ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; ലങ്കയ്‌ക്കെതിരെ ഇന്‍ഡ്യയ്ക്ക് 7 വികെറ്റ് ജയം

 


കൊളംബൊ: (www.kvartha.com 19.07.2021) ശ്രിലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് വിജയം. മുന്നില്‍ നിന്ന് നയിച്ച ശിഖര്‍ ധവാന്‍ (പുറത്താവാതെ 86) ക്യാപ്റ്റനായുളള അരങ്ങേറ്റം അവിസ്മരണീയമാക്കി. ബൗളര്‍മാരുടെ വ്യക്തമായ ആധിപത്യവും ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള യുവ ബാറ്റിംഗ് നിരയും ആയപ്പോള്‍ ലങ്കയ്‌ക്കെതിരെ ഇന്‍ഡ്യ ഏഴ് വികെറ്റിന്റെ വിജയം സ്വന്തമാക്കി. വിജയം പൂര്‍ത്തിയായപ്പോള്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്‍ഡ്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍. 263 റണ്‍സായിരുന്നു ആതിഥേയര്‍ ഇന്‍ഡ്യക്ക് നല്‍കിയ വിജയലക്ഷ്യം. 

പൃഥ്വി ഷാ (24 പന്തില്‍ 43) മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്‍ഡ്യയ്ക്ക് സമ്മാനിച്ചത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ പൃഥ്വിയുടെ കൂറ്റനടികള്‍ തുടക്കം മികച്ചതാക്കി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ചാണ് പൃഥ്വി തുടങ്ങിയത്. പിന്നാലെ എട്ട് ഫോറുകള്‍ കൂടി പൃഥ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ ആറാം ഓവറില്‍ സ്‌കോര്‍ബോര്‍ഡ് 58ല്‍ നില്‍ക്കെ പൃഥ്വി മടങ്ങി. ധനഞ്ജയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് നല്‍കി. നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചാമിക കരുണാരത്നെ (പുറത്താവാതെ 43), ദസുന്‍ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; ലങ്കയ്‌ക്കെതിരെ ഇന്‍ഡ്യയ്ക്ക് 7 വികെറ്റ് ജയം

ഒമ്പത് വികെറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വികെറ്റ് വീതം വീഴ്ത്തി. മിനോദ് ഭാനുക (27) ഫെര്‍ണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക നല്‍കിയത്. ഒമ്പത് ഓവറില്‍ 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അവര്‍ക്കായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ആദ്യ സ്പെല്ലില്‍ വികെറ്റെടുക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ചാഹലാണ് ഇന്‍ഡ്യയ്ക്ക് ബ്രേക് ത്രൂ നല്‍കിയത്. ചാഹല്‍ ടോസ് ചെയ്തിട്ട പന്തില്‍ ഫെര്‍ണാണ്ടോ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി. 

മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രാജപക്സ (24), മിനോദിനൊപ്പം പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ കുല്‍ദീപ് ഒരോവറില്‍ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നല്‍കിയിപ്പോള്‍ രാജപക്സ ശിഖര്‍ ധവാന്റെ കയ്യിലൊതുങ്ങി. നാലാമന്‍ ധനഞ്ജയ സിഡില്‍വ (14) ക്രുനാലിന്റെ പന്തില്‍ ഭുവനേശ്വറിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്തായ ശേഷം ദുഷ്മന്ത ചമീരയെ (13) കൂട്ടുപിടിച്ച് കരുണാരത്നെ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 260 കടത്തിയത്. ഇതിനിടെ വാനിഡു ഹസരങ്ക (8), ഇസുരു ഉഡാന (8) എന്നിവരും പുറത്തായി. 

Keywords:  News, World, Sports, Cricket, Winner, India, Sri Lanka, Ind vs SL Highlights 1st ODI: India beat Sri Lanka by 7 wickets to take 1-0 lead in the 3-match series
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia