Probe | സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമോ? കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് ഇ ഡി
● ലോകായുക്തയും ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
● ഇഡിക്ക് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരമുണ്ട്
ബെംഗ്ളുറു: (KVARTHA) മൈസൂറു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭൂമികൈമാറ്റത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാംപ്രതിയാക്കി ലോകായുക്ത കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സെപ്തംബർ 27ന് രജിസ്റ്റർ ചെയ്ത സിദ്ധരാമയ്യ, ഭാര്യ ബിഎം പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർക്കെതിരെയാണ് ലോകായുക്ത കേസെടുത്തത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂറു അർബൻ വികസന അതോറിറ്റി അനുവദിച്ചെന്നാണ് ആരോപണം.
സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയും കേസെടുത്തിരിക്കുന്നത്. നടപടിക്രമം അനുസരിച്ച്, പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും അന്വേഷണ സമയത്ത് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ട്.
തന്നെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷമായ ബിജെപി വേട്ടയാടുന്നതെന്ന് 76 കാരനായ സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തനിക്കെതിരെ ഇത്തരമൊരു രാഷ്ട്രീയ കേസ് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇഡി കേസിന്റെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യയുടെ രാജി ആവശ്യം ശക്തമാകുമെന്നാണ് വിലയിരുത്തൽ.
#Siddaramaiah #ED #Corruption #Karnataka #India #BreakingNews