Group Champions | ബെല്‍ജിയം പുറത്ത്! മൊറോകോ ഗ്രൂപ്പ് ചാമ്പ്യന്‍സ്; രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും
(www.kvartha.com) ഗ്രൂപ്പ് 'എഫ്'ലെ അത്യാവേശകരമായ മത്സരത്തില്‍ ബെല്‍ജിയവും ക്രൊയേഷ്യയും ഗോള്‍ രഹിത സമനിലയില്‍ സമനിലയില്‍ പിരിയുകയും, മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിക്കുകയും ചെയ്തതോടെ ബെല്‍ജിയം ഖത്തര്‍ ലോകകപ്പില്‍നിന്ന് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. നിലവിലെ മൂന്നാം സ്ഥാനക്കാരും ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷയുമായിരുന്ന ബെല്‍ജിയത്തിന് രണ്ടാം മത്സരത്തില്‍ മൊറോക്കോയില്‍നിന്നേറ്റ പരാജയമാണ് വിനയായത്. ഏഴ് പോയിന്റോടെ മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍, അഞ്ചു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും നോക്ക്ഔട്ട് റൗണ്ടിലേക്ക് കടന്നു.
അല്‍ റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ക്രൊയേഷ്യയും ബെല്‍ജിയവും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വിജയം വേണ്ടിയിരുന്ന ബെല്‍ജിയവും ഒപ്പം ക്രൊയേഷ്യയും വിജയം ലക്ഷ്യമാക്കി കളിച്ചതോടെ കളി ആവേശകരമായി. ഉദ്വേഗജനകമായ നീക്കങ്ങളോടെ ഇരുഭാഗത്തും ഒട്ടേറെ ഗോളവസരങ്ങള്‍ പിറന്നുവെങ്കിലും, തൊണ്ണൂറ് മിനിറ്റും പന്ത് ഗോള്‍ ലൈന്‍ കടന്നില്ല.
ബെല്‍ജിയത്തിന് മത്സരം കയ്യിലൊതുക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ സുവര്‍ണ്ണ താരം ലുക്കാക്കുവിന് കണ്ണീരോടെ കളം വിടാനായിരുന്നു വിധി. ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഫോര്‍വേഡിന് നിര്‍ഭാഗ്യത്തിന്റെ ദിവസമായിരുന്നു ഇന്ന്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് പാഴായിപ്പോയത്. ഇതില്‍ കളിതീരാനിരിക്കെ ലഭിച്ച സുവര്‍ണ്ണാവസരവും പെടും. പോസ്റ്റിന്റെ വലതു മൂലയില്‍ ഗോളിയെക്കടന്ന് ലുക്കാക്കുവിന് ലഭിച്ച പാസ് നെഞ്ചില്‍ തടുത്ത് നിയന്ത്രണത്തിലാക്കുമ്പോഴേക്കും പന്ത് മുന്നോട്ട് നീങ്ങി ഗോളി ഡൊമിനിക് ലിവകോവിച്ചിന്റെ കയ്യില്‍ കിട്ടി. നേരത്തെ ലുക്കാക്കോയുടെ ശക്തമായ ഹെഡ്ഡര്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നുപോയിരുന്നു.
അതേസമയം അല്‍ തുമാമ സ്റ്റേഡിയത്തില്‍ കിക്കോഫിന് വിസില്‍ മുഴങ്ങുമ്പോള്‍, മൊറോക്കോ തങ്ങളുടെ ചരിത്രത്തില്‍ രണ്ടാം തവണ ലോകകപ്പിന്റെ നോക്കൗട്ടില്‍ എത്താനുറച്ചാണ് ഇറങ്ങിയത്. രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി, പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഒരു സമനില ദൂരം മാത്രം. നേരത്തെ പുറത്തായ കാനഡ പോയിന്റൊന്നുമില്ലാതെ നാണംകെട്ട് പുറത്തു പോവുന്നത് ഒഴിവാക്കാന്‍ പൊരുതാനൊരുങ്ങിത്തന്നെ ഇറങ്ങി. മികച്ച ഒരു മത്സരത്തിന് കളമൊരുങ്ങി.
കളി ചൂടുപിടിക്കും മുമ്പേ മൊറോക്കോ ഗോള്‍ നേടുന്നതാണ് കണ്ടത്. കനേഡിയന്‍ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ജന്റെ ഗുരുതരമായ ഒരു അബദ്ധത്തില്‍ നിന്ന് മൊറോക്കോ ഫോര്‍വേഡ് ഹക്കീം സിയെഷ് ഗോള്‍ നേടുകയായിരുന്നു. പിന്നാലെ വന്ന എതിര്‍ കളിക്കാരനില്‍ നിന്ന് പന്ത് രക്ഷപ്പെടുത്താനായി മിലന്‍ ബോര്‍ജന്‍ പന്തടിച്ചത്, ഒറ്റപ്പെട്ട് നില്‍ക്കുന്ന സിയേഷിന് നേരെ. ഹക്കീം സിയേഷ് തുറന്ന ഗോള്‍ പോസ്റ്റിലേക്ക് പന്ത് നീട്ടിയടിച്ചു. ഗോള്‍! സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്ന മൊറോക്കന്‍ കാണികളുടെ ആരവങ്ങളാല്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.
ഫ്രാന്‍സിനെതിരെ ട്യുണീഷ്യ ചെയ്ത പോലെ, തുടക്കത്തില്‍ നിരന്തരം കനേഡിയന്‍ ഗോള്‍മുഖത്ത് മൊറോക്കോ മുന്നേറിക്കൊണ്ടിരുന്നു. ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് മൊറോക്കോ വീണ്ടും കാനഡയുടെ വലയില്‍ നിറയൊഴിച്ചു. മൊറോക്കോ ഹാഫില്‍ നിന്ന് കിട്ടിയ നീണ്ട പാസുമായി കുതിച്ച യൂസുഫ് അന്നസീരിയാണ് കളിയുടെ 23 ആം മിനിറ്റില്‍ ഗോള്‍ നേടിയത്.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ പ്രതിരോധ നിരക്കാരന്‍ നായിഫിന്റെ സെല്‍ഫ് ഗേള്‍ ഇടവേളയ്ക്ക് സ്‌ക്കോര്‍ 2-1 ആക്കി. ഒരു കനേഡിയന്‍ മുന്നേറ്റത്തിനൊടുവില്‍ ഗ്രൗണ്ടിന്റെ ഇടതു മൂലയില്‍ നിന്ന് കനേഡിയന്‍ ഫോര്‍വേഡ് തൊടുത്തുവിട്ട ഷോട്ട് നായിഫിന്റെ കാലില്‍ തട്ടി ഗോളിയിലേക്ക് എത്തും മുമ്പേ പോസ്റ്റില്‍ കയറുകയായിരുന്നു ഗോള്‍കീപ്പര്‍ ബോണോ ശ്രമിച്ചെങ്കിലും ഗോള്‍ തടുക്കാനായില്ല. തൊട്ടുടനെ മൊറോക്കോ ഒരിക്കല്‍ക്കൂടി കനേഡിയന്‍ വല ചലിപ്പിച്ചെങ്കിലും, ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു.
രണ്ടാം പകുതിയിലുടനീളം സമനില ഗോള്‍ നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന കാനഡയെയാണ് കണ്ടത് 10 കളിക്കാരും ആക്രമിച്ചു കളിച്ചു. അവസാന നിമിഷങ്ങളില്‍ ഗോള്‍ കീപ്പറും മുന്നോട്ടുവന്നു ആക്രമണത്തില്‍ പങ്കെടുത്തു! സമനില ഗോള്‍ മാത്രം കണ്ടെത്താനായില്ല.
ആഹ്ലാദ നൃത്തം ചവിട്ടുന്ന മൊറോക്കന്‍ കാണികള്‍ വിജയാരവം മുഴക്കിക്കൊണ്ടിരിക്കെ ലോങ്ങ് വിസില്‍ മുഴങ്ങി.
Report: MUJEEBULLA KV
Keywords: Article, World, Sports, FIFA-World-Cup-2022, World Cup, Belgium crashed out as Croatia, Morocco progress to Round of 16.