Tragedy | വയനാട് ഉരുൾപൊട്ടൽ: ഒഴുകിയെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് ചൂരല്‍മല; നേരം പുലരുന്നതിന് മുമ്പെ ഉറ്റവരെയെല്ലാം നഷ്ടമായി

 
Tragedy
Tragedy

Photo - Arranged

പ്രദേശത്ത് വൈദ്യുതിബന്ധമെല്ലാം നിലച്ചതും കനത്ത മഴതുടര്‍ന്നതും സഞ്ചാരപാതകള്‍ ബ്ലോക്കായതും രക്ഷാപ്രവര്‍ത്തന ദൗത്യത്തെ രാത്രിയില്‍ സാരമായി ബാധിച്ചു. 

കൽപറ്റ: (KVARTHA) നേരം പുലരുന്നതിന് മുമ്പെ ഉറ്റവരെയും അയല്‍വീടുകളെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ചൂരല്‍മല. നിര്‍ത്താതെ പെയ്ത മഴയില്‍ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടുപോയി. വന്‍ ദുരന്തത്തിന്റെ വിവരം ആദ്യമറിഞ്ഞതുമുതല്‍ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്തമഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇവിടേക്ക് ഓടിയെത്തി. 

ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രദേശത്ത് വൈദ്യുതിബന്ധമെല്ലാം നിലച്ചതും കനത്ത മഴതുടര്‍ന്നതും സഞ്ചാരപാതകള്‍ ബ്ലോക്കായതും രക്ഷാപ്രവര്‍ത്തന ദൗത്യത്തെ രാത്രിയില്‍ സാരമായി ബാധിച്ചു. ചൂരല്‍മലയിലെ പാലം കനത്ത മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയതിനാല്‍ മുണ്ടക്കെ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. 

ചൂരല്‍മലയിലെ റോഡില്‍ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കുകയായിരുന്നു ആദ്യ ദൗത്യം. രാവിലെ ഏഴരയോടെയാണ് ഈ പാത ഗതാഗത്യയോഗ്യമാക്കിയത്. അതിന് മുമ്പ് തന്നെ ചൂരല്‍മല  സ്‌കൂളിന് മുന്നിലൂടെ ദുരന്ത സ്ഥലത്തേക്കുള്ള പാത ശ്രമകരമായി ഒരുക്കിയെടുത്തു. ഇവിടെ നിന്നുമാണ് തകര്‍ന്ന വീടുകളില്‍ നിന്നുള്ളവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്.

നാടിന്റെ അതിര്‍ത്തികളെയെല്ലാം ഭേദിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയിലേക്ക് പാഞ്ഞെത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും വലിയ ദുരന്തമറിഞ്ഞ് കിട്ടിയ വാഹനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍ മലയിലേക്ക് എത്തി കൊണ്ടിരുന്നു. എത്രയാളുകള്‍ എത്തിയാലും മതിവരാത്ത സാഹചര്യമായിരുന്നു രാവിലെയെല്ലാം. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ് , പോലീസ് സേനകളെല്ലാം ദുരന്തമുഖത്ത് കര്‍മ്മനിരതമായിരുന്നു. 

തകര്‍ന്നവീടുകളില്‍ നിന്നും പരിക്കേറ്റവരെയും മൃതദേഹങ്ങളും അതീവ ദുഷ്‌കരമായാണ് പുറത്തെടുത്തു കൊണ്ടിരുന്നത്. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മുഹമ്മദ് റിയാസ്, മന്ത്രി കെ. രാജൻ , മന്ത്രി വാസവൻ, ഒ.ആര്‍.കേളു എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia