Connection | ആര്‍എസ്എസ് ബന്ധം: സതീശന്‍ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുന്നതെന്തിന്? യഥാർഥ കാരണങ്ങൾ ഇതാണോ!
എഡിജിപി എംആര്‍ അജിത്കുമാറിനെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ അടുത്തേക്ക് കൊണ്ടുപോയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധുവെന്നാണ് വെളിപ്പെടുത്തൽ
ദക്ഷാ മനു
(KVARTHA) സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായിവിജയന്റെയും ആര്‍എസ്എസ് അന്തര്‍ധാര സജീവ ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഒരുപരിധിവരെ വിജയിച്ചിരിക്കുന്നു. രാഷ്ട്രീയ ആയുധം എന്നതിലുപരി എന്താണ് പ്രതിപക്ഷനേതാവിന്റെ താല്‍പര്യം. ഗോള്‍വാള്‍ക്കറുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ചയാളാണ് വിഡി സതീശന്‍. ആ സതീശന് എന്ന് മുതലാണ് ആര്‍എസ്എസിനെ അയിത്തമായി കാണാന്‍ തുടങ്ങിയത്. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പരതിയാല്‍ കാണും.
എഡിജിപി എംആര്‍ അജിത്കുമാറിനെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ അടുത്തേക്ക് കൊണ്ടുപോയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധു. അജിത്കുമാറിനെ കൊണ്ടുപോയ, ആര്‍എസ്എസ് വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍ കോണ്‍ഗ്രസുകാരനായ കൈമനം പ്രഭാകരന്റെ സഹോദരനാണെന്നും പ്രഭാകരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യാ സഹോദരീ ഭര്‍ത്താവാണെന്നും ജന്മഭൂമി എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്.
ഇക്കാര്യം മറച്ചുവയ്ക്കാനുള്ള തത്രപ്പാടും വി.ഡി സതീശനും സംഘത്തിനുമുണ്ട്. എം.ആര്‍ അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പിഎന്‍ ഈശ്വരന്‍ പറഞ്ഞത്. വസ്തുതകള്‍ പുറത്തുവരരുതെന്ന ലക്ഷ്യത്തോടെയാണ് ഈശ്വരന്‍ പ്രസ്താവന നടത്തിയതെന്ന് രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദത്താത്രേയ ഹൊസബാളയെ 2023 മെയ് 22ന് കണ്ടെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ സഹപാഠിയും ആര്‍എസ്എസ് വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖുമായ എ. ജയകുമാറിനൊപ്പമാണ് അജിത് കുമാര്‍ കൂടിക്കാഴ്ചയ്ക്ക് പോയത്. കോണ്‍ഗ്രസ് നേതാവായ കൈമനം പ്രഭാകരന്റെ അനുജനാണ് ജയകുമാര്‍. മാത്രമല്ല പ്രഭാകരന്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.
അതുകൊണ്ട് വി.ഡി സതീശന് വേണ്ടിയാണ് അജിത് കുമാര്‍ ഹൊസാബളയെ കണ്ടതെന്ന് പിവി അന്‍വര്‍ പറയുന്നത് നിഷേധിക്കാനാകില്ലെന്നും ഇക്കാര്യം തിരുവഞ്ചൂര്‍ തുറന്ന് പറയണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം പണ്ടുമുതലേ ഉള്ളതാണ്. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പുസ്തകത്തില്‍ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. കോലിബീ സഖ്യം എന്നാണ് അതിനെ വിളിച്ചിരുന്നത്. കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം എന്നര്‍ത്ഥം. കോണ്‍ഗ്രസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും ബിജെപിയിലേക്ക് ചേക്കേറിയിട്ടുള്ളത്.
ആര്‍എസ്എസ് വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ ജയകുമാര്‍ അത്ര നിസ്സാരക്കാരനല്ല. ബിടെക്കിന് ശേഷം എബിവിപിയിലൂടെ ആര്‍എസ്എസ് പ്രചാരകനായി. വിജ്ഞാന്‍ ഭാരതി മേധാവിയായിരുന്നു. രാജ്യത്തെ മുഴുവന്‍ സയന്റിഫിക് സ്ഥാപനങ്ങളുടെയും മേധാവിമാരെ നിശ്ചയിക്കുന്ന ചുമതലയും ഇയാള്‍ക്കാണ്. രാജ്യത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവരെ സംഘപരിവാറുമായി അടുപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ദൗത്യം. എപിജെ അബ്ദുള്‍ കലാം, മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ തുടങ്ങിയവരെ ആര്‍എസ്എസ് കൂടാരത്തിലെത്തിച്ചത് ജയകുമാറാണ്.
ഇദ്ദേഹം കേരളത്തിലെ ബിജെപി തലപ്പത്തേക്ക് വരണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായി ഇത്രയും അടുപ്പമുള്ള ഒരു വ്യക്തി എഡിജിപിയെ കൂട്ടിക്കൊണ്ട് പോയത് വലിയ ഗൗരവമായ കാര്യമാണ്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. പകരം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാത്രം ലക്ഷ്യം വയ്ക്കുന്നു. അവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നല്ല, അതുപോലെ തന്നെ ആരോപണ നിഴലില്‍ കോണ്‍ഗ്രസും വരേണ്ടതാണ്. സതീശനും തിരുവഞ്ചൂരിനും ആര്‍എസ്എസ് നേതാക്കളുമായി ബന്ധമുണ്ട്, അത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആരോപണ ശരങ്ങള്‍ നിരന്തരം തൊടുത്തുവിടുന്നതെന്നും ആക്ഷേപമുണ്ട്. പറവൂരില്‍ സതീശന്‍ ആര്‍എസ്എസ് വോട്ടുവാങ്ങിയാണ് വിജയിച്ചതെന്ന് പരസ്യമായ രഹസ്യമാണ്.
സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതിലൂടെ ന്യൂനപക്ഷ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാണ് സതീശനും കോണ്‍ഗ്രസും ശ്രമിക്കുന്നത്. എന്നാല്‍ കെ.പിസി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇക്കാര്യത്തില്‍ അത്ര ആവേശം കാണിക്കുന്നില്ല. എങ്കിലും സിപിഎം വലിയ പ്രതിരോധത്തിലാണ്. എഡിജിപിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് വ്യക്തത വേണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയത് അതുകൊണ്ടാണ്. എന്തിനായിരുന്നു കൂടിക്കാഴ്ച എന്നത് മുഖ്യമന്ത്രിക്ക് പറയേണ്ടിവരും. പാര്‍ട്ടിയും മുന്നണിയും അദ്ദേഹത്തിന്റെ ചുമലിലേക്ക് എല്ലാ ഭാരവും ഇറക്കിവച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി തന്റെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളായത് കൊണ്ടാണ് എംആര്‍ അജിത് കുമാറിന് ഇതുവരെ സംരക്ഷണം നല്‍കിയിരുന്നത്. പാര്‍ട്ടിയും മുന്നണിയും എഡിജിപിക്കെതിരെ രംഗത്ത് വന്നതിനാല്‍ വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. മുഖ്യമന്ത്രിയുടെ വലംകയ്യായിരുന്ന ശിവശങ്കറിന്റെ അവസ്ഥയായിരിക്കുമോ എംആര്‍ അജിത് കുമാറിന് എന്ന ചോദ്യവും ഉയരുന്നു.
അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് കോണ്‍ഗ്രസിന് വേണ്ടിയോ, മുഖ്യമന്ത്രിക്ക് വേണ്ടിയോ, അതോ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണോ എന്നത് വളരെ പ്രധാനമാണ്. ശബരിമല മണ്ഡലകാലത്തും വയനാട് ദുരന്തത്തിലും എഡിജിപി അനാവശ്യ ഇടപെടലുകള്‍ നടത്തുകയും അതെല്ലാം വിവാദമാവുകയും ചെയ്തിരുന്നു. അതുകൊണ്ട് എഡിജിപിയുടെ നടപടികള്‍ ദുരൂഹമാണ്. ഇതെല്ലാം ആരെ സഹായിക്കാനായിരുന്നു. തൃശൂര്‍ പൂരത്തിന്റെ പതിവ് പ്രോട്ടോക്കോളുകള്‍ എഡിജിപി മാറ്റിയത് എന്തിന് , ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടി കേരളം കാതോര്‍ക്കുന്നു.
#RSSConnection #VDSatheesan #CPM #PoliticalDispute #KeralaPolitics #RSSTies