Guide | പൊതുസ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്? വിശദമായി അറിയാം 

 
Public Land Encroachment: Who to Complain to?
Public Land Encroachment: Who to Complain to?

Representational Image Generated by Meta AI

● സർക്കാരിന്റെ വകയായ ഭൂമി അനുമതിയില്ലാതെ കൈവശപ്പെടുത്താൻ പാടില്ല.
● പഞ്ചായത്ത് സെക്രട്ടറിമാർക്ക് കയ്യേറ്റം തടയാൻ അധികാരമുണ്ട്.
● ജില്ലാ കലക്ടർക്ക് പരാതികൾ ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കണം.

കെ ആർ ജോസഫ് 

(KVARTHA) ഇന്ന് ഒരുപാട് പൊതുസ്ഥലങ്ങൾ അനധികൃതമായി കയ്യേറ്റം ചെയ്യപ്പെടുന്നു എന്ന വാർത്ത നിരന്തരം നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. കായലുകളും തോടുകളും പുഴകളും എല്ലാം അനധികൃതമായി മണ്ണിട്ട് നിരത്തി കെട്ടിടങ്ങളും ഫ്ലാറ്റുകളും വില്ലകളും മറ്റ് സ്ഥാപനങ്ങളുമൊക്കെ ഉണ്ടാക്കുന്ന എന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. പ്രകൃതിയുടെ വരദാനങ്ങളായ ഈ പറയുന്നവ ഇങ്ങനെ മണ്ണിട്ട് നിരത്തി സ്വകാര്യവ്യക്തികൾ കയ്യേറുന്നത് നമ്മുടെ നാടിൻ്റെ സുരക്ഷയ്ക്ക് ഒട്ടും ഭൂഷണമല്ല. പ്രകൃതിയ്ക്ക് അത് ദോഷമേ ഉണ്ടാക്കു. 

ഈ അവസരത്തിൽ ഇതിനെതിരെ പ്രതികരിക്കേണ്ടത് ഈ നാടിനെ സ്നേഹിക്കുന്ന ഒരോ വ്യക്തികളുടെയും കടമയാണ്. ഇങ്ങനെ നാടിൻ്റെ പൊതുസ്വത്തായ കായലുകളുടെയും, തോടുകളുടേയും, പുഴകളുടേയും സ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്? ഇതുമായി ബന്ധപ്പെട്ട് അഡ്വ. കെ.ബി മോഹനൻ എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'കായലുകളും തോടുകളും പുഴകളും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ട പ്രകൃതിയുടെ വരദാനങ്ങളാണ്. അവ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ എടുക്കേണ്ട പ്രാഥമികമായ നടപടിക്രമങ്ങൾ താഴെ കുറിക്കുന്നു. കേരള ഭൂസംരക്ഷണ നിയമം, 1957, കേരള പഞ്ചായത്ത് രാജ് നിയമം, 1994 എന്നിവയുടെ നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച്, നദികളുടെ തടങ്ങളും, തീരങ്ങളും സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ സെക്ഷൻ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 218 പ്രകാരം പഞ്ചായത്തുകളിൽ നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നു. 

1957 ലെ കേരള ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 5 പ്രകാരം സർക്കാരിന്റെ വകയായ ഭൂമി അനുമതിയില്ലാതെ കൈവശപ്പെടുത്താൻ പാടില്ല എന്നും വ്യക്തമാക്കുന്നു. ജി.ഒ (പി) നമ്പർ 191/2016/ആർ.ഡി. 01.03.2016-ലെ സർക്കാർ ഉത്തരവ് പ്രകാരം പുഴയോരങ്ങൾ കയ്യേറ്റം തടയുന്നതിൽ കലക്ടർക്കുള്ള അധികാരം പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറി മാർക്ക് വികേന്ദ്രീകരിച്ച് നൽകിയിട്ടുണ്ട്. 

ഗ്രാമപഞ്ചായത്തുകളിലേയും, മുൻസിപ്പാലിറ്റിയിലെയും സെക്രട്ടറിമാർക്കും 1957 ലെ കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരം ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കാൻ അധികാരമുള്ളതാണ്. രണ്ട് നിയമങ്ങളുടേയും നിയമപരമായ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്, ഓരോ ജില്ലയിലെയും ജില്ലാ കളക്ടറുടെ കടമയും ഉത്തരവാദിത്തവുമാണ് കയ്യേറ്റം തടയുക എന്നത്.  

'പഞ്ചായത്തുകളുടെ ഇൻസ്‌പെക്ടർ' എന്ന് വിളിക്കപ്പെടുന്ന കളക്ടർക്ക്  ഗ്രാമപഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റികളുടെയും സെക്രട്ടറിമാർക്ക്  യഥാസമയം ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുവാനുള്ള അധികാരം ഉള്ളതാണ്. കൈയ്യേറ്റം സംബന്ധിച്ച ഉണ്ടാകുന്ന പരാതികൾ പഞ്ചായത്ത് തലത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കളക്ടർക്ക് Forward ചെയ്യാവുന്നതാണ്. മാത്രവുമല്ല 20/9/2018 ലെ സർക്കാർ ഉത്തരവ് 3778/19/Rev. പ്രകാരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ജില്ലാ, റവന്യൂ താലൂക്ക് തലങ്ങളിൽ മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിക്കപ്പെട്ടിട്ടുമുണ്ട്. ഈ മോണിറ്ററിംഗ് സെല്ലുകൾക്കും പരാതി നൽകാവുന്നതാണ്'.

കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇവിടുത്തെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കേണ്ട ഒന്നാണ്. അത് ചിലപ്പോൾ ഒരോരുത്തർക്കും വ്യക്തിപരമായും ഉപകാരപ്പെട്ടേക്കാം. അനധികൃത കൈയ്യേറ്റം എവിടെ കണ്ടാലും വിവരം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുക എന്നത് ഇവിടെ ജീവിക്കുന്ന ഓരോ പൗരൻ്റെയും കടമയാണെന്നത് മറക്കരുത്. ഇതിനെപ്പറ്റി കൃത്യമായി അറിവ് പകരുന്ന ഈ ലേഖനം കൂടുതൽ പേരിലേയ്ക്ക് പങ്കുവെച്ച് പൊതുസമൂഹത്തിൽ എത്തിക്കാൻ മടിക്കേണ്ടതില്ല.
 

#Kerala #landgrabbing #environment #law #publicproperty #savethebackwaters #protectournature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia