RS Poll | രാജ്യസഭയിലേക്ക് യുവരക്തം തേടി മുസ്ലിം ലീഗ്; പി കെ ഫിറോസിന് നറുക്ക് വീഴുമോ?

 
P.K. Foroz


പിഎംഎ സലാമിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക രൂപപ്പെട്ടതോടെ ചർച്ച വഴിമാറി

/ ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) രാജ്യസഭയിലേക്ക് താപ്പാനകളെ തന്നെ ഇനിയും അയക്കരുതെന്നും പുതുമുഖങ്ങൾക്ക് പ്രതിനിധ്യം വേണമെന്നുമുള്ള ആവശ്യം മുസ്ലിം ലീഗിൽ ശക്തമായി. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ യുവാക്കൾക്ക് അവസരം നൽകുമ്പോൾ പാർട്ടി പ്രവർത്തകരുമായി വലിയ ബന്ധമൊന്നുമില്ലാത്ത പണചാക്കുകളെയും പണ്ഡിതൻമാരെയും കയറ്റി അയക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. കാലങ്ങളായി നടത്തുന്ന ഈ ഏർപ്പാടിൽ നിരാശരാണ് മുസ്ലിം ലീഗിലെ പുതു തലമുറക്കാർ.
കടുത്ത സമ്മർദത്തിൻ്റെ ഭാഗമായി രാജ്യസഭയിലേക്ക് യുവ പ്രാതിനിധ്യമാകാമെന്ന് മുസ്ലിം ലീഗ് നേതൃത്വം സമ്മതം മുളിയതോടെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് നറുക്ക് വീഴുമെന്നാണ് സൂചന.

വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് പി കെ. ഫിറോസിൻ്റെ പേര് ഉയർന്നു വരുന്നത്. സ്ഥാനാർത്ഥിത്വത്തിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നുണ്ട്. 

എന്നാൽ താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂട്‌ പിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്. പിഎംഎ സലാമിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക രൂപപ്പെട്ടതോടെ ചർച്ച വഴിമാറി. പിഎംഎ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന പലരുമുണ്ട്. ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താൽപര്യമില്ല. 

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് കഴിഞ്ഞാൽ ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നെങ്കിലും യൂത്ത് ലീഗിന് അവസരം ലഭിച്ചില്ല. എന്നാൽ രാജ്യസഭയെങ്കിലും നൽകണമെന്ന കടുത്ത നിലപാടിലാണ് യൂത്ത് ലീഗ്.

യുവ പ്രാതിനിധ്യമെന്ന ആവശ്യത്തോട് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കും അനുകൂല നിലപാടാണ്. അങ്ങനെയെങ്കിൽ രാജ്യസഭയിലേക്ക് ഫിറോസിനും ഫൈസൽ ബാബുവിനും സാധ്യതയേറും. എന്നാൽ ഇവർക്ക് ബദലായി ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ പിഎം സാദിഖലിയുടെ പേര് പാർട്ടിയിൽ ഉയരുന്നുണ്ട്. എന്നാൽ ഈ ആവശ്യത്തോട് നേതൃത്വം പുറം തിരിഞ്ഞു നിൽക്കാനാണ് സാധ്യത. പല പേരുകൾ ഉയരുമ്പോഴും ഒരു പുതുമുഖ പരീക്ഷണത്തിന് ലീഗ് ഒരുങ്ങുമെന്ന് തന്നെയാണ് പൊതുവേയുളള വിലയിരുത്തൽ. ആ പ്രതീക്ഷയിലാണ് യൂത്ത് ലീഗും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia