Politics | പി വി അൻവറാണ് താരം; ലക്ഷ്യമിടുന്നത് മഞ്ഞളാംകുഴി അലിയുടെ പാതയോ, പൊലീസിലെ 'പുഴുക്കുത്തുകളെ' പുറത്താക്കലോ?

 
PV Anvar's Political Gambit: A Calculated Move or a Genuine Concern?

Photo Credit: Facebook / PV ANVAR

* ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

സോണി കല്ലറയ്ക്കൽ

(KVARTHA) അൻവറാണ് താരം. ഒരു ഭരണസംവിധാനത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ അൻവർ തന്നെയാണ് താരം. ആഭ്യന്തരവകുപ്പിനെതിരെ അതിശക്തമായി ആഞ്ഞടിച്ച അൻവർ ഒരു ചെറിയ മീനല്ല. ഭരണകക്ഷിയിൽ പെട്ട എം.എൽ.എയായ പി വി അൻവർ പറഞ്ഞത് ഗുരുതരമായ വിഷയങ്ങളാണ്. എഡിജിപി അജിത് കുമാർ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു, പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം അനേഷിക്കാതെ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി, ഇതിന് പിന്നിൽ എഡിജിപിയാണ് എന്നും അദ്ദേഹം പറയുന്നു. 

എസ്.പി സുജിത് ദാസിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ട്, 60 ശതമാനം സ്വർണ്ണവും പോലീസ് അടിച്ചുമാറ്റും,  എസ്.പി അവധിയിൽ പോയത് തെളിവുകൾ  നശിപ്പിക്കാൻ, ഇത് മുഖ്യമന്ത്രിയുടെ പോലീസ് അല്ല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പോലീസിനെ നിയന്ത്രിക്കുന്നതിൽ പരാജയം, മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സാഹചര്യം, താൻ പാർട്ടി വിടുമെന്ന പ്രചാരണം തെറ്റ്. പാർട്ടിയ്ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി.

തിങ്കളാഴ്ച വീണ്ടും ആഞ്ഞടിച്ച് പി.വി.അൻവർ രംഗത്തെത്തി. എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണമാണ് അദേഹം  വീണ്ടും ഉയർത്തിയിരിക്കുന്നത്. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. 

എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നതെന്നും പി വി അൻവർ ആരോപിച്ചു. എടവണ്ണക്കേസിൽ നിരപരാധിയെ കുടുക്കി. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ പറയുന്നു. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. 

അങ്ങിനെ കേരള പൊലീസ് സ൦വിധാനവു൦ ശരിയാക്കി,  ഇനിയെന്തെങ്കിലു൦  ബാക്കിയുണ്ടോ?. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭരണത്തിൽ ആഭ്യന്തര മന്ത്രിക്കെന്തു കാര്യം ഇങ്ങനെ ഈ അവസരത്തിൽ പൊതുജനം പരിഹസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. സർക്കാരിനെ ഇപ്പോൾ കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത് ഭരണകക്ഷിയിൽ പെട്ട ഒരു എം.എൽ.എ തന്നെയാണെന്ന് ഓർക്കണം. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത പല വിമർശനങ്ങളുമാണ് അദ്ദേഹം തുടർച്ചയായി എയ്തുകൊണ്ടിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശരിയല്ലെന്ന് വരെയാണ് പി വി.അൻവർ എന്ന ഭരണകക്ഷി എം.എൽ.എ പറഞ്ഞു വെച്ചിരിക്കുന്നത്. ഇത് ചിലർ പണ്ടേ പറഞ്ഞ കാര്യമാണെന്നും ഓർക്കണം. അവസാനം ഇതിൻ്റെ പേരിൽ  അൻവർ സാഹിബ്‌ ഔട്ട്‌ ആകുമോ, അല്ലെങ്കിൽ പുറത്താകാനുള്ള ശ്രമമാണോ? ഇതാണ് ഇനി നോക്കികാണേണ്ടത്. അല്ലാതെ പോലീസ് വകുപ്പിൽ കാര്യമായ മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്ന്  ആർക്കാണ് അറിയാത്തത്. ഇപ്പോൾ ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ എല്ലാവരെയും ഈ വിഷയത്തിലേയ്ക്ക് ശ്രദ്ധതിരിപ്പിക്കാൻ പി.വി.അൻവർ എം.എൽ.എയ്ക്ക് ആയി എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

പല സൂപ്പർതാരങ്ങളുടെ പേരുകൾ വരുന്നതിന് മുൻപ് തന്നെ അതിൻ്റെ കുഴി അടയ്ക്കാൻ പി.വി.അൻവറിന് കഴിഞ്ഞു എന്നതാണ് വാസ്തവം. പാർട്ടിയും കൂടി അറിഞ്ഞോണ്ടാണോ പി.വി.അൻവറിനെ ഇറക്കിയതെന്നും  വൈകാതെ ഇത് മുഴുവൻ തേഞ്ഞുമാഞ്ഞു പോകുമെന്ന് അറിയാവുന്നവരുടെ ബുദ്ധിയാകാം ഇതിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ടായി. എങ്ങനെയെങ്കിലും ഹേമാ കമ്മീഷൻ റിപ്പോർട്ട് വിവാദം ഒന്ന് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്.

