Threat | 'സൽമാൻ ഖാനെ വധിക്കാൻ ക്വട്ടേഷൻ'; 60 പേരുടെ വൻ സുരക്ഷ വലയത്തിൽ താരത്തിന്റെ ‘ബിഗ് ബോസ്’ ഷൂട്ടിങ്
● സൽമാൻ ഖാനെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ എടുത്തെന്നാണ് കുറ്റപത്രത്തിൽ.
● വ്യാഴാഴ്‌ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്.
മുംബൈ: (KVARTHA) ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം ബോളിവുഡ് സൂപ്പർസ്റാർ സൽമാൻ ഖാനെ വധിക്കാൻ ക്വട്ടേഷൻ എടുത്തെന്ന റിപ്പോർട്ടിന് പിന്നാലെ താരത്തിന്റെ ബിഗ് ബോസ് ഷൂട്ടിങ്ങിന് കനത്ത സുരക്ഷ ഒരുക്കി. 60-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രവേശിക്കുന്ന എല്ലാവരെയും കർശനമായി പരിശോധിക്കുകയും അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നു. ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘം ക്വട്ടേഷൻ എടുത്തെന്ന പൊലീസ് കുറ്റപത്രത്തിനും തുടർന്ന് അഞ്ച് കോടി ആവശ്യപ്പെട്ടുള്ള പുതിയ ഭീഷണി സന്ദേശത്തിനും പിന്നാലെയാണ് ഇത്തരത്തിൽ സുരക്ഷയൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്‌ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഷൂട്ടിങ് കഴിയുന്നത് വരെ സുരക്ഷാ ഉദ്യോഗസ്ഥരോട് ലൊക്കേഷനിൽ തുടരണമെന്നും ഈ പരിശോധന തുടരാനുമാണ് നിർദ്ദേശം.
ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘം സൽമാൻ ഖാനെ അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിൽ വച്ച് വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ എടുത്തെന്നാണ് മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സംഘവുമായി ബന്ധപ്പെട്ട അഞ്ചംഗങ്ങളുടെ പേരാണ് കുറ്റപത്രത്തിൽ പറയുന്നത്. ഈ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, സംഘം പാകിസ്താനിൽ നിന്ന് എ.കെ 47, എ.കെ 92, എം 16 തുടങ്ങിയ അത്യാധുനിക ആയുധങ്ങളും സിദ്ധൂ മൂസെവാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന തോക്കും വാങ്ങാനൊരുങ്ങുകയായിരുന്നു. കൂടാതെ, സംഘം 18 വയസിൽ താഴെയുള്ള ആൺകുട്ടികളെയാണ് വാടകക്കൊലയാളികളായി എടുത്തിരിക്കുന്നത്. ഈ കൗമാരക്കാർ പുണെ, റായ്‌ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിച്ചുകഴിയുകയാണ്. കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച് 60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണ് വധിക്കാനുള്ള പദ്ധതി തയാറാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് അറസ്റ്റിലായ സുഖ എന്നയാൾ, അജയ് കശ്യപ് അഥവാ എ.കെ എന്ന ഷൂട്ടറെയും മറ്റു നാലുപേരെയും നടന്റെ വധശ്രമത്തിന് നിയോഗിച്ചിരുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി എന്നിവരുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഈ ഷൂട്ടർമാർ എന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയ ശേഷം കന്യാകുമാരിയിൽ ഒത്തുകൂടി ബോട്ടിലൂടെ ശ്രീലങ്കയിലേക്കും തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്താൻ കഴിയാത്ത മറ്റൊരു രാജ്യത്തേക്കും പോകാനുള്ള പദ്ധതിയായിരുന്നു ഷൂട്ടർമാർക്ക് ഉണ്ടായിരുന്നത് എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ നടന്ന വെടിവെപ്പിനെ തുടർന്നുള്ള അന്വേഷണത്തിനിടയിലാണ്, പൻവേൽ ഫാംഹൗസിൽ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. മുൻ മന്ത്രി ബാബാ സിദ്ദീഖി കൊലക്കേസിനു ശേഷം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെങ്കിലും, വെള്ളിയാഴ്ച മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച പുതിയ ഭീഷണി സന്ദേശം സാഹചര്യങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നു. സൽമാൻ ഖാൻ അഞ്ച് കോടി രൂപ നൽകിയാൽ മാത്രമേ തന്റെ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ബാബാ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമാകുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്. ഈ പുതിയ വെല്ലുവിളിയിൽ, മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.