Hug | സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ദിവ്യ എസ് അയ്യര്‍ കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം; ഊഷ്മളമായ സ്നേഹത്തിന് നിറഞ്ഞ കയ്യടികള്‍

 
Divya S Iyer heartwarming hug former Minister K Radhakrishnan pic goes viral, Viral, Social Media, Divya S Iyer, Heartwarming, Hug
Divya S Iyer heartwarming hug former Minister K Radhakrishnan pic goes viral, Viral, Social Media, Divya S Iyer, Heartwarming, Hug


വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

ചിത്രം വൈറലായതിന് പിന്നാലെ പ്രതികരണവുമായി ദിവ്യ എസ് അയ്യര്‍.

ചിത്രം പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. 

തിരുവനന്തപുരം: (KVARTHA) ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്ര അയക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്. മുന്‍മന്ത്രിയായ കെ രാധാകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ദിവ്യ എസ് അയ്യര്‍ പുറത്തുവിട്ടത്.

കൂടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്. ഇതില്‍ ദിവ്യ എസ് അയ്യര്‍ കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കംപനി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ മന്ത്രിയെ പച്ചയായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം പങ്കുവച്ച ഈ ചിത്രത്തിന് പതിനായിരത്തില്‍ അധികം ലൈകുകളാണ് ലഭിച്ചത്. പിന്നാലെ ഇത് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

'കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സര്‍... എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍'- എന്നായിരുന്നു ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. 

ഇതിനൊപ്പം കെ രാധാകൃഷ്ണനൊപ്പമെടുത്ത പുതിയ ചിത്രവും നേരത്തെ കളക്ടറായിരിക്കെ മന്ത്രി തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ പകര്‍ത്തിയ ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിരുന്നു. ഇതില്‍ ദിവ്യ എസ് അയ്യര്‍ മന്ത്രിയെ ആശ്ലേഷിക്കുന്ന ചിത്രത്തിനാണ് വന്‍ സ്വീകാര്യത ലഭിച്ചത്. നിരവധിപേര്‍ ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രം വൈറലായതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ പ്രതികരണവുമായി രംഗത്തെത്തി. 'ആ ചിത്രം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വിളിച്ച് പറയാന്‍ വേണ്ടിയുള്ളതാണ്. ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്' എന്നായിരുന്നു പ്രതികരിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പദവി ഒഴിയേണ്ടിവന്നപ്പോള്‍ നല്‍കിയ യാത്ര അയപ്പിനിടെ എടുത്ത ചിത്രമാണ് ദിവ്യ പങ്കുവച്ചത്. ഭര്‍ത്താവ് കെ എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.

പിന്നാലെ ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥനും ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു.

'ശ്രീ കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരു ഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്.

സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്.

ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ!'- ശബരീനാഥന്‍ ഫേസ്ബുകില്‍ കുറിച്ചു.

 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia