Church Leadership | 'സമ്പൂർണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്സ്'; ഷൈനിയുടെയും മക്കളുടെയും മരണത്തിലെ നൊമ്പരക്കാഴ്ചകൾ; വൈറൽ കുറിപ്പ് 

 
Shiny tragedy in Kottayam, Kerala, church leadership criticism
Shiny tragedy in Kottayam, Kerala, church leadership criticism

Photo: Arranged

● ഗാർഹിക പീഡനത്തെ തുടർന്നാണ് വീട്ടമ്മ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയത്.
● ജോലിക്കായി പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ജോലി ലഭിച്ചില്ല.
● സഹായം അഭ്യർത്ഥിച്ചിട്ടും, പരിഗണിക്കാമെന്ന് പറഞ്ഞ് ഇവരുടെ യാചനയെ തള്ളിക്കളഞ്ഞു.

റോക്കി എറണാകുളം

(KVARTHA) കോട്ടയം ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം ഷൈനി എന്ന വീട്ടമ്മയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജനരോഷം ശക്തമാവുകയാണ്. ക്രൈസ്തവ സഭയ്ക്കെതിരെയും അതിൻ്റെ നേതാക്കൾക്കെതിരെയും ചിലർ ശക്തമായി പ്രതികരിക്കുന്നതാണ് സോഷ്യൽ മീഡിയാ മുഴുവൻ നിറയുന്നത്. ക്രൈസ്തവ സഭയും അതിൻ്റെ നേതാക്കളും അല്പമൊന്നും ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ആത്മഹത്യ ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ തന്നെ പറയുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് പേർ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ഇതെഴുതുമ്പോൾ  അമർഷം കൊണ്ട് കൈകൾ തരിക്കുന്നു. കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ ചിതറി തെറിച്ച  അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ച്, അതിന്  മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈത്താങ്ങാവാതെ മരണം ശേഷം ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചൊല്ലുന്നവരെ എന്ത് പേർ വിളിക്കണം. കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് ബി.എസ്.എസി നഴ്സായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക്  കുറച്ച് നാൾ മുമ്പ് പോയത്. 

ബി.എസ്.സി നഴ്സായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്. ഏറ്റുമാനൂർ സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികളും കയറി ഇറങ്ങി. ഇടവകയുടെ തന്നെ വമ്പൻ ഹോസ്‌പിറ്റലായ കാരിത്താസിൽ ഒരു ജോലിക്കായി അവർ കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ. സ്വന്തം സമുദായ ഹോസ്പിറ്റലായിരുന്നിട്ട് കൂടി സമുദായാംഗമായ ഒരച്ചനാണ് ജോലി കൊടുക്കാതെ അവിടെയും പാര വെച്ചത് . 

രണ്ട് മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ പലയിടത്തും കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളാൻ കൂട്ടുനിന്ന ക്നാനായാ സഭാ സമൂഹത്തിലെ തന്നെ ആളുകളുടെ വെളിപ്പെടുത്തലുകളായ  നിരവധി മെസ്സേജുകൾ വന്നു തുടങ്ങി. മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന്  ലോക്കോ പൈലറ്റ് പറയുന്നത് കേട്ടിരുന്നു. പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു. 

ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോൾ ഇവർ ചെയ്ത് പോയതാണ്. തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ.. ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടിയ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന് വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട്..... തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല. അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും. 

ഒരു പക്ഷേ ഇവരുടെ അത്രയും പിടിവിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു. ആത്മഹത്യ പാപമാണെന്ന മത പുരോഹിത മലരുകളുടെ വായ്ത്താരിക്കോ  ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെംപ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല. അതിന് മനുഷ്യർ തന്നെ വേണം. വഴി മുട്ടി പോയാൽ എൻ്റെ മുന്നിൽ ഇരുട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ദുരഭിമാനം തോന്നണ്ട കാര്യമില്ല. ആരെങ്കിലും ഒരു വഴി തുറന്നു തരാൻ കാരണമാകും. സമ്പൂർണ്ണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്സ്. അവിടെ ഇപ്പോഴും കരുണയുടെ വറ്റാത്ത ഉറവകൾ ഉണ്ട്'. 

ഈ കുറിപ്പിനോട് നിരവധി പേരാണ് പ്രതികരിക്കുന്നത്. കരുതലും ചേർത്ത് പിടിക്കലും ഒക്കെ വേദിയിലും മൈക്രോ ഫോണിന് മുൻപിലും മാത്രം. ഘോര ഘോര പ്രസംഗം മാത്രം ആയിരിക്കുന്നു സഭയുടെ ദൗത്യം. അതാണ് ഇവിടെ കണ്ടത്. എല്ലാ സഭകൾക്കും ഇതൊരു പാഠമാകട്ടെ.  3-4 കോടി മുടക്കി പള്ളിയും പാരീഷ് ഹാളും പണിയുമ്പോഴും സ്വന്തം പള്ളിയിലെ ഏതെങ്കിലും ഒരു കുടുംബം പ്രതിസന്ധിയിലാണോ , കഷ്ടത്തിലാണോ രോഗപീഡയിലാണോ, ദു:ഖത്തിലാണോ എന്ന് അനേഷിച്ചറിയാൻ സഭാ നേതാക്കൾക്ക് കഴിയണം. അല്ലെങ്കിൽ ആത്മാക്കൾ ഇങ്ങനെ ചോർന്നു പോയ്ക്കൊണ്ടിരിക്കും. 

സഭകൾ ആത്മഭാരമില്ലാത്ത വെള്ളതേച്ച ശവക്കല്ലറകൾ ആകരുത്. നമ്മുടെ ചുറ്റുപാടുകളിൽ, നമ്മുടെ സമൂഹത്തിൽ, നമ്മുടെ പള്ളികളിൽ ആരെങ്കിലും ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കിൽ ചേർത്ത് പിടിക്കേണ്ട സമയത്ത് ചേർത്ത് പിടിക്കുക തന്നെ വേണം, ഇടവക ആയാലും, ഉറ്റവർ ആയാലും, സമൂഹം ആയാലും , സ്നേഹിതർ ആയാലും. പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. മറ്റ് മത സമൂഹങ്ങൾ ചെയ്യുന്നതിൻ്റെ അത്രയും ഇല്ലെങ്കിലും അല്പം കാരുണ്യമെങ്കിലും സ്വന്തം ആളുകൾക്ക് കത്തോലിക്ക സഭയും ചെയ്യുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇതുപോലെയുള്ള ആത്മഹത്യകൾ ഇനിയെങ്കിലും ഒഴിവാക്കാവുന്നതാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A viral post condemns the lack of compassion by church leaders in preventing a mother’s tragic suicide along with her children, criticizing the church's failure to provide help.

#Compassion #ChurchLeadership #ShinyDeath #KottayamNews #KeralaNews #SocialJustice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia