Stay | പ്രധാനമന്ത്രിക്കെതിരെയുള്ള 'തേൾ' പരമാർശം: ശശി തരൂരിനെതിരായ അപകീർത്തി കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു
* സുപ്രീം കോടതി കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ചുവെന്ന 2018-ലെ പരാമർശത്തിൽ മാനനഷ്ടക്കേസിൽ ഹാജരാകണമെന്ന ഡൽഹി കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും പാർലമെൻ്റംഗവുമായ ശശി തരൂരിനെതിരായ ക്രിമിനൽ മാനനഷ്ട നടപടികൾ സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ശിവലിംഗത്തിലിരിക്കുന്ന തേൾ' എന്ന് പരാമർശിച്ചതിനെ തുടര്‍ന്നുണ്ടായ അപകീര്‍ത്തി കേസിലാണ് തരൂര്‍ നടപടി നേരിടുന്നത്. കേസ് റദ്ദാക്കണമെന്ന് തരൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 29 ന് ഇത് നിരസിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിലെ തരൂരിൻ്റെ പരാമർശത്തിനെതിരെ ഡൽഹി ബിജെപി വൈസ് പ്രസിഡന്‍റ് രാജീവ് ബബ്ബറാണ് തരൂരിനെതിരെ പരാതി നൽകിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡൽഹി പൊലീസിന്റെ പ്രതികരണം തേടിയ ബെഞ്ച് കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കാൻ തീരുമാനിച്ചു.
മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആർഎസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു 2018 ഒക്ടോബറിൽ തരൂരിന്റെ പരാമർശം.തരൂരിന്റെ പ്രസ്താവന ദശലക്ഷക്കണക്കിന് ശിവഭക്തരുടെ വിശ്വാസത്തിനെതിരെയുള്ള അധിക്ഷേപവും അവഹേളനവുമാണെന്നായിരുന്നു ബബ്ബാറിൻറെ ആരോപണം. തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചിരുന്നു.
#ShashiTharoor #SupremeCourt #defamation #Modi #BJP #Congress #India