വാഴ്സോ: യൂറോകപ്പ് ഗ്രൂപ്പ് എയിലെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ കരുത്തരായ റഷ്യയെ പോളണ്ട് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ക്ക് ഒടുവിലാണ് ആതിഥേയ ടീമുകളില്‍ ഒന്നായ പോളണ്ട്, റഷ്യയെ പിടിച്ചുകെട്ടിയത്. വിസ്റ്റുല നദി കടന്നെത്തിയ പതിനായിരക്കണക്കിന് ആരാധകരെ ഞെട്ടിച്ച് റഷ്യയെ പോളണ്ട് സമനിലയില്‍ പിടിച്ചുകെട്ടി.
പോളണ്ടിനെതിരെ കളത്തിലിറങ്ങുമ്പോള്‍ റഷ്യ ഒരിക്കലും വിചാരിച്ചിരിക്കില്ല ഇങ്ങനെയൊരു അന്ത്യം. ഈ യൂറോകപ്പില്‍ പോളണ്ടിനെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പാണ് ഗ്രൂപ്പ് തലത്തിലെ രണ്ടാം റൌണ്ട് തുടങ്ങുമ്പോള്‍ നല്‍കുന്നത്. കരുത്തന്മാരെ വിറപ്പിച്ചാണ് തുടക്കം. ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍ ടീമായ ഗ്രീസും ഇപ്പോഴിതാ കരുത്തരായ റഷ്യയും. റഷ്യയ്ക്കെതിരെ തുടക്കം മുതല്‍ തന്നെ ആവേശത്തോടെയായിരുന്നു മുന്നേറ്റം. ക്വാര്‍ട്ടര്‍ ഉറപ്പിയ്ക്കാന്‍ വിജയത്തിനായി തന്നെയായിരുന്നു റഷ്യന്‍ ടീമിന്റെ വരവ്. പക്ഷെ എല്ലാ പ്രതീക്ഷയും തല്ലിതകര്‍ക്കുന്നതായിരുന്നു പോളണ്ടിന്റെ പ്രകടനം.
കളിയുടെ തുടക്കം മുതല്‍ തന്നെ പോളണ്ടിന്റെ മേല്‍ക്കൈയായിരുന്നു കളിയില്‍ കണ്ടത്. മനോഹരമായ നീക്കങ്ങളിലൂടെ പലതവണ റഷ്യയെ വിറപ്പിച്ചു പോളിഷ് താരങ്ങള്‍. അതിനിടെ 18ം മിനിറ്റില്‍ പൊളന്‍സ്കിയുടെ മികച്ചൊരു മുന്നേറ്റം റഷ്യയുടെ വലകുലുക്കി. പക്ഷെ ഓഫ് സൈഡ് പിഴവ് മൂലം റഫറി ഗോള്‍ അനുവദിച്ചില്ല.
പക്ഷെ ചെക്കിനെതിരായ കളിയിലെ സൂപ്പര്‍ ഹീറോ അലന്‍ സഗോയേവ് പോളണ്ടിനെതിരെയും മികച്ച ഫോമില്‍ തന്നെയായിരുന്നു. 38ം മിനിറ്റില്‍ സഗോയേവ് റഷ്യയെ മുന്നിലെത്തിച്ചു. ആന്ദ്രെ അര്‍ഷാവിന്റെ ഫ്രീക്കില്‍ നിന്നും സഗോയേവിന്റെ വക തകര്‍പ്പന്‍ ഹെഡ്ഡര്‍ പോളണ്ടിന്റെ വലകുലുക്കി. രണ്ടാം പകുതിയും അത്യാവേശകരമായിരുന്നു. ഇഞ്ചോടിഞ്ച് പൊരുതി പോളണ്ടും റഷ്യയും. പക്ഷെ 58ം മിനിറ്റില്‍ പോളിഷ് ആരാധകര്‍ ആര്‍ത്തുവിളിച്ചു. ക്യാപ്റ്റന്‍ യാക്കൂബിന്റെ ബുള്ളറ്റ് ഷോട്ട് റഷ്യയെ ഞെട്ടിച്ചു. സമനില ഗോള്‍ വീണതോടെ പോളണ്ട് ഒന്നടങ്കം ആക്രമണം ഏറ്റെടുത്ത് മുന്നേറി. പക്ഷെ കളികൈവിടാതിരിക്കാന്‍ റഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ മല്‍സരം സമനിലയിലേക്ക്. ആവേശം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചാണ് പോരാട്ടം അവസാനിച്ചത്.
English Summery
Warsaw: Jakub Blaszczykowski`s spectacular strike helped Poland secure a 1-1 draw against Russia in a Group A clash on Tuesday, which leaves all four teams with a chance of qualifying for the quarter-finals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.