Criticism | പൊലീസിനെതിരെ രൂക്ഷവിമർശനവുമായി പി വി അൻവർ വീണ്ടും; 'ഗുണ്ടകളെ പോലെ പെരുമാറുന്നു, ഏറ്റവും വലിയ ഇരകൾ ഓടോറിക്ഷക്കാരും ബൈക് യാത്രക്കാരും'

 
PV Anwar Slams Kerala Police, Alleges Misconduct

Photo: Arranged

ADVERTISEMENT

● കാസർകോട്ട് മരിച്ച ഓടോറിക്ഷ ഡ്രൈവറുടെ കുടുംബത്തെ സന്ദർശിച്ചു.
● പൊലീസ് ഉദ്യോഗസ്ഥനായ പി അനൂബിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു.
● 'കേരളത്തില്‍ പൊലീസിനെ കണ്ടാല്‍ ജനങ്ങള്‍ക്ക് പേടിയാണ്'

കാസർകോട്: (KVARTHA) പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. പൊലീസിന്റെത് ഗുണ്ടാ ശൈലിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. കാസർകോട്ടും മലപ്പുറത്തും സംസ്ഥാനത്തെ ഏറ്റവും മോശമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതായും, ഇവരുടെ കൊള്ളരുതായ്മകൾ സഹിക്കാൻ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അൻവർ ആരോപിച്ചു. ഉപജീവനമാര്‍ഗമായ ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ മനോവിഷമത്തിലായതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട്ടെ അബ്ദുൽ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

Aster_MIMS

ആരോപണ വിധേയനായ മുൻ എസ്ഐ പി അനൂബിനെ പിരിച്ചുവിടണമെന്നും സത്താറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർകാരിനുണ്ടെന്നും അൻവർ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓടോറിക്ഷക്കാരും ബൈക് യാത്രക്കാരും. പൊലീസ് സർകാർ നിശ്ചയിച്ച ലക്ഷ്യം പൂർത്തീകരിക്കാൻ റോഡിലിറങ്ങി ഇവർക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ പൊലീസിനെ കണ്ടാല്‍ ജനങ്ങള്‍ക്ക് പേടിയാണ്. ധൈര്യത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവര്‍ത്തകര്‍ക്ക് ചെല്ലാന്‍ സാധിക്കുന്നില്ല. എല്ലാം മറച്ചു വെച്ച് മാന്യമായ ഭരണം നടത്തുന്നു എന്ന് പിണറായി സര്‍കാര്‍ പറയുന്നതില്‍ അര്‍ഥമില്ല. ഇരുചക്ര വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ടൂവീലർ യാത്രികരുടെ ഒരു സംഘടന രൂപവത്കരിക്കുമെന്നും  അൻവർ അറിയിച്ചു. 

പൊലീസിന്റെ ധാർഷ്‌ട്യത്തിനെതിരേ ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓടോറിക്ഷ നടുറോഡിലിട്ട് താക്കോൽ ഊരിപ്പോവുകയാണ് പൊലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോകാവുന്നു. താക്കോൽ കൊണ്ടുപോയാൽ ഞാൻ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നാലുദിവസം വണ്ടി പൊലീസ് സ്‌റ്റേഷനിൽ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസർകോട്ടുകാർ പ്രതികരിച്ചില്ലെന്നും യൂണിയൻ നേതാക്കളൊക്കെ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. 

അബ്ദുൾ സത്താറിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണ ക്യാംപെയ്നും അൻവർ ആരംഭിച്ചിച്ചു. കുടുംബത്തിന്റെ പേരില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും സത്താറിന്റെ കുടുംബത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും അന്‍വര്‍ അഭ്യർഥിച്ചു.

#KeralaPolice #PVAnwar #policebrutality #justiceforvictims #humanrights #corruption #protest

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia