ഗ്രൂപ്പ് ജേതാക്കളായി അര്‍ജന്റീന, തോറ്റിട്ടും പോളണ്ട്; സൗദി, മെക്‌സിക്കോ പുറത്ത്
(www.kvartha.com) സൗദിയോടുള്ള ഞെട്ടിക്കുന്ന തോൽവിയിലൂടെ ഖത്തർ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച അർജൻറീന ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക്. ഖത്തറിലെ 974 സ്റ്റേഡിയത്തിൽ പോളണ്ടിനെതിരെ നടന്ന ആവേശകരമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചാണ് അർജൻറീന ഗ്രൂപ്പ് ചാമ്പ്യന്മാരായത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജൻറീനയുടെ എതിരാളികൾ
മെക്സിക്കോയോട് നിർത്തിയേടത്ത് തന്നെയാണ് അർജൻറീന തുടങ്ങിയത്. അർജന്റീനയുടെ സമ്പൂർണ്ണ മേധാവിത്വം കണ്ട മത്സരത്തിൽ സി ഗ്രൂപ്പിൽ നേരത്തെ മുന്നിലായിരുന്ന പോളണ്ടിന് ഒരു രക്ഷയുമുണ്ടായിരുന്നില്ല.
ഗ്രൂപ്പിലെ മറ്റൊരു അവസാന മത്സരത്തിൽമെക്സിക്കോ 2 - 1 ന് സൗദി അറേബ്യയെ തോൽപ്പിച്ചെങ്കിലും, മികച്ച ഗോൾ ശരാശരിയിൽ പോളണ്ട് രണ്ടാം സ്ഥാനക്കാരായി. 1986 ന് ശേഷം ആദ്യമായാണ് പോളണ്ട് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്. സൗദിയോടൊപ്പം മെക്സിക്കോയും പുറത്തായി.
ലോകക്കപ്പ് ഫുട്‌ബോളിന്റെ പതിനൊന്നാം ദിവസം, ഇന്നലെ രാത്രി ഒരേ സമയത്ത് രണ്ട് വ്യത്യസ്ത ഗ്രൗണ്ടുകളിൽ നടന്ന രണ്ടു മത്സരങ്ങൾ കളിയുടെ സ്വഭാവത്തിൽ ഏകദേശം സമാനത പുലർത്തി. രണ്ടിടത്തും ഒരു ടീമിൻറെ ഏകപക്ഷീയമായ ആധിപത്യം. പോളണ്ട് അർജൻറീന മത്സരത്തിൽ അത് അർജൻറീയായിരുന്നെങ്കിൽ, സൗദി മെക്സിക്കോ മത്സരത്തിൽ അത് മെക്സിക്കോ ആയിരുന്നു. പോളണ്ടിനെതിരെ അർജന്റീനയുടേത് സമ്പൂർണ്ണ ആധിപത്യമായിരുന്നെങ്കിൽ, മെക്സിക്കോയ്ക്കെതിരെ സൗദി തങ്ങളുടെ പരിമിതികൾക്കൊത്ത് പോരാടി എന്നതാണ് വ്യത്യാസം.
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ മെക്സിക്കോയ്ക്ക് കുറഞ്ഞത് മൂന്ന് ഗോളുകൾക്കെങ്കിലും ഗ്രീൻ ഫാൽക്കൺസിനെ തോൽപ്പിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ തങ്ങളുടെ ജയത്തോടൊപ്പം, പോളണ്ട് അർജന്റീനയെ തോൽപിക്കണം. കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും നോക്കൗട്ടിലേക്ക് കടന്നിട്ടുള്ള മെക്സിക്കോ, ഇതുവരെ സൗദി അറേബ്യയോട് തോൽവിയറിഞ്ഞിട്ടില്ലാത്തതിന്റെ ആത്മവിശ്വാസത്തോടെ, പ്രതീക്ഷയോടെയാണ് ഇറങ്ങിയത്. എങ്കിലും സൗദിയുടെ കഴിവുകളെക്കുറിച്ച കരുതലുണ്ടായിരുന്നു മെക്സിക്കൻ പരിശീലകൻ ടാറ്റ മാർട്ടിനോ യുടെ വാക്കുകളിൽ: "സൗദി അറേബ്യക്ക് മത്സരം ജയിക്കണം, ഗോളുകൾ നേടുകയും വേണം. ഞങ്ങൾക്കും"
എന്നാൽ കോച്ചിന്റെ വാക്കുകളിലെ മയമൊന്നും ഗ്രൗണ്ടിൽ മെക്സിക്കോ താരങ്ങൾക്കുണ്ടായിരുന്നില്ല. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മികവാണ് പലപ്പോഴും സൗദിക്ക് രക്ഷയായത്. പിന്നെ പ്രതിരോധ നിരയും.
47-ാം മിനിറ്റിലാണ് മെക്‌സിക്കോ ആദ്യ ഗോൾ നേടിയത്. കോര്‍ണറില്‍ നിന്ന് ഷാവേസ് നല്‍കിയ ക്രോസ് മോണ്ടെസ് ഫ്‌ളിക് ചെയ്തത് ഹെന്റി മാര്‍ട്ടിൻ വലയിലാക്കി. 52-ാം മിനിറ്റില്‍ ഉഗ്രൻ ഫ്രീ കിക്ക് ഗോളിലൂടെ ഷാവേസ് മെക്‌സിക്കോയുടെ രണ്ടാം ഗോളും നേടി.
എന്നാൽ രണ്ടു ഗോൾ വഴങ്ങിയിട്ടും പോരാട്ടം തുടർന്ന് സൗദി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സാലെം അൽ ദോസരിയാണ് സൗദിയുടെ ആശ്വാസ ഗോൾ നേടിയത്. മെക്സിക്കോയുടെ സാധ്യതയുടെ മേൽ ആണിയടിച്ച ഗോളായി അത്!
രണ്ടാം റൗണ്ടിൽ കടക്കാനായില്ലെങ്കിലും, നന്നായി കളിച്ചു എന്നവർക്കാശ്വസിക്കാം, തങ്ങളുടെ പരമാവധി പ്രകടനം പുറത്തെടുക്കാനായെന്നും!
മെക്സിക്കോയാവട്ടെ, ആദ്യമായി രണ്ടാം റൌണ്ട് കാണാതെ പുറത്ത്.
-----------
ആദ്യ പകുതിയിൽ മെസ്സിയുടെ പെനാല്‍റ്റി പോളണ്ട് ഗോൾകീപ്പർ വോയ്സിയെച്ച് സെസ്‌നി കുത്തിയകറ്റിയെങ്കിലും, രണ്ടാം പകുതിയിൽ എണ്ണം പറഞ്ഞ രണ്ടു ഗോളുകളിലൂടെ പോളണ്ടിനെ നിഷ്പ്രഭമാക്കുകയായിരുന്നു അർജന്റീന. കൃത്യമായ ഗെയിം പ്ലാനോട് തുടക്കം മുതൽ മത്സരം നിയന്ത്രിക്കുന്ന അർജൻറീനയെയാണ് പോളണ്ടിനെതിരായ മത്സരത്തിൽ കണ്ടത്. കളിയുടെ 74% സമയവും പന്ത് അർജന്റീനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നറിയുമ്പോൾ ഇന്നലത്തെ കളിയിലെ അവരുടെ ആധിപത്യം വ്യക്തമാകും. നാല്‍പത്തിയാറാം മിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ മെസ്സിയുടെ ശക്തമായ മുന്നേറ്റം കണ്ടു. മെസ്സിയുടെ ഗ്രൗണ്ട് ഷോട്ട് ഗോളി സെസ്‌നി കയ്യിലൊതുക്കി. പത്താം മിനിറ്റിൽ മെസ്സിയുടെ ഷോട്ടിന് വീണ്ടും ഗോളി രക്ഷകനായി.
ജൂലിയന്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകൾ സെസ്‌നി രക്ഷിച്ചു.
