Minister | വെറും 36 വയസ്, മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി!
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയം നേടി
ഗുണ്ടൂർ : (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായി തെലുങ്ക് ദേശം പാർട്ടിയുടെ (TDP) രാംമോഹൻ നായിഡു കിഞ്ജരാപ്പു ചരിത്രം സൃഷ്ടിക്കും. കേവലം 36 വയസുള്ള ഇദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയം നേടി, എതിരാളിയെ 3.2 ലക്ഷം വോട്ടിൻ്റെ വലിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
1996-ൽ 39-ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അത്ഭുതപ്പെടുത്തിയ ടിഡിപി നേതാവായിരുന്ന പിതാവ് യെരൻ നായിഡുവിൻ്റെ പാത പിന്തുടരുകയാണ് രാംമോഹൻ നായിഡു. ദേവഗൗഡയുടെയും ഐ കെ ഗുജറാളിൻ്റെയും മന്ത്രിസഭകളിൽ യെരൻ മന്ത്രിയായിരുന്നു. നാല് തവണ പാർലമെൻ്റ് അംഗമായിരുന്ന അദ്ദേഹം 2012 ൽ റോഡപകടത്തിൽ അകാലത്തിൽ മരിക്കുന്നതുവരെ ടിഡിപിയുടെ ലോക്സഭയിലെ പാർലമെൻ്ററി നേതാവായിരുന്നു.
2012ൽ രാഷ്ട്രീയത്തിലെത്തിയ രാംമോഹൻ നായിഡു ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിൻ്റെ വിശ്വസ്തരിൽ ഒരാളാണ്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് എംബിഎയും എൻജിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ട്. 2014-ൽ ശ്രീകാകുളത്ത് നിന്ന് 26-ാം വയസിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് 16-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായി.
പാർലമെന്റിലെ മികച്ച പ്രകടനത്തിന് 2020 ൽ സൻസദ് രത്‌ന അവാർഡ് നൽകി അനുമോദിച്ചിരുന്നു. ലിംഗാവകാശത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള രാംമോഹൻ നായിഡുവിൻ്റെ വാദങ്ങൾ ശ്രദ്ധേയമാണ്. പാർലമെൻ്റിൽ ആർത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി ശബ്ദമുയർത്തുന്ന വ്യക്തിയാണ് അദ്ദേഹം. സാനിറ്ററി പാഡുകളുടെ ജിഎസ്ടി നീക്കം ചെയ്യുന്നതിനായി ശബ്ദമുയർത്തിയിട്ടുണ്ട്.