Analysis | പി വി അൻവർ പുറത്തേക്കെന്ന് ഉറപ്പായി; ലക്ഷ്യം അസംതൃപ്തരായ സഖാക്കളെ കൂട്ടി പുതിയ പാർടിയോ? 

 
P.V. Anwar's Political Exit
P.V. Anwar's Political Exit

Image Credit: X / @pv_anvar

● മുഖ്യമന്ത്രിക്കെതിരെയും പാർടിക്കെതിരെയും അതിരൂക്ഷ വിമർശനം
● ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം
● 'വ്യക്തിക്ക് വേണ്ടി ഈ പാർടിയെ ബലി കൊടുക്കരുത്'

മലപ്പുറം: (KVARTHA) കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വാർത്താസമ്മേളനമാണ് പി വി അൻവർ എംഎൽഎ വ്യാഴാഴ്ച വൈകീട്ട് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെയും പാർടിക്കെതിരെയും അതിരൂക്ഷ വിമർശനം ഉയർത്തിയ പി വി അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തേക്ക് പോകുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അൻവറിന്റെ അടുത്ത ലക്ഷ്യം ഇനിയെന്തെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ടെന്നും അൻവർ അറിയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കെതിരെ പോലും നേരത്തെ പരാമർശങ്ങൾ നടത്തിയ പി വി അൻവർ കോൺഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് കരുതുന്നവർ കുറവാണ്. സാധാരണക്കാരായ സിപിഎം പ്രവർത്തകരുടെ വികാരങ്ങൾ പ്രകടിപ്പിച്ച അൻവർ അസംതൃപ്തരായ സഖാക്കളെ കൂട്ടി പുതിയ പാർടിയാണോ ലക്ഷ്യമിടുന്നതെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ മൃതദേഹം  തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കാത്തതും പിറ്റേദിവസം മുഖ്യമന്ത്രിയും കുടുംബവും യൂറോപിലേക്ക് പോയതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അൻവർ രംഗത്തുവന്നത് എന്നത് വ്യക്തമായ സൂചന നൽകുന്നുണ്ട്.

പാർടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റികൽ സെക്രടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ കാവൽക്കാരനാണ്. പാർടിയിൽ കയറിയിട്ടില്ല. എൻ്റെ പണി സെക്യൂരിറ്റി പണിയാണ്. സെക്യൂരിറ്റി പണിയിൽ നിന്നും പിരിച്ചുവിട്ടാൽ റോഡിൽ ഇറങ്ങിനിൽക്കും', എന്നാണ് അൻവർ പറഞ്ഞത്. 

വ്യക്തിക്ക് വേണ്ടി ഈ പാർടിയെ ബലി കൊടുക്കരുത്. ഒരു വ്യക്‌തി എന്ന് പറഞ്ഞത് മുഹമ്മദ് റിയാസിനെയാണെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയെന്നും മുഖ്യമന്ത്രിയോട് കമ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്നും പി വി അൻവർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി താഴ്ന്നുവെന്നും ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും അൻവർ ആരോപിച്ചു.

കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർടിയെന്നും അൻവർ ചോദിച്ചു. പാർടി എന്നു പറയുന്നത് പാർടി സഖാക്കളാണ്. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അഡ്‌ജസ്റ്റ്മെന്റുകൾ പഞ്ചായത് തലം വരെ എത്തിയിട്ടുണ്ട്. ഇനി ബ്രാഞ്ച് തലത്തിലേക്കേ എത്താനുള്ളൂവെന്നും വ്യക്തമാക്കി.

തന്റെ പരാതികളിൽ അന്വേഷണം തൃപ്തികരമായി നടക്കുന്നില്ലെന്നും പാർടി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നുവെന്നും അൻവർ ആരോപിച്ചു. പി വി അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. പാർടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ലെന്നും അൻവർ പറഞ്ഞു.

നീതിപൂർവം ഒന്നും നടക്കുന്നില്ലെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി. എഡിജിപി കൊണ്ടുകൊടിക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോയെന്ന കടുത്ത പരാമർശവും അൻവറിൽ നിന്നുണ്ടായി. ഈ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. അൻവർ ഇനി എന്ത് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ ഈ നീക്കം സിപിഎമിന് ഏതെല്ലാം പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

സൈബർ ലോകത്ത് പി വി അൻവറിന് പാർടി പ്രവർത്തകരുടെ ശക്തമായ പിന്തുണയുണ്ട്. മുഖ്യമന്ത്രിയുടെയും മറ്റ് പാർടി നേതാക്കളുടെയും പോസ്റ്റിനേക്കാൾ അഞ്ചിരട്ടിയും പത്തിരട്ടിയും ലൈകും കമന്റും വരെ അദ്ദേഹത്തിന് ലഹിക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണത്തിലും ചില പാർടി പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. ശക്തമായ കേഡർ സംവിധാനമുള്ള പാർടിയാണ് സിപിഎം. അതിനാൽ അൻവർ ഉയർത്തുന്ന വിമർശനങ്ങൾ നേരിടാനാവുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ അദ്ദേഹം പുതിയ പാർടി  തുടങ്ങിയാൽ അത് സിപിഎമിന്, ചുരുങ്ങിയത് മലപ്പുറം ജില്ലയിലെങ്കിലും വലിയ വെല്ലുവിളിയാകും.
 

#PVAnwar #KeralaPolitics #NewParty #PoliticalCriticism #CPM #LeadershipIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia