മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് ബയേണ്‍ മ്യൂണിക്ക് വിജയം സ്വന്തമാക്കി. തങ്ങളുടെ ഹോം ഗ്രൗണ്ടായ അലിയാന്‍സ് അരീനയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിനെ കീഴടക്കിയത്.
യൂറോപ്പിലെ രണ്ടു അതികായന്‍മാര്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണിന്റെ വിജയം ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. പതിനേഴാം മിനിറ്റില്‍ ബയേണിന്റെ ഫ്രാങ്ക് റിബറി റയലിന്റെ ഗോള്‍ വല കുലുക്കി. ആദ്യ പകുതിയില്‍ ബയേണ്‍ ആധിപത്യം നേടിയെങ്കിലും രണ്ടാം പകുതിയില്‍ മെസട്ട് ഓസിലിലൂടെ റയല്‍ ഗോള്‍ മടക്കി പ്രതിരോധം തീര്‍ത്തു. ഇതോടെ ഇരു ടീമുകളും സമ്മര്‍ദ്ദത്തിലായി. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുവര്‍ക്കും തൃപ്തികരമല്ലായിരുന്നു. ഇതോടെ പോരാട്ടം മുറുകി. ഇതു പലപ്പോഴും ആക്രമണ സ്വഭാവത്തിലേയ്ക്കും എത്തി.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ബയേണിനു ദൈവദൂതനേപ്പോലെ മിന്നുംതാരം മരിയോ ഗോമസ്(89) റയലിന്റെ ഗോള്‍ വലയിലേയ്ക്കു നിറയൊഴിച്ചു. ഒരു നിമിഷം നിശബ്ദമായ ഗാലറിയില്‍ നിന്നു ബയേണ്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു. പിന്നീട് എങ്ങനെയും സമനില പിടിക്കുക മാത്രമായിരുന്നു റയലിന്റെ മുന്നിലെ ലക്ഷ്യം. എന്നാല്‍ റയലിന്റെ ഗോളടി വീരന്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ തന്ത്രങ്ങള്‍ മൈതാനത്തു പിഴച്ചു. വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങി. ഇതോടെ ബയേണ്‍ താരങ്ങള്‍ വിജയാഹ്ളാദത്തിന്റെ കൊടുമുടിയിലേക്ക് ചുവടുവച്ചു.
English Summery
Bayern Munich is on course to reach next month's Champions League final at its Allianz Arena home after Mario Gomez hit a late winner to earn a 2-1 victory over Real Madrid in the semi-final first leg.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.