Remembrance | രക്ത നക്ഷത്രങ്ങൾ വിരാജിക്കുന്ന ചുവപ്പൻ ആകാശത്തിൽ മറ്റൊരു രക്ത താരം; പുതുക്കുടി പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷി വിട പറയുമ്പോൾ

 
Pushpan: A Living Martyr's Legacy
Pushpan: A Living Martyr's Legacy

Image Credit: Facebook / Dr. R. Bindu

● സിപിഎം പാർട്ടിയോടുള്ള അടിയുറച്ച വിശ്വാസം പ്രകടിപ്പിച്ച പ്രവർത്തകൻ .
● കണ്ണൂരിന്റെ വിപ്ലവ ഐക്കണായിരുന്നു.
● നിരവധി വിപ്ലവ ഗാനങ്ങൾക്ക് പ്രചോദനം നൽകി

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) സിപിഎം ഏറെ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് പാർട്ടിയെ അനാഥമാക്കി രക്ത നക്ഷത്രമണഞ്ഞു. പാർട്ടി തൻ്റെ ജീവനോടെ ചേർത്തു ജീവിച്ച യഥാർത്ഥ സഖാവായിരുന്നു പുതുക്കുടി പുഷ്പൻ. മരണവേദന കടിച്ചു പിടിച്ചു ജീവിച്ചത് ചെങ്കൊടി തണലിൻ്റെ കരുത്തിലായിരുന്നു. യൗവ്വനം മുതൽ മധ്യവയസു വരെ ഒരേ കിടപ്പിൽ നരകയാതന അനുഭവിക്കുമ്പോഴും പാർട്ടിയെ തള്ളിപ്പറയാത്ത വിപ്ലവ വീര്യത്തിൻ്റെ ചുരുക്ക പേരായിരുന്നു പുതുക്കുടി പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷി. 

കൂത്തുപറമ്പ് സമരത്തിൻ്റെ പ്രസക്തി തന്നെ ചോദ്യം ചെയ്തു. കൊണ്ടു വലതുപക്ഷ മാധ്യമങ്ങൾ പുറത്തു നടത്തുന്ന രാഷ്ട്രീയ വിവാദങ്ങൾ എല്ലാം കിടന്ന കിടപ്പിൽ അറിയുന്നുണ്ടായിരുന്നുവെങ്കിലും മറ്റാരെക്കാളും കൂടുതൽ പാർട്ടിയാണ് ശരിയെന്ന് പുഷ്പൻ ഉറച്ചു വിശ്വസിച്ചു. കണ്ണൂരിൽ മാത്രമല്ല കേരളത്തിൽ തന്നെ എന്തു പരിപാടികൾ നടന്നാലും യുവജന നേതാക്കൾ ആദ്യമെത്തിയിരുന്നത് പുഷ്പൻ്റെ മേനപ്രത്തെ വീട്ടിലായിരുന്നു. സഖാവിൽ നിന്നും ഊർജം കൊണ്ടു മുഷ്ടി ചുരുട്ടിയാണ് പലരും ആവേശം കൊണ്ടു മടങ്ങിയത്. 

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ജയിച്ചാലും ചുമതലയേൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സുഖസൗകര്യങ്ങൾ അന്വേഷിക്കാൻ പുഷ്പനെ തേടിയെത്തി. ചുവന്ന മണ്ണായ കണ്ണൂരിൻ്റെ വിപ്ലവ ഐക്കണായിരുന്നു പുഷ്പനെന്ന ജീവിക്കുന്ന രക്തസാക്ഷി. പുഷ്പൻ്റെ ത്യാഗനിർഭരമായ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി വിപ്ലവ ഗാനങ്ങളും സംഗീത ആൽബങ്ങളുമുണ്ടായി. ബാലസംഘം കലാകാരൻമാർ അതു പുഷ്പൻ്റെ വീട്ടിലെത്തി നൃത്തചുവടുകളോടെ അവതരിപ്പിക്കുമ്പോൾ കിടന്ന കിടപ്പിൽ ആനന്ദാശ്രുക്കൾ പൊഴിക്കുകയായിരുന്നു പുഷ്പൻ.

നട്ടെല്ലിൽ അതിശക്തമായ കൊളുത്തി വലിയും മരണവേദനയും അനുഭവിക്കുമ്പോഴും ഒരിക്കൽ പോലും പുഷ്പൻ കൂത്തുപറമ്പ് സമരത്തെയോ താൻ ജീവനുതുല്യം സ്നേഹിക്കുന്ന പാർട്ടിയെയോ തള്ളി പറഞ്ഞിരുന്നില്ല .ഡി.വൈ.എഫ്.ഐ ഒരുക്കി നൽകിയ സ്നേഹവീടിൽ കഴിഞ്ഞിരുന്ന പുഷ്പൻ കഴിഞ്ഞ 30 വർഷമായി ഒരേ കിടപ്പിൽ തന്നെയായിരുന്നു. കൂത്തുപറമ്പ് സമരത്തിൽ തന്നോടൊപ്പം പങ്കെടുത്ത കെ.കെ. രാജീവൻ, കെ.വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവരോടൊപ്പം വെടിയേൽക്കുമ്പോഴും പ്രാണൻ്റെ ഒരു തരി മാത്രമാണ് പുഷ്പനിലുണ്ടായിരുന്നത്. 

മരിച്ചുവെന്നു കരുതിയ പുഷ്പൻ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും ശയ്യാവലംബമായി തളർന്നു പോവുകയായിരുന്നു. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. അറിയാമോ ഞങ്ങളെ പുഷ്പനെ അറിയാമോയെന്ന വിപ്ലവ ഗാനത്തിലെ ഈരടികൾ പോലെ കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ മനസിൽ ആവേശം നിറയ്ക്കുന്ന നിശബ്ദ സാന്നിദ്ധ്യമായിരുന്നു പുതുക്കുടി പുഷ്പൻ.

സി.പി.എം അതിൻ്റെ ജൈവഘടനയിൽ തന്നെ പ്രതിസന്ധികൾ നേരിടുമ്പോൾ പാർട്ടിക്കായി ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെന്ന പേരായിരുന്നു  കരുത്തേകിയിരുന്നത്. ഇപ്പോഴിതാ മരണത്തിലും അമരനായി മാറിയിരിക്കുകയാണ് പുഷ്പനെന്ന പോരാളി. സ്വന്തം ജീവൻ പാർട്ടിക്കായി അർപ്പിച്ച എണ്ണമറ്റധീര രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ. പുരോഗമന രാഷ്ട്രീയം തളരാതെ മുൻപോട്ടു കൊണ്ടുപോകുന്നത് അവരുടെ ഓർമ്മകളാണ്. രക്തസാക്ഷികൾ വിരാജിക്കുന്ന ചുവപ്പൻ ആകാശത്തിൽ മറ്റൊരു രക്തതാരകമാവുകയാണ് പുതുക്കുടി പുഷ്പനും.

Remembrance


#Koothuparamba, #CPM, #KeralaPolitics, #Martyr, #RIPPushpan, #Communist

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia