Landslide | അർജുനായുള്ള ദൗത്യം പത്താം നാൾ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷ; പ്രാർഥനയോടെ നാട്; ലോറിയിരിക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും മഴയും അടിയൊഴുക്കും തിരച്ചിലിന് പ്രതികൂലമായി
സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് നിർണായക സിഗ്‌നലുകള്‍ കണ്ടെത്തിയത്
ഷിരൂർ: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസമായ വ്യാഴാഴ്ച ലക്ഷ്യം കാണുമെന്ന് പ്രതീക്ഷ. നാട് ഒന്നടങ്കം പ്രാർത്ഥനയോടെയാണ് അർജുന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. അർജുന്റെ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും, കനത്ത മഴയും കാറ്റും ഗംഗാവാലി പുഴയിലെ അതിശക്തമായ അടിയൊഴുക്കും തിരച്ചിൽ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
പ്രതികൂലമായ സാഹചര്യങ്ങളെ തുടർന്ന് നാവിക സേനയുടെ തിരച്ചിൽ ബുധനാഴ്ച താൽക്കാലികമായി നിർത്തിവെച്ചു. നേരത്തെ അതിശക്തമായ മഴയെ അവഗണിച്ച് നദിയിലേക്ക് ഇറങ്ങിയെങ്കിലും തിരച്ചിൽ നടത്താൻ സാഹചര്യം അനുയോജ്യമല്ലാത്തതിനാൽ സേനാംഗങ്ങൾ മടങ്ങിപ്പോയി. തിരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. കൂടുതൽ സേനാംഗങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ശാസ്ത്രീയമായ തിരച്ചിലിനു ശേഷമാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ലോറി ഗംഗാവാലി പുഴയുടെ കരയ്ക്കും മണ്‍കൂനയ്ക്കും നടുവിലാണെന്നാണ് അധികൃതർ സ്ഥിരീകരിച്ചത്. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് നിർണായക സിഗ്‌നലുകള്‍ കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഗംഗാവാലി നദിയിൽ 20 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് ലോറിയുള്ളത്. ലോറി തലകീഴായാണ് കിടക്കുന്നതെന്ന് കാര്‍വാര്‍ എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം അർജുൻ ലോറിയിലുണ്ടോ എന്ന് ഇപ്പോഴും വ്യക്തതയില്ല. ലഭിച്ച സിഗ്നലുകൾ തിരച്ചിൽ സംഘത്തിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും, അന്തിമ സ്ഥിരീകരണത്തിന് തിരച്ചിൽ പൂർത്തിയാക്കേണ്ടതുണ്ട്. ദുരന്തത്തിൽ നാടിന്റെ ഒന്നടങ്കം പ്രാർത്ഥനയും പിന്തുണയും അർജുന്റെ തിരിച്ചുവരവിന് പ്രതീക്ഷ നൽകുന്നുണ്ട്.