ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com) തുടര്‍ച്ചയായ 36 വിജയങ്ങളുടെ റെക്കോഡുമായി ഖത്തറിലെത്തി, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ദുര്‍ബ്ബലരായ സൗദിയില്‍നിന്നേറ്റ അപ്രതീക്ഷിത ആഘാതത്തിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം ലക്ഷ്യമാക്കിയാണ്, ടീമില്‍ അഞ്ച് അഴിച്ചുപണികളുമായി അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തിന് കളത്തിലിറങ്ങിയത്.

ഇരുവരും പരസ്പരം നന്നായറിയുന്ന എതിരാളികള്‍. എങ്കിലും ആദ്യ പകുതിയില്‍ കളിയില്‍ മേധാവിത്വം അര്‍ജന്റീനയ്ക്കായിരുന്നു. ബോള്‍ പൊസഷനിലും പാസിങ്ങിലുമൊക്കെ ഏറെ മുന്നില്‍. ഗോള്‍പോസ്റ്റിലേക്കുള്ള ആക്രമണത്തിന്റെ കാര്യത്തില്‍ പക്ഷെ, മെക്‌സിക്കോയും ഒട്ടും പിന്നിലായിരുന്നില്ല.
രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമിച്ചു കളിച്ചു. അമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടു പുറത്തുനിന്ന് മെസ്സിയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീ കിക്ക് മെസ്സി തന്നെ എടുത്തത് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നുപോയി. 55-ആം മിനിറ്റില്‍ ഡിമരിയ വലതു വിങ്ങിലൂടെ മുന്നേറി നല്‍കിയ ക്രോസ്സ് ഫിനിഷ് ചെയ്യാന്‍ ആരുമുണ്ടായില്ല. തുടര്‍ന്നും നിരന്തരമായ ആക്രമണങ്ങള്‍. എല്ലാ മുന്നേറ്റങ്ങളുടേയും ചുക്കാന്‍, കളം നിറഞ്ഞു കളിച്ച മെസ്സി തന്നെയായിരുന്നു.
64-ആം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ആ ഗോള്‍ പിറന്നു. പെനാല്‍റ്റി ബോക്‌സിന് വാരകള്‍ക്ക് പുറത്തു നിന്ന് മെസ്സി തൊടുത്തുവിട്ട തകര്‍പ്പന്‍ ഇടങ്കാലനടി മെക്‌സിക്കോ ഗോളിക്ക് ഒരവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടതു മൂലയില്‍ തുളച്ചു കയറി. ഇതോടെ മെസ്സി ലോകക്കപ്പ് ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസതാരം മറഡോണയ്ക്കൊപ്പമെത്തി. എട്ടു ഗോള്‍ വീതം.
പിന്നീടങ്ങോട്ട് കളം നിറഞ്ഞ് കളിക്കുന്ന അര്‍ജന്റീനയെയാണ് കണ്ടത്. ഏതു സമയത്തും ഗോള്‍ വീണേക്കാമെന്ന പ്രതീതിയുയര്‍ത്തി, മെക്‌സിക്കന്‍ പോസ്റ്റിലേക്ക് നിരന്തരമായ ആക്രമണങ്ങള്‍. മെക്‌സിക്കോയാവട്ടെ, കളി കൂടുതല്‍ പരുക്കനാക്കാനായി ശ്രമം. പലരും മഞ്ഞക്കാര്‍ഡ് കണ്ടു.
അര്‍ജന്റീനന്‍ മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ ഫലമുണ്ടായി. 88-ആം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്ന് ഊക്കന്‍ വലങ്കാലനടിയിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മെക്‌സിക്കന്‍ വലകുലുക്കിയപ്പോള്‍, ഗോള്‍ കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല!
സൗദിയുമായുള്ള മത്സരം ഒരു പേക്കിനാവാക്കി അര്‍ജന്റീനയുടെ ഉജ്ജ്വല തിരിച്ചുവരവ്! പോളണ്ടുമായുള്ള തകര്‍പ്പന്‍ പോരാട്ടത്തിനായി കാത്തിരിക്കാം!
നാല് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ അവസരവുമായി ഗ്രൂപ്പ് സി ഇപ്പോഴും തുറന്നു കിടപ്പാണ്.
Report: മുജീബുല്ല കെ വി
Keywords: World, World Cup, FIFA-World-Cup-2022, Sports, Article, Argentina back on track.