Victory | ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം; കിരീടമണിഞ്ഞ് ആന്ധ്രക്കാരിയായ കൊനേരു ഹംപി

 
 FIDE World Rapid Championships 2024: Koneru Humpy wins second title; Arjun Erigaisi finishes 5th
 FIDE World Rapid Championships 2024: Koneru Humpy wins second title; Arjun Erigaisi finishes 5th

Photo Credit: X/The Khel India

● ഇന്തൊനീഷ്യന്‍ താരം ഐറിന്‍ സുക്കന്ദറിനെ തോല്‍പ്പിച്ചു.
● 8.5 പോയന്റ് നേടിയാണ് താരം കിരീടം ചൂടിയത്. 
● ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 
● ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരം.

ദില്ലി: (KVARTHA) ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. ശനിയാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. 

കലാശപ്പോരാട്ടത്തില്‍ ഇന്തൊനീഷ്യന്‍ താരം ഐറിന്‍ സുക്കന്ദറിനെ തോല്‍പ്പിച്ചാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയത്. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. 8.5 പോയന്റ് നേടിയാണ് താരം കിരീടം ചൂടിയത്. 

കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ല്‍ മോസ്‌കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ചൈനയുടെ ജൂ വെന്‍ജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.

ലോക ചെസ് രംഗത്ത് ഈ വര്‍ഷം ഇന്ത്യയുടേതാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം. ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്. ഇത്തവണ സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.

കറുത്ത കരുക്കളുമായി തോല്‍വിയോടെ ടൂര്‍ണമെന്റ് ആരംഭിച്ച കൊനേരു, രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്തുകയും, മൂന്നാം ദിനം മുന്നിലെത്തുകയുമായിരുന്നു. രണ്ടാം കിരീട നേട്ടത്തില്‍ ഏറെ സന്തോഷവും ആവേശവുമുണ്ടെന്ന് കൊനേരു പ്രതികരിച്ചു. അമ്മയായ ഒരു ഇന്ത്യന്‍ വനിതയെ സംബന്ധിച്ച് ഒരു പ്രൊഫഷണലാകുക അത്ര എളുപ്പമല്ലെന്നും, തന്നെ പിന്തുണച്ച മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും നന്ദി അറിയിക്കുന്നുവെന്നും മത്സര ശേഷം കൊനേരു പറഞ്ഞു. 'ഭര്‍ത്താവ് എനിക്ക് പൂര്‍ണ പിന്തുണ നല്‍കി. ഞാന്‍ യാത്ര ചെയ്യുമ്പോഴൊക്കെ എന്റെ മാതാപിതാക്കള്‍ എന്റെ മകളെ പരിപാലിച്ചു. അതൊക്കെയാണ് എന്നെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്,' കൊനേരു പറഞ്ഞു.

അതേസമയം, പുരുഷ വിഭാഗത്തില്‍ റഷ്യയുടെ 18-കാരന്‍ താരം വൊലോദര്‍ മുര്‍സിനാണ് ജേതാവ്. 17ാം വയസ്സില്‍ കിരീടം ചൂടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം നോദിര്‍ബെക് അബ്ദുസത്തോറോവിനുശേഷം ഓപ്പണ്‍ വിഭാഗത്തില്‍ വേള്‍ഡ് റാപ്പിഡ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി മുര്‍സിന്‍ മാറി. ഓപ്പണ്‍ സെക്ഷനില്‍, ഫാബിയാനോ കരുവാന, ഹികാരു നകമുറ, ജാന്‍-ക്രിസ്റ്റോഫ് ദുഡ, ആര്‍ പ്രഗ്‌നാനന്ദ എന്നിവരെ പരാജയപ്പെടുത്തിയാണ് മുര്‍സിന്‍ അതിശയകരമായ കിരീടം നേടിയത്. 

ഇന്ത്യയുടെ അര്‍ജുന്‍ എറിഗെയ്സി മുര്‍സിന് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാല് റൗണ്ടുകള്‍ കളിച്ച 3-ാം ദിവസത്തിന്റെ തുടക്കത്തില്‍ ഇവന്റിന് നേതൃത്വം നല്‍കിയ ഒരു കൂട്ടം കളിക്കാരുടെ ഭാഗമായിരുന്നു എറിഗൈസി. 

#chess #KoneruHumpy #WorldRapidChessChampionship #India #champion #sports #womeninsports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia