Calicut University | കാലികറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരങ്ങള്‍ ഇത്തവണ 321 പേര്‍ക്ക്
കോഴിക്കോട്: (www.kvartha.com) കായിക പുരസ്‌കാരങ്ങള്‍ ഇത്തവണ 321 പേര്‍ക്ക് നല്‍കാനൊരുങ്ങി കാലികറ്റ് സര്‍വകലാശാല. ഇത്രയധികം പേര്‍ക്ക് കായിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍വകലാശാലാ ചരിത്രത്തില്‍ ഇതാദ്യമായാണ്. നവംബര്‍ 21-ന് കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കോണ്‍വൊക്കേഷനില്‍ 40 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്യും.
കഴിഞ്ഞ വര്‍ഷം അഖിലേന്‍ഡ്യാ അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്ക് 10000, 9000, 5000 രൂപ വീതം നല്‍കും. കൂടാതെ ഇന്‍സന്റീവ് സ്‌കോളര്‍ഷിപുകളും സ്പോര്‍ട്സ് കിറ്റും വിതരണം ചെയ്യും. മികച്ച പ്രകടനം കാഴ്ചവച്ച കോളജുകള്‍ക്ക് 75000, 50000, 25000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
കഴിഞ്ഞ വര്‍ഷം ഒമ്പത് ഇനങ്ങളില്‍ അഖിലേന്‍ഡ്യാ ചാംപ്യന്‍മാരും എട്ട് ഇനങ്ങളില്‍ റണ്ണറപും എട്ട് ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടി ചരിത്രനേട്ടമാണ് സര്‍വകലാശാല കൈവരിച്ചത്. വിജയത്തിന് നേതൃത്വം നല്‍കിയ പരിശീലകര്‍ക്ക് കാശ് അവാര്‍ഡുകളും ടീം മാനേജര്‍മാര്‍ക്ക് സ്പോര്‍ട്സ് കിറ്റുകളും നല്‍കും. ചടങ്ങില്‍ കായിക വകുപ്പു മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ മുഖ്യാതിഥിയാകും. രാജ്യസഭാ അംഗം പി ടി ഉഷയെ ചടങ്ങില്‍ ആദരിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് അധ്യക്ഷത വഹിക്കും. കായിക രംഗത്തെ പ്രമുഖരും സിന്‍ഡിറ്റ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിക്കും.
Keywords: Business, News, Kerala, Calicut University, Sports, Calicut University sports awards for 321 people; 40 lakh awards will be distributed.