പിന്നീടങ്ങോട്ട് തുടരെത്തുടരെ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന മുന്നേറ്റ നിരയുടെ പടയോട്ടമായിരുന്നു. മെസ്സി തന്നെയായിരുന്നു പ്ളേമേക്കർ. ഉജ്ജ്വല ഫോമിലായിരുന്ന പോളണ്ടിന്റെ സൂപ്പർ ഗോൾകീപ്പർ വോയ്സിയെച്ച് സെസ്‌നി മാത്രമായിരുന്നു ഗോളിനും അർജന്റീനയ്ക്കുമിടയിലെ തടസ്സം.
36-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്‌നി ഫൗള്‍ ചെയ്തതിന് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള മെസ്സിയുടെ ഉഗ്രൻ ഷോട്ട്, പോളിഷ് ഗോളി തൻ്റെ ഇടത്തോട്ട് ചാടി അത്ഭുതകരമായി തട്ടിയകറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നാം പകുതിയിലുടനീളം അർജന്റീനയ്ക്ക് സെസ്‌നിയെ മറികടക്കാനുമായില്ല.
പതിന്മടങ്ങ് ആക്രമണ വീര്യവുമായാണ് അർജന്റീന തിരിച്ചെത്തിയത്. രണ്ടാം പകുതി തുടങ്ങി മിനിട്ടുകൾക്കകം അലക്സിസ് അർജന്റീനയുടെ ആദ്യ ഗോൾ നേടി. രാജ്യത്തിന് വേണ്ടി അലക്‌സിസിന്റെ ആദ്യ ഗോൾ. മൊളീനയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ വെച്ച് അലിസ്റ്റര്‍ ഉതിര്‍ത്ത മനോഹരമായ ഷോട്ട് സെസ്‌നിയെ കീഴടക്കിയപ്പോൾ, സ്റ്റേഡിയം കോരിത്തരിച്ചു.
ഗോളടിച്ചിട്ടും പോളണ്ടിൽനിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടായില്ല. കളി അവരുടെ പകുതിയിൽത്തന്നെയായിരുന്നു. പോളണ്ടിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയും കൂട്ടരും അർജന്റീനയുടെ പോസ്റ്റിലേക്ക് മുന്നേറാനാവാതെ വലഞ്ഞു.
അറുപത്തേഴാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് പന്തുമായി പോളിഷ് ബോക്സിൽ കയറി, മനോഹരമായ വലങ്കാലടിയിലൂടെ ഗോൾപോസ്റ്റിന്റെ മേൽക്കൂരയിലേക്ക് അടിച്ചു കയറ്റി. ഗോൾകീപ്പർ വോയ്സിയെച്ച് നിസ്സഹായനായി.
പിന്നെയും പോളിഷ് ഗോൾമുഖത്ത് അർജന്റീന താരങ്ങൾ ഇരച്ചു കയറി. പോസ്റ്റിലേക്ക് ഇരുപതിലേറെ ഷോട്ടുകളാണ് അവരിന്നലെ പായിച്ചത്! അർജന്റീന ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ പോളണ്ടിന് പകരം മെക്സിക്കോ നോക്കൗട്ടിൽ കടക്കുമായിരുന്നു.
തങ്ങളുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച കളിയാണ് ഇന്നലെ അർജൻറീന പുറത്തെടുത്തത് ഓരോ മത്സരം കഴിയുംതോറും കൂടുതൽ മെച്ചപ്പെട്ടു വരുന്ന ടീം ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽഎതിരാളികൾക്ക് കടുത്ത വെല്ലുവിളിയാകും.
974 സ്റ്റേഡിയത്തിന് പുറത്ത്, അർജന്റീനയുടെ ആരാധകർക്ക് ആഘോഷ രാവായിരുന്നു, "ഞങ്ങൾക്ക് കപ്പ് നേടണം!", അവർ പാടി നടന്നു. "ഞങ്ങൾ ലോകകപ്പ് നേടിയപ്പോഴെല്ലാം ഞങ്ങൾ തോൽവിയോടെയാണ് തുടങ്ങിയത്, അതിനാൽ ഇത്തവണയും ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ട്."
Report: MUJEEBULLA K V
Keywords: Article, World, Sports, Report, World Cup, FIFA-World-Cup-2022, FIFA WC 2022: Argentina, Poland through to pre-quarter final.