ഇപ്പോൾ ഇങ്ങനെ തിളയ്ക്കാൻ പി.വി അൻവറിന് ഒരു ലക്ഷ്യമുണ്ടെന്ന് പറയുന്നവരുമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്ത്രപരമായി കോൺഗ്രസിലേയ്ക്ക് അല്ല യു.ഡി.എഫിലേയ്ക്ക് ചേക്കേരാവണന് ശ്രമമെന്നാണ് ഇവരുടെ വാദം. അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന നിലമ്പൂർ നിയോജകമണ്ഡലം എന്നും ഒരു യു.ഡി.എഫ് കോട്ട തന്നെയാണ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദ് വർഷങ്ങളോളം അവിടെ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ച് എം.എൽ.എ യും മന്ത്രിയും ആയിട്ടുള്ളതാണ്. 

ആര്യാടൻ മുഹമ്മദിൻ്റെ കാലശേഷം അദേഹത്തിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതൃത്വം നിലമ്പൂരിൽ ഇറക്കാൻ ശ്രമിച്ചപ്പോൾ അതിനെ തടയിടാൻ എൽ.ഡി.എഫ് കണ്ടുപിടിച്ച ആയുധമായിരുന്നു മുൻ കോൺഗ്രസ് നേതാവായിരുന്ന പി.വി.അൻവറിനെ പിന്തുണകൊടുത്ത് നിലമ്പൂരിൽ എൽ.ഡി.എഫ് സ്വതന്ത്രനായി ഇറക്കുകയെന്നത്. അതിൽ അവർ വിജയം കാണുകയും ചെയ്തു. ആര്യാടൻ മുഹമ്മദ് ഇല്ലാത്ത കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതു സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് പി.വി.അൻവറിന് വിജയിക്കാനായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 

തുടർന്ന് നിയമസഭയിലും പി.വി.അൻവർ എൽ.ഡി.എഫിൻ്റെ പരിചയായി നിന്നെങ്കിലും അൻവറിനെ വേണ്ട വിധം പരിഗണിക്കാൻ സി.പി.എമ്മിനോ ഇടതു മുന്നണിയ്ക്കോ ആയില്ലെന്നതാണ് വാസ്തവം. മലപ്പുറം ജില്ലയിൽ തന്നെപ്പോലെ തന്നെ എൽ.ഡി.എഫിൽ ചേക്കേറിയ പലരെയും എൽ.ഡി.എഫ് മന്ത്രിമാരാക്കിയെങ്കിലും അത്തരത്തിലൊരു പരിഗണ പി.വി അൻവറിന് കൊടുക്കാൻ എൽ.ഡി.എഫ് തയാറായില്ലെന്നതാണ് സത്യം. അതിൻ്റെ ഒരു മോഹഭംഗം പി.വി.അൻവറിനില്ലെയെന്ന് സംശയിക്കുന്നവർ സഖാക്കളുടെ ഇടയിൽ പോലും ഉണ്ടെന്ന് വേണമെങ്കിൽ പറയാം. 

പി.വി അൻവർ ആണെങ്കിൽ ഇതുവരെ സി.പി.എമ്മിൽ ചേരാൻ തയാറായിട്ടില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. നിലമ്പൂർ പരമ്പരാഗതമായി യു.ഡി.എഫ് കോട്ടയാണ്. കഴിഞ്ഞ ഇലക്ഷനിൽ ചെറിയ ഭൂരിപക്ഷത്തിന് മാത്രമാണ് പി.വി അൻവർ വിജയിച്ചത്. എൽ.ഡി.എഫിന് പി.വി അൻവർ അല്ലാതെ മറ്റൊരാളെ നിലമ്പൂരിൽ ഇറക്കാനും പറ്റില്ല. ഇതാണോ ഈ വിഷയത്തിൽ എൽ.ഡി.എഫിൻ്റെ മൗനം? മുൻ കോൺഗ്രസ് നേതാവ് വീണ്ടും യു.ഡി.എഫ് പാളയത്തിൽ എത്തുമോ, അത് മുസ്ലീംലീഗോ കോൺഗ്രസോ?മങ്കടയിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച മഞ്ഞളാംകുഴി അലി ഒരു ഘട്ടത്തിൽ എൽ.ഡി.എഫ് വിട്ട് ലീഗിൽ എത്തിയ കാര്യം മറക്കരുത്.

എന്നാൽ ഈ വാദങ്ങളെ അൻവർ തന്നെ നിഷേധിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. 'സിപിഐഎം. പി.വി.അൻവർ എന്ന എന്നെ, ഞാൻ ആക്കി  മാറ്റിയ പ്രസ്ഥാനം.. പാർട്ടി അംഗത്വമില്ല. പക്ഷേ, സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും', എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. സൈബറിടത്തിൽ ഇടത് പ്രവർത്തകരുടെ ആവേശമാണ് പിവി അൻവർ. അതിനാൽ അദ്ദേഹം ഇടതുപക്ഷം വിട്ടുപോകുമെന്ന് ഇവരാരും കരുതുന്നില്ല. അൻവർ പ്രകടിപ്പിച്ചത് പൊലീസ് വകുപ്പിലെ 'പുഴുക്കുത്തുകളെ' കുറിച്ചുള്ള ആശങ്കയായി ഇവർ കാണുന്നു. എന്തായാലും അൻവറിന്റെ നീക്കങ്ങൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
 pv anwar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia