Controversy | പ്രതിഫലം ചോദിച്ചത് കുറ്റമാണോ? കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ഫ്യൂഡല്‍ മാടമ്പിമാരായി ചമയുമ്പോള്‍ 

 
Controversy Erupts Over Minister's Criticism of Actress's Fee
Controversy Erupts Over Minister's Criticism of Actress's Fee

Photo Credit: Facebook/V Sivankutty

● മന്ത്രിയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ട്രോളായി.
● തെറ്റുതിരുത്താനുള്ള സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയിലുണ്ട്.
● കലാകാരിയെ പരസ്യമായി അധിക്ഷേപിച്ചു.

ഭാമനാവത്ത് 

(KVARTHA) സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് തുടങ്ങുന്നതിന് മുന്‍പേ വിവാദം അരങ്ങേറിയത് കല്ലുകടിയായിപ്പോയി. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ചലച്ചിത്ര നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനമാണ് വിവാദമായത്. പ്രൊഫ. ജോസഫ് മുണ്ടശേരി ഇരുന്നിടത്ത് ശിവന്‍കുട്ടി കയറിയിരുന്നാലുള്ള ബൗദ്ധിക ദാരിദ്ര്യ പ്രതിസന്ധിയാണ് കേരളീയ സമൂഹം അനുഭവിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

എന്തായാലും മന്ത്രിയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയതോടെ പറഞ്ഞത് പിന്‍വലിച്ച് തടിയൂരിയിട്ടുണ്ട്. പക്ഷേ പറഞ്ഞതെല്ലാം പൊതു സമൂഹത്തില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. എത്രമാത്രം ഔചിത്യമില്ലാത്തയാളാണ് ശിവന്‍കുട്ടിയെന്ന് തെളിയിച്ചു കൊണ്ട്. വാ വിട്ട വാക്കുകള്‍ കൈവിട്ട ആയുധം പോലെ ആണെന്നാണല്ലോ ചൊല്ല്. തെറ്റുതിരുത്താനുള്ള സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയിലുണ്ട്.

കലോത്സവങ്ങളിലൂടെ വളര്‍ന്നു വന്ന നടിയ്ക്ക് പണത്തിനോട് ആര്‍ത്തിയാണെന്നും അവരുടെ നിലപാട് വേദനിപ്പിച്ചുവെന്നുമാണ് മന്ത്രി ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

'കുട്ടികളെ നൃത്തം പഠിപ്പിക്കാമോയെന്ന് തന്റെ ഓഫിസില്‍ നിന്നും ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. പക്ഷേ പ്രതിഫലമായി അവര്‍ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയാണ്. ആവശ്യത്തിലധികം സമ്പാദിച്ചിട്ടും അവര്‍ക്ക് മതിയായില്ല. അവര്‍ക്ക് അഹങ്കാരമാണ്.. എന്തായാലും അവരെ വേണ്ടെന്നു വെച്ചു. ഏതെങ്കിലും സാധാരണ അധ്യാപികയെ കൊണ്ട് ആ കാര്യം ഭംഗിയായി ചെയ്യിക്കും' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പറഞ്ഞതിലെ അനൗചിത്വം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് മന്ത്രി അതിവേഗം യുടേണടിച്ചത്.

ഒരു പൊതുപരിപാടിയില്‍ മൈക്ക് മുന്നില്‍ കിട്ടിയാല്‍ എന്തും പറയാമെന്ന ആണധികാരബോധത്തിന്റെ അവസാന ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താനെന്ന് പറഞ്ഞു ഫെമിനിസ്റ്റുകളും രംഗത്തുവന്നിട്ടുണ്ട്. ഒരു കലാകാരിയെ പരസ്യമായി അധിക്ഷേപിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു. കലാകാരിയുടെ പേര് പരസ്യപ്പെടുത്തിയില്ലെന്നത്  മാത്രമാണ് ആശ്വാസം. ഇത്രയും അധിക്ഷേപിച്ച സ്ഥിതിയ്ക്ക് ആ പേര് കൂടി പറയണമായിരുന്നു. മറ്റു ചലച്ചിത്രനടിമാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്തത്.

ഏതു മലയാളിക്കും കേട്ടാല്‍ മനസ്സിലാവുന്ന തരത്തിലായിരുന്നു ആ നടിയെ കുറിച്ച് മന്ത്രി പറഞ്ഞത്.
സത്യത്തില്‍ നടി സ്വന്തം പ്രതിഫലം തീരുമാനിച്ചതില്‍ ഇത്രയും അധിക്ഷേപം നേരിടേണ്ട കാര്യമുണ്ടോ? ഗൗരവത്തില്‍ കാണേണ്ട ചോദ്യമാണത്. കലാകാരിയുടെ ജീവിതമാര്‍ഗമാണ് കല. അതിന് മൂല്യം നിശ്ചയിക്കുന്നത് അവരാണ്. ആ കലയില്‍ അവര്‍ ഒരുപാട് ഉയരത്തിലായതുകൊണ്ടാണ് സര്‍ക്കാര്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരോത്സവത്തില്‍ നൃത്തം ചിട്ടപ്പെടുത്താന്‍ അവരെ ഏല്‍പ്പിച്ചത്. 

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള കലാപരിപാടിയ്ക്ക് കുട്ടികളെ ഒരുക്കുന്നത് വലിയ ചുമതല തന്നെയാണ്. അതിനെ നിസാരമായി കാണുന്നതേ തെറ്റാണ്. പത്തുമിനുട്ട് പണിയേയുണ്ടായിരുന്നുള്ളുവെന്ന് പറയാന്‍ നൃത്താവതരണം കൂലിപ്പണിയൊന്നുമല്ല. നൂറ് കണക്കിന് നൃത്താധ്യാപകരുള്ള നാടാണിത്. അതിലും എത്രയോ ഇരട്ടി കലാകാരികളും കലാകാരന്മാരും ഉള്ള നാടാണ്. അവിടെ സര്‍ക്കാര്‍ ഒരു താരത്തെ അങ്ങോട്ട് സമീപിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവുള്ള വിശ്വാസം കൊണ്ടാണ്. അതിന് ഒരു മൂല്യം നിശ്ചയിക്കുന്നത് അവരുടെ ചുമതലയാണ്. അത് ആത്മാഭിമാനത്തിന്റെ കൂടി തെളിവാണ്.

സര്‍ക്കാര്‍ പരിപാടിയില്‍ സൗജന്യമായി നൃത്തം അവതരിപ്പിക്കണമെന്ന നിയമം നമ്മുടെ നാട്ടിലില്ല. അവരുടെ ജോലി അഭിനയമാണ്. അതിനേക്കാളുപരി നര്‍ത്തകിയാണ്. നൃത്താധ്യാപികയാണ്. കൊച്ചി ആസ്ഥാനമായി നിരവധി കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയാണ്. ഇതെല്ലാം നിലനില്‍ക്കെ തന്നെ അവര്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനിച്ചത് കേവലം പ്രശസ്തിക്ക് വേണ്ടിയല്ല. അതിന്റെ ആവശ്യവും അവര്‍ക്കില്ല. കാരണം കലോത്സവ വേദിയിലൂടെ തന്നെ അവര്‍ തന്റെ കഴിവും പ്രാപ്തിയും തെളിയിച്ചതാണ്. പിന്നീട് മലയാളികള്‍ ഓര്‍ത്തുവെക്കുന്ന ഒരുപിടി കഥാപാത്രങ്ങളെയും അവര്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള താരം അവര്‍ ചെയ്യുന്ന ജോലിയ്ക്ക് വേതനം പറഞ്ഞത് എങ്ങനെ തെറ്റാകുമെന്ന ചോദ്യത്തിന് മുന്‍പില്‍ ഉരുണ്ടുകളിച്ചിട്ട് കാര്യമൊന്നുമില്ല,

മന്ത്രിയുടെ വാചകങ്ങള്‍ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടിമാരുടെ പേജില്‍ സാംസ്‌കാരിക സമ്പന്നരായ മലയാളികള്‍ പൊങ്കാലയിട്ടു തുടങ്ങി. ചേരി തിരിഞ്ഞ് വിമര്‍ശനങ്ങളും പിന്താങ്ങലുകളും വന്നു. സൈബര്‍ ബുള്ളിയിന്റെ ഇരകളാവുന്നത് പലപ്പോഴും മറുഭാഗത്തുള്ളവരാണല്ലോ. ഇവിടെ നടിമാരാണ് അതിന് വിധേയരായത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന അവസ്ഥയാണ് ഇവിടെ. പലരുടെയും സോഷ്യല്‍ മീഡിയ പേജിന്റെ താഴെ വരുന്ന കമന്റുകള്‍ പലതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ്.

തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയുടെ നേതാവാണ് വിദ്യാഭ്യാസ മന്ത്രി. എന്നാല്‍  ഫ്യൂഡല്‍ തമ്പുരാന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത് എന്നാണ് ആക്ഷേപം. ചെയ്യുന്ന ജോലിയ്ക്ക് കൂലി ചോദിച്ച് വാങ്ങിക്കാന്‍ അടിയാള വര്‍ഗത്തെ പ്രാപ്തരാക്കിയ പാര്‍ട്ടിയുടെ സമകാലിക കാലത്തെ മുന്‍നിരയിലുള്ള നേതാവാണ് വി ശിവന്‍കുട്ടി. പ്രതിഫലത്തിന്റെ തുകയേക്കാള്‍ മന്ത്രിയെ ചൊടിപ്പിച്ചത് അവര്‍ ഒരു സ്ത്രീയാതു കൊണ്ടാണെന്ന് പറഞ്ഞാലും തെറ്റില്ല. ഇത് മുന്‍ നിര നടന്മാരോ സംഗീതജ്ഞരോ ആയ പുരുഷന്മാരാണെങ്കില്‍ ഇത്ര പരസ്യമായി അദ്ദേഹം വിമര്‍ശിക്കില്ലായിരുന്നുവെന്ന് ഉറപ്പാണ്. 

ഒരു സ്ത്രീ തന്റെ പ്രതിഫലം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മാത്രം ആയോ എന്ന ധാര്‍ഷ്ട്യം കൂടിയുണ്ട് ഈ വാക്കുകളില്‍. കലോത്സവ വേദിയിലൂടെ വളര്‍ന്നു വന്ന കലാകാരികൂടിയായ നടിയാണ് ഈ അഹങ്കാരം കാണിച്ചതെന്ന് മന്ത്രി പറയുമ്പോള്‍ അവിടെ ഒരു ഔദാര്യം പ്രതീക്ഷിക്കുന്നുണ്ട്. കലോത്സവത്തിലൂടെ വന്ന നടി- എന്നിട്ടും അവര്‍ കലോത്സവത്തിന് നൃത്തം പരിശീലിപ്പിക്കാന്‍ പണം ചോദിച്ചു എന്നൊരു ധ്വനിയാണ് തികട്ടി പുറത്തേക്ക് വരുന്നത്. കലോത്സവ വേദികളിലൂടെ ആയിരക്കണത്തിന് കലാകാരികള്‍ വന്ന് പോയിട്ടുണ്ട്. അതില്‍ സിനിമയിലുള്‍പ്പെട പിടിച്ചു നിന്നവര്‍ കുറവാണ്. അത് അവരുടെ മിടുക്കാണെന്ന് അംഗികരിച്ചേ മതിയാവൂ.

അവരുടെ കഴിവാണത്. അതിന് സര്‍ക്കാരിന് പ്രത്യേകിച്ച് അവകാശവാദം ഉന്നയിക്കാന്‍ ഒന്നുമില്ല. 
ആവശ്യത്തിലധികം സമ്പാദിച്ചിട്ടും അവര്‍ക്ക് മതിയായില്ലെന്നുപറഞ്ഞതിലും അനൗചിത്യമുണ്ട്. ഇവിടെ സമ്പാദ്യത്തിന് അളവ് കോല്‍ നിശ്ചയിട്ടില്ല. അത് ഓരോരുത്തരുടെയും ധാര്‍മികതയ്ക്കനുസരിച്ചാണ്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. നടിയുടെ സമ്പാദ്യത്തെ വിമര്‍ശിച്ച മന്ത്രിയ്ക്ക് മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടേയോ യേശുദാസിന്റേയോ പ്രതിഫലത്തെ കുറിച്ച് പരസ്യമായി പറയാന്‍ ധൈര്യമുണ്ടാകുമോ?

കലോത്സവത്തിന് കഴിഞ്ഞ തവണ സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയത് ആശാ ശരത് എന്ന നടിയാണ്. അതിന് അവര്‍ പ്രതിഫലം വാങ്ങിയിട്ടില്ല. അത് അവരുടെ രീതി. അതുകൊണ്ട് ഇത്തവണ സമീപിച്ച നടി പ്രതിഫലം വാങ്ങരുത് എന്ന് നിശ്ചയിക്കാന്‍ പറ്റില്ല. അവര്‍ ആ ജോലികൊണ്ട് ജീവിക്കുന്നവരാണ്. അല്ലെങ്കിലും കലയ്ക്ക് മൂല്യം നിശ്ചയിക്കുന്നത് എങ്ങനെയാണ്. കലാകാരിയുടെ -- കലാകാരന്റെ വേതനം എങ്ങനെയാണ്, എന്ത് മാനദണ്ഡത്തിലാണ് ഏകീകരിക്കുന്നത്. അതിനൊരു ഏകീകൃത ഭാവം ഇല്ലെന്നിരിക്കെ അഞ്ച് ലക്ഷം രൂപയുടെ പേരില്‍ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല.

ഈ പ്രസ്താവനയ്ക്ക് പിന്നിലും വ്യക്തിതാത്പര്യങ്ങളും ആശങ്കകളും എല്ലാം ഉണ്ടാവാം. എങ്കിലും അതിനെല്ലാം ഒരു പരിധിവേണം. അധികാരസ്ഥാനത്തിരിക്കുന്നവര്‍ കുറച്ചു കൂടി ഉത്തരവാദിത്തബോധത്തോടെ ഇനിയെങ്കിലും തയ്യാറാകണം. കലോത്സവം നടത്താന്‍ സര്‍ക്കാരിന്റെ ഫണ്ടില്ലെന്നാണ് മന്ത്രി പറയുന്നത് എന്നിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. 20മന്ത്രിമാര്‍ക്ക് 25 പേഴ്‌സനല്‍ സ്റ്റാഫുള്ള നാടാണിത്. ഇവരില്‍ ഈച്ചയാട്ടിയിരിക്കുന്നഓരോരുത്തരും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിമാസം കൈപ്പറ്റുന്നത് ലക്ഷങ്ങളാണ്. 

ഇല്ലായ്മയും വല്ലായ്മയും പറയുന്ന മന്ത്രിയും ലക്ഷങ്ങള്‍ വാങ്ങുന്നു. പൊതു സേവനത്തിന്റെ പേരില്‍ താന്‍ വാങ്ങുന്ന ശമ്പളം കലോത്സവത്തിനായി നല്‍കരുതോ? മുഖ്യമന്ത്രി സഞ്ചരിക്കുന്നത് അന്‍പതോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്നാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. തല്‍ക്കാലം അതെങ്കിലും പകുതിയായി ചുരുക്കുമോ നവകേരള യാത്ര, ലോക കേരള സദസ്, കേരളീയം തുടങ്ങി മന്ത്രിമാര്‍ നടത്തുന്ന വിദേശ യാത്ര വരെ സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഇത്തരം പിടിപ്പു കേടുകള്‍ മറച്ചുവെച്ചു കൊണ്ടാണ് മന്ത്രി ശിവന്‍കുട്ടി പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുന്നത്.

#KeralaPolitics #Controversy #Actress #Fees #ArtsFestival #Feminism #SocialMedia #LaborRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia