Politics | മുകേഷ് പദവി ഒഴിയണോ, പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ? 

 
mukesh_mla.

Photo Credit: Facebook / Mukesh M

ഹേമ കമ്മീഷൻ റിപ്പോർട്ടിന് ശേഷമാണ് ആരോപണങ്ങൾ ശക്തമായത്.
പല സംഘടനകളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു.

(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരുപാട് നടികൾ പീഡനപരാതി ഉന്നയിച്ചിരിക്കുന്നത് നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിനെതിരെയാണ്. ഒരുപാട് പേർ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് പ്രതിഷേധവുമായി ഇറങ്ങിക്കഴിഞ്ഞു. യു.ഡി.എഫ്, എൻ.ഡി.എ കക്ഷികളും അവരുടെ പോഷക സംഘടനകളുമാണ് നടനെതിരെ കൂടുതലായും രംഗത്ത് വന്നിട്ടുള്ളത്. രാജി ആവശ്യപ്പെട്ട് മുകേഷിൻ്റെ വസതിയിലേയ്ക്കും ഓഫീസിലേയ്ക്കും വനിത സംഘടനകളും മറ്റും പ്രതിഷേധറാലിയും നടത്തി. 

മുകേഷ് സി.പി.എം പ്രതിനിധി ആയിട്ടാണ് കൊല്ലം നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ പാർട്ടിയിൽ തന്നെ മുകേഷ് എം.എൽ.എ യുടെ നടപടികളിൽ വിയോജിപ്പ് ഉണ്ടെങ്കിലും ആരും ഇതുവരെ രാജി ആവശ്യപ്പെട്ടതായി കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. ഘടകക്ഷികളും മൗനത്തിലാണ്. ശരിക്കും ഈ രാജി ആവശ്യമുണ്ടോ. നടൻ മുകേഷ് എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെയ്ക്കണമോ? . പീഡനപരാതി വന്നാൽ എംഎൽഎമാർ അല്ലെങ്കിൽ എം.പി രാജിവയ്ക്കാൻ നിയമമുണ്ടോ?. അതേക്കുറിച്ച് കൃത്യമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ലൈംഗിക പീഡനപരാതികൾ ഉയർന്നാലുടനെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജനപ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ, എംഎൽഎയെയോ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാൽ സ്ഥാനം ഉടൻ നഷ്ടമാകും. 

അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരിൽ മാത്രം എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല. മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളിൽ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎൽഎ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ, പാരമ്പര്യമോ കേരള നിയമസഭ യിൽ ഉണ്ടായിട്ടില്ല. 

ക്രിമിനൽ കേസുകളിൽ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമായും എംഎൽഎ സ്ഥാനമോ, എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല. ആരോപണങ്ങൾ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടികൾ യോജിക്കുന്നില്ല. അക്കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടാണ്'.

ശരിക്കും ഇതല്ലേ സത്യം. എം മുകേഷ് എം.എൽ.എ രാജിവെയ്ക്കണമെന്നുണ്ടെങ്കിൽ അതിന് മുൻപേ പ്രതിപക്ഷത്തെ രണ്ട് എം.എൽ.എ മാർ എത്രയോ മുൻപേ രാജിവെയ്ക്കേണ്ടതായിരുന്നു എന്ന ചോദ്യം ഭരണകക്ഷികളിൽപ്പെട്ട നേതാക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നുണ്ട്. ഒരാൾ ആരോപണം ഉന്നയിച്ചാൽ ഉടൻ രാജിവെയ്ക്കണമെന്നത് നിയമവ്യവസ്ഥയിൽ പറയുന്ന കാര്യമില്ല. പിന്നെ ഇതൊരു ധാർമ്മികതയുടെ വിഷയം ആണ്. ഓരോരുത്തരുടെയും മനസാക്ഷിയ്ക്ക് അനുസരിച്ച് രാജിവെയ്ക്കുകയോ രാജിവെയ്ക്കാതിരിക്കുകയോ ചെയ്യാം. 

അങ്ങനെ ആരോപണം ഉന്നയിച്ചവർ രാജിവെയ്ക്കാൻ ആണെങ്കിൽ ഇന്ത്യയിൽ തന്നെ പലരും അധികാരരംഗത്ത് കാണില്ലെന്നതാണ് സത്യം. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ പലരും ഇപ്പോൾ പ്രതിഷേധങ്ങളും മറ്റും നടത്തുന്നത്. ഫലമോ, സമരത്തിൻ്റെ പേരിൽ കോടികളുടെ നഷ്ടം സർക്കാർ ഖജനാവിന് തന്നെ ആയിരിക്കും. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം താനേ കെട്ടടങ്ങുമെന്നത് മിച്ചം.
 mukesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia