ഡെന്മാര്‍ക്കും കീഴടങ്ങി, ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

 


- മുജീബുല്ല കെ വി

(www.kvartha.com) നിലവിലെ ജേതാക്കളെന്ന ഖ്യാതിയുമായി വന്ന് കാലിടറി വീഴാനല്ല, വീണ്ടും കപ്പുയര്‍ത്താന്‍ തന്നെയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സ് കാഴ്ചവച്ചത്. ക്ലിനിക്കല്‍ പെര്‍ഫോമന്‍സുമായി ഓസ്ട്രേലിയക്ക് പിന്നാലെ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഗ്രൂപ്പ് ഡി യില്‍നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്.

രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളെങ്കിലും അടിക്കുമെന്ന് ഒന്നാം പകുതി കണ്ടപ്പോള്‍ തന്നെ കണക്കാക്കിയതായിരുന്നു. എങ്കിലും കടുത്ത ചെറുത്തുനില്‍പ്പാണ് ഡെന്മാര്‍ക്ക് കാഴ്ച്ച വച്ചത്. ഡെന്മാര്‍ക്കിന്റെ മികച്ച മുന്നേറ്റങ്ങളോടെയാണ് കളി തുടങ്ങിയതും. ക്രമേണ ഫ്രാന്‍സ് ആധിപത്യമുറപ്പിക്കുകയായിരുന്നു. എന്നാല്‍ ശൗര്യമുള്ള പ്രത്യാക്രമണങ്ങളോടെ ഡെന്മാര്‍ക്കും കളം നിറഞ്ഞ് കളിച്ചു. അപകടകരമായ ചില മുന്നേറ്റങ്ങളും നടത്തി. ആദ്യ പകുതിയിലെ മുന്നേറ്റങ്ങളൊന്നുംതന്നെ ഗോളില്‍ കലാശിച്ചില്ല.

ഡെന്മാര്‍ക്കും കീഴടങ്ങി, ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

കാത്തിരുന്ന ആദ്യ ഗോള്‍ പിറന്നത് കളിയുടെ 61-ആം മിനിറ്റില്‍. ഇടത് വിങ്ങില്‍ നിന്നുള്ള ഒളിവര്‍ ജിറൂഡിന്റെ പാസില്‍ നിന്ന് എംബാപ്പേ ഗോള്‍ നേടുകയായിരുന്നു.

ഫ്രാന്‍സിന്റെ ലീഡിന് പക്ഷെ, മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഏഴു മിനിറ്റുകള്‍ക്കകം ഒരു കോര്‍ണറില്‍ നിന്ന് ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റെന്‍സന്റെ ഈക്വലൈസര്‍ ഗോള്‍ മനോഹരമായിരുന്നു. ഹെഡറിലൂടെ നിലം കുത്തിയുയര്‍ന്ന് പാസായിക്കിട്ടിയ പന്ത് മറ്റൊരു പവര്‍ഫുള്‍ ഹെഡ്ഡറിലൂടെ ക്രിസ്റ്റെന്‍സന്‍ ഫ്രാന്‍സ് വല കുലുക്കി. സ്‌കോര്‍ 1 - 1.

                      

ഡെന്മാര്‍ക്കും കീഴടങ്ങി, ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

അതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഇരു ഭാഗത്തേക്കും ആക്രമണങ്ങള്‍. ഒടുവില്‍ മത്സരത്തിന്റെ 85-ആം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ വിധിയെഴുതിയ ഗോള്‍ പിറന്നു. ഗ്രീസ്മാന്റെ തളികയിലെന്നോളമുള്ള ക്രോസ്സിന് തൊട്ടുകൊടുക്കേണ്ട ജോലിയേ പോസ്റ്റില്‍ കാത്തുനിന്ന എംബാപ്പേക്കുണ്ടായിരുന്നുള്ളൂ.

ഗോള്‍പോസ്റ്റിനു കീഴില്‍ മികച്ച സേവുകളാണ് ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഷ്മൈക്കേല്‍ നടത്തിയത്. അല്ലെങ്കിലിന്ന് ഫ്രാന്‍സിന്റെ രണ്ടു ഗോളുകളും നേടിയ സൂപ്പര്‍ യുവ താരം എംബാപ്പേ ഹാട്രിക് തികച്ചേനെ!

രണ്ട് ജയങ്ങളോടെ ഗ്രൂപ്പില്‍നിന്ന് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍, അടുത്ത ടീമിനെ കണ്ടെത്താന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. യഥാക്രമം മൂന്നും രണ്ടും ഒന്നും പോയിന്റുകളാണെങ്കിലും ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ടുണീഷ്യ ടീമുകള്‍ക്ക് രണ്ടാമത്തെ ടീമാകാനുള്ള വാതില്‍ തുറന്നു കിടക്കുന്നു.

Keywords: Kerala, Article, Report, Sports, FIFA-World-Cup-2022, World Cup, FIFA World Cup: France in pre-quarters.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia