World Cup | കാനറികളുടെ കണ്ണീരടങ്ങുന്നില്ല ബ്രസീലിന് പിഴച്ചതെവിടെ?
Dec 10, 2022, 07:35 IST
-മുജീബുല്ല കെ വി
(www.kvartha.com) ഡൊമിനിക് ലിക്കോവിച്ചെന്ന ഉജ്ജ്വല ഗോള്‍കീപ്പറുടെ പ്രകടനത്തിന്റെ ചിറകിലേറി ബ്രസീലിന്റെ കപ്പ് മോഹങ്ങള്‍ തകര്‍ത്ത് ക്രൊയേഷ്യ തുടര്‍ച്ചയായി രണ്ടാം തവണയും സെമിയിലേക്ക്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ 1 - 1 ന് സമനിലയിലായപ്പോള്‍ ബ്രസീലിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ വിജയിച്ചത്. 4 - 2.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മുഴുവന്‍ സമയത്ത് ഗോളടിച്ച് ജയിക്കാനാവാത്തതിന് ബ്രസീല്‍ കനത്ത വിലകൊടുക്കേണ്ടി വന്നു.
ഡൊമിനിക് ലിവാകോവിച്ച് എന്ന ഭേദിക്കാനാവാത്ത മതിലിനെ മുന്‍നിര്‍ത്തി മത്സരം എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീട്ടിക്കൊണ്ടു പോവുകയായിരുന്നു ക്രൊയേഷ്യന്‍ തന്ത്രം. എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ ഉജ്ജ്വല ഗോള്‍ ക്രൊയേഷ്യയുടെ പ്രതിരോധ തന്ത്രം തകര്‍ത്ത് ബ്രസീലിനെ സെമിയിലെത്തിച്ചുവെന്ന് തന്നെ തോന്നി.
അപ്പോഴാണ്, തീര്‍ത്തും കളിയുടെ ഗതിക്കെതിരായി പെറ്റ്കോവിച്ചിന്റെ ആ ഗംഭീര സമനില ഗോള്‍! അലിസ്സനെ കീഴടക്കി ബ്രസീല്‍ വലയില്‍ പന്ത് പതിച്ചപ്പോള്‍ പെറ്റ്കോവിച്ച് കുപ്പായമൂരി ആഘോഷിച്ചത്, തങ്ങളുടെ വിജയ ഗോളാണതെന്ന് മനസ്സിലാക്കി തന്നെയാണ്. തങ്ങളുടെ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിലും പെനാല്‍റ്റി ഷൂട്ടൗട്ടിലും അത്രയ്ക്കുണ്ട് അവര്‍ക്ക് വിശ്വാസം! ഇതിനു മുമ്പ് ലോകകപ്പിലെ തങ്ങളുടെ അഞ്ച് ഷൂട്ടൗട്ടുകളില്‍ മൂന്നിലും ക്രൊയേഷ്യയ്ക്കായിരുന്നു വിജയം.
ഗോള്‍ ലീഡില്‍ തൂങ്ങി ഒരു പതിനഞ്ച് മിനിറ്റ് പ്രതിരോധം ശക്തിപ്പെടുത്തി പ്രതിരോധിക്കുന്നതിനു പകരം, ഗോളിയൊഴികെയുള്ള പത്തുപേരും ആക്രമണം തുടര്‍ന്നതാണ് ബ്രസീലിന് വിനയായത്. പുകള്‍പെറ്റ ബ്രസീല്‍ ഡിഫെന്‍സ് പൊസിഷനിലുണ്ടായിരുന്നെങ്കില്‍ അത് ഗോളാവില്ലായിരുന്നു..
ലോകകപ്പിലെ ആദ്യ സെമിഫൈനലിസ്റ്റുകളെ തേടിയുള്ള മത്സരത്തിന് ഖത്തറിലെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ ഇരു ടീമുകളും ശ്രദ്ധയോടെയാണ് തുടങ്ങിയത്. കഴിഞ്ഞ എട്ടു ലോകക്കപ്പുകളിലും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ബ്രസീല്‍, കപ്പിലേക്കുള്ള മൂന്നു മത്സരം ദൂരത്തില്‍ എതിരിടുന്നത്, നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയെ.
ആദ്യ നിമിഷങ്ങളില്‍ മത്സരം മധ്യനിരയിലൊതുങ്ങി. അഞ്ചാം മിനിറ്റിലാണ് പോസ്റ്റിലേക്കുള്ള ആദ്യ ഷോട്ട് പായുന്നത്. ബ്രസീലിന്റെ വിന്‍സെന്റ് ജൂനിയറിന്റെ ഷോട്ട് നേരെ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിക്കോവിച്ചിന്റെ കൈകളിലേക്ക്.
ക്രമേണ മത്സരത്തിന്റെ നിയന്ത്രണം ബ്രസീലിന്റെ കയ്യിലായെങ്കിലും, ഉറച്ച ക്രൊയേഷ്യന്‍ പ്രതിരോധത്തിനുമുന്നില്‍ ആദ്യപകുതി ഫോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ബ്രസീല്‍ ഗോള്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ക്രൊയേഷ്യയുടെ പ്രതിരോധം ഉറച്ചുനിന്ന് പ്രതിരോധിക്കുന്നതാണ് കണ്ടത്.
രണ്ടാം പകുതിയില്‍, ആക്രമിച്ചു കളിക്കുന്ന ബ്രസീലിനെയാണ് കണ്ടത്. 47, 54 മിനിറ്റുകളിബ്രസീല്‍ ഫോര്‍വേഡുകളുടെ ആക്രമണം ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ നിഷ്ഫലമാക്കി.
പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവകോവിച്ച് മത്സരത്തിലുടനീളം ഉജ്ജ്വല ഫോമിലായിരുന്നു. വര്‍ധിത വീര്യത്തോടെ രണ്ടാം പകുതിയിലെ ബ്രസീല്‍ അക്രമണങ്ങളെല്ലാം ലിവാക്കോവിച്ച് മതിലില്‍ തട്ടി തകര്‍ന്നു. ഇരു വിങ്ങുകളിലൂടെയും വിനീഷ്യസ് ജൂനിയറും റാഫിഞ്ഞയും നെയ്മറും ആക്രമിച്ചു മുന്നേറി കളിച്ചെങ്കിലും, ഏതു നിമിഷവും ഗോള്‍ വീഴാമെന്ന രീതിയിലുള്ള ആക്രമണങ്ങള്‍ ശക്തമായ ക്രൊയേഷ്യന്‍ പ്രതിരോധത്തിലും ഗോള്‍കീപ്പര്‍ ലിവാക്കോവിച്ചിലും തട്ടി അവസാനിച്ചു.
മത്സരം അധിക സമയവും ക്രൊയേഷ്യന്‍ ഹാഫില്‍ തന്നെയായിരുന്നു. 65-ആം മിനിറ്റില്‍ വീണ്ടും ലിവാക്കോവിച്ച് സേവ്. പാക്വെറ്റയുടെ ഷോട്ട് ലിവാക്കോവിച്ച് രക്ഷപ്പെടുത്തി.
77-ആം മിനിട്ടില്‍ റിച്ചാര്‍ലിസണ്‍ ഇടതുവശത്തുകൂടി മുന്നേറിയെടുത്ത ഷോട്ട്, വീണ്ടും ലിവകോവിച്ചിന്.
80-ആം മിനിറ്റില്‍ ബ്രസീലിന്റെ ഉജ്ജ്വല ഗണ്‍ ഷോട്ട് നേരെ ലിവാക്കോവിച്ചിന്റെ കൈയിലേക്ക്. പോസ്റ്റിന്റെ എല്ലാ ഭാഗത്തും മൂപ്പരുണ്ട്! ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ നിരന്തരം വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ട് ബ്രസീല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു, ലിവാകോവിച്ച് ക്രൊയേഷ്യയെ രക്ഷപ്പെടുത്തിക്കൊണ്ടും!
മറുഭാഗത്ത് ഒറ്റപ്പെട്ട ക്രൊയേഷ്യന്‍ കൗണ്ടര്‍ അറ്റാക്കുകളും ശക്തമായിരുന്നു.
രണ്ടാം പകുതി തീര്‍ത്തും ബ്രസീല്‍ നിയന്ത്രണത്തില്‍. ഒരു ഗോള്‍ മാത്രം സംഭവിച്ചില്ല.
എക്‌സ്ട്രാ ടൈമില്‍, ഗോളിയൊഴികെയുള്ള മുഴുവന്‍ ബ്രസീല്‍ കളിക്കാരും ക്രോയേഷ്യന്‍ ഹാഫില്‍
എക്‌സ്ട്രാ ടൈമിന്റെ 105-ആം മിനിറ്റില്‍ ബ്രസീല്‍ കാത്തിരുന്ന ഗോള്‍ എത്തി. അതൊരു രാജകീയ ഗോള്‍ തന്നെയായിരുന്നു, നെയ്മര്‍ മാജിക്ക്. വണ്ടര്‍ ഗോള്‍!
ബോക്‌സിനകത്ത് പാക്വെറ്റയില്‍നിന്ന് സ്വീകരിച്ച പന്തുമായെത്തിയ നെയ്മര്‍ എതിര്‍ ഡിഫന്‍ഡര്‍മാരെയും പിന്നെ ഗോളിയെയും വെട്ടിച്ച് കടന്ന് പോസ്റ്റിന്റെ വലതു വശത്തുനിന്ന് പോസ്റ്റിലേക്കൊരു അസാധ്യ ഷോട്ട്!
ഈ ഗോളോടെ ലോകക്കപ്പ് ഗോള്‍ നേട്ടത്തിന്റെ കാര്യത്തില്‍ പെലെയ്ക്കൊപ്പമെത്തി നെയ്മര്‍.
കളി അവസാനിക്കാനിരിക്കെ, 118 ആം മിനിറ്റില്‍ ക്രൊയേഷ്യന്‍ കൌണ്ടര്‍ അറ്റാക്ക്. പെറ്റ്‌കോവിച്ചിന്റെ ഉജ്ജ്വല ഫീല്‍ഡ് ഗോളില്‍ ക്രൊയേഷ്യക്ക് സമനില! ബ്രസീലിയന്‍ സ്വപ്നങ്ങള്‍ തകിടം മറിച്ച ഗോള്‍. കിട്ടിയ ഒരേയൊരവസരം ക്രൊയേഷ്യ സ്‌കോര്‍ ചെയ്തു!
121-ആം മിനിറ്റില്‍ അസാധ്യ മന്‌സാസ്സാന്നിധ്യത്തോടെ ബ്രസീലിന്റെ അവസാന ശ്രമവും ലിവകോവിച്ച് തകര്‍ത്തു.
അനിവാര്യമായ പെനല്‍റ്റി ഷൂട്ടൗട്ടില്‍, ബ്രസീലിന്റെ റോഡ്രിഗോയുടെ ആദ്യ ഷോട്ട് തന്നെ ലിവാക്കോവിച്ച് തട്ടിയകറ്റിയപ്പോള്‍ ബ്രസീലിന്റെ വിധി നിര്ണയിക്കപ്പെട്ടിരുന്നു. നാലു കിക്കുകളും ക്രൊയേഷ്യ സ്‌കോര്‍ ചെയ്തു. മാര്‍ക്വിനോസ് കിക്ക് പാഴാക്കുക കൂടി ചെയ്തതോടെ, ബ്രസീലിനെ തകര്‍ത്ത് ക്രൊയേഷ്യ സെമിയില്‍!
Keywords: Article, Sports, World, World Cup,FIFA-World-Cup-2022, Report, Croatia beats World Cup favorite Brazil in dramatic penalty shootout.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.