Election | പാലക്കാട് ബിജെപിക്കും സിപിഎമ്മിനുമെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എംപി
● 'കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും'
● 'പാലക്കാട്ടെ ജനങ്ങൾ അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തി തീരുമാനിക്കും'
● 'സിപിഎം പ്രവർത്തകർക്ക് പോലും ഈ സർക്കാരിനെ മടുത്തിരിക്കുകയാണ്'
കണ്ണൂർ: (KVARTHA) വരാൻ പോകുന്ന പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനും, ബിജെപിക്കും എതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ എം പി കണ്ണൂരിൽ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ ജനങ്ങൾ അംഗീകരിക്കുന്ന പാലക്കാടെ ജനങ്ങളുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തി പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കും. സിപിഎം പ്രവർത്തകർക്ക് പോലും ഈ സർക്കാരിനെ മടുത്ത് ഇരിക്കുകയാണ്. തൃശൂരിൽ ഉണ്ടായിരിക്കുന്ന സിപിഎം - ബിജെപി വോട്ട് കച്ചവടത്തിന് എതിരായ വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.
ഷാഫി പറമ്പിലും, മുൻ മന്ത്രി കെ രാധാകൃഷ്ണനും എംപിമാരായതോടെ ഒഴിവുവന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഉടനുണ്ടാകുമെന്നാണ് സൂചന. ഇതോടെ മുന്നണികൾ സ്ഥാനാർഥി നിർണായ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഷാഫിക്ക് പകരം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ കെ മുരളീധരനെയോ അല്ലെങ്കിൽ ഡോ. പി സരിനെയോ പരിഗണിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിലെ ചിലർ ആവശ്യപ്പെടുന്നത്.
ഡിവൈഎഫ്‌ഐ സംസ്‌ഥാന പ്രസിഡൻ്റ് സി വാസിഫ്, പാർടി ജില്ലാകമ്മിറ്റി അംഗം നിതിൻ കണിച്ചേരി, മുൻ എംഎൽഎ ടികെ നൗഷാദ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ തുടങ്ങിയവരുടെ പേരുകളാണ് സിപിഎമ്മിൽ നിന്ന് ഉയരുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവർക്കാണ് ബിജെപിയിൽ സാധ്യത കൂടുതൽ.
ഷാഫി പറമ്പിലും ഇ ശ്രീധരനും എറ്റുമുട്ടിയ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് 9,707 വോട്ടിൻ്റെ ഭൂരിപക്ഷമുണ്ട്.
#PalakkadBypoll #KeralaPolitics #UDF #LDF #IndiaVotes