Allegations | ‘സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു, എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ അനുകൂലികൾ കുടുക്കാൻ നോക്കിയത് കാരായി രാജൻ അടക്കമുള്ളവരെ'
● ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തയ്യാറാക്കിയ റിപ്പോർട്ട് ഇത് തെളിയിക്കുന്നതായി പി.വി. അൻവർ പറയുന്നു.
● വിഷയം വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു
മലപ്പുറം: (KVARTHA) സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീവച്ച കേസ് പൊലീസിലെ ആർഎസ്എസ് സംഘം അട്ടിമറിച്ചതായും എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ അനുകൂലികൾ കുടുക്കാൻ നോക്കിയത് കണ്ണൂരിലെ സിപിഎം നേതാവ് കാരായി രാജൻ അടക്കമുള്ളവരെയുമാണെന്ന് പിവി അൻവർ എംഎൽഎ.
ഈ കേസ് ആദ്യത്തെ അന്വേഷണ സംഘം എങ്ങനെ അട്ടിമറിച്ചു എന്നത് സംബന്ധിച്ച് പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്റെ കോപ്പിയും പിവി അൻവർ എംഎൽഎ പങ്കുവെച്ചു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവച്ച കേസിൽ പൊലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് നേരത്തെ വാർത്താസമ്മേളനത്തിലും പിവി അൻവർ എംഎൽഎ ആരോപിച്ചിരുന്നു. കേസ് അന്വേഷണം വഴിതിരിച്ചുവിട്ട ഡിവൈഎസ്‌പി രാജേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജൻ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി എം ആർ അജിത്‌കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി കെ ശശിയുടെയും നേതൃത്വത്തിൽ മുക്കി. ഇപ്പോഴും റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രി വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്നും ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ പറഞ്ഞിരുന്നു.
തിരുവനന്തപുരം കുണ്ടമൻ ഭാഗം സാളഗ്രാമം ആശ്രമം കത്തിച്ച കേസിലെ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കൺട്രോൾ റൂം എസിപി രാജേഷ്, കഴിഞ്ഞ ലോക്‌സഭാ തിരുവനന്തപുരത്തെ ശ്രീവരാഹം പെരുന്താന്നി എൻഎസ്എസ് ഹൈസ്‌കൂളിൽ ബിജെപി ബൂത്ത് ഏജന്റായി പ്രവർത്തിച്ചതായി സ്വാമി സന്ദീപാനന്ദ ഗിരി അടക്കമുള്ളവർ അന്ന് തന്നെ ആരോപിച്ചിരുന്നു. പിവി അൻവറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
#SandeepanandaGiri #AshramFire #PVAnvar #PoliceAllegations #RSSLinks #KeralaPolitics