Conservation | 34.2 ചതുരശ്ര കിലോമീറ്ററിലെ അത്ഭുതലോകം; ഷാർജയിലെ മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലി നിർമാണമാരംഭിച്ചു

 
Sharjah Embarks on Conservation Efforts for Meliha National Park
Sharjah Embarks on Conservation Efforts for Meliha National Park

Photo: Arranged

● 34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശം 
● നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശേഷിപ്പുകൾ  
● അപൂർവ ജീവജാലങ്ങളും ഇവിടുത്തെ പ്രധാന ആകർഷണം.

ഷാർജ: (KVARTHA) അടുത്തിടെ പ്രഖ്യാപിച്ച ഷാർജയിലെ മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലി നിർമാണം ആരംഭിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ 34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ പാർക്ക്, യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു ശേഷിപ്പുകളുടെ ആവാസകേന്ദ്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകൾ, സാംസ്കാരികവിനിമയ കേന്ദ്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയ നിരവധി ചരിത്രാവശേഷങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 

അപൂർവയിനം പക്ഷികളും സസ്യജാലങ്ങളും നിറഞ്ഞ ഈ പ്രദേശം, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. ഷാർജ പബ്ലിക് വർക്ക് ഡിപാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രവൃത്തികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംരക്ഷണവേലി, പാർക്കിലെ പ്രകൃതിദത്തവും ചരിത്രപരവുമായ അപൂർവ കാഴ്ചകളെ സംരക്ഷിക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്യും.

പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. മെലീഹയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ സിഇഒ അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.

സംരക്ഷണവേലി കെട്ടുന്നതിലൂടെ നിയന്ത്രണങ്ങൾ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്, പകരം കൂടുതൽ സുസ്ഥിരവും കേന്ദ്രീകൃതവുമായ വിനോദസഞ്ചാര മാതൃകകൾ അവതരിപ്പിക്കാനാണ്. ഇതുവഴി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഹൈബ്രിഡ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ നാഷണൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

മെലീഹ നാഷണൽ പാർക്ക്, അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ ഒരുക്കുന്നു. ചരിത്രകാഴ്ചകൾ അടുത്തു കാണാവുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മരുഭൂമിയിലെ ക്യാംപിങ് അനുഭവങ്ങളും സാഹസിക റൈഡുകളും വാനനിരീക്ഷണവും, ഇതിനു പുറമെ മരുഭൂമിയുടെ ആകാശക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, ആഡംബരവും ആതിഥേയത്വവും സമ്മേളിക്കുന്ന അൽ ഫായ റിട്രീറ്റ്, മൂൺ റിട്രീറ്റ് എന്നീ ഹോട്ടലുകളും മെലീഹ നാഷണൽ പാർക്കിന്റെ അനുവദനീയ സോണുകളിലുണ്ടാവും.

മേഖലയുടെ ചരിത്രത്തിലും പ്രകൃതിസവിശേഷതകളിലും ​ഗവേഷണം നടത്തുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം കൂടുതൽ അവസരങ്ങൾ നൽകുക വഴി, മെലീഹയുടെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഏതാണ്ട് രണ്ടു ലക്ഷം വർഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യകുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിട്ടുള്ള മെലീഹ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


 #MelihaNationalPark #Sharjah #UAE #conservation #archaeology #ecotourism #travel #explore

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia