാനോ ബോക്സിന് പുറത്തുവച്ച് ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഉഗ്രനൊരു സേവിലൂടെ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാക്കോവിച്ച് ശ്രമം വിഫലമാക്കി.

അധിക സമയത്തിന്റെ രണ്ടാം പകുതിയും സമനിലയിലായതോടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന്റെ മൂന്ന് ഷോട്ടുകള്‍ പാഴായപ്പോള്‍, നാലില്‍ മൂന്നും ഗോളാക്കി ക്രോയേഷ്യ ക്വാര്‍ട്ടറിലേക്ക്! ജപ്പാന്റെ മൂന്ന് ഷോട്ടുകള്‍ തടുത്തിട്ട ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാക്കോവിച്ച് രാജ്യത്തിന്റെ ഹീറോയായി!

പെനാല്‍റ്റി ഷൂട്ടൗട്ട് എന്നത് ജപ്പാന്റെ അജണ്ടയിലേ ഇല്ലായിരുന്നെന്ന് തോന്നി. അത്രയും ദുര്‍ബ്ബലമായ, ഒരു ഭാവനയുമില്ലാത്ത ഷോട്ടുകളായിരുന്നു കണ്ടത്! ആദ്യത്തേത് ഇടത്തോട്ടും, രണ്ടാമത്തേത് വലത്തോട്ടും ഡൈവ് ചെയ്ത് ലിവാക്കോവിച്ച് നിസ്സാരമായി കുത്തിയകറ്റുകയായിരുന്നു.

നൂറ്റിയിരുപത് മിനിറ്റ് നേരത്തെ ശ്രമം, കഠിനാധ്വാനം, മൂന്നേ മൂന്ന് ഷോട്ടില്‍ വിഫലമാക്കിയ സങ്കടത്തോടെ, തങ്ങളുടെ നാലാമത്തെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവും ക്വാര്‍ട്ടറിലെത്തിക്കാനാവാതെ ഖത്തര്‍ ലോകകപ്പില്‍ നിന്നും ജപ്പാന് കണ്ണീര്‍ വിട!

ഒരേ ലോകകപ്പില്‍ രണ്ടു വമ്പന്മാരെ തകര്‍ത്ത ഖ്യാതിയുമായി അഭിമാനത്തോടെ തലയുയര്‍ത്തിത്തന്നെ ഹാജിം മൊറിയാസുവിന്റെ ജപ്പാന്‍ ടീമിന് ഖത്തര്‍ വിടാം. പോരാത്തതിന് 2018 ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിച്ചു.

Keywords: Article, Sports, Report, World Cup, FIFA-World-Cup-2022, Japan heartbreak as Croatia win World Cup penalty shootout.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script