Criticism | സീതാറാം യെച്ചൂരിക്ക് പകരമാവുമോ പ്രകാശ് കാരാട്ട്?
● സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ
● പ്രകാശ് കാരാട്ട് മുൻപ് സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു.
കെ ആർ ജോസഫ്
(KVARTHA) സീതാറാം യെച്ചൂരിയോടുള്ള താത്പര്യം സി.പി.എം അണികൾക്ക് പോലും പ്രകാശ് കാരാട്ടിനോട് ഇല്ലേ? പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നൽകിയതിനെത്തുടർന്ന് വലിയ സന്തോഷമില്ലാത്ത പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നും മറ്റും ഉയർന്നു കേൾക്കുന്നത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും. പോളിറ്റ് ബ്യൂറോ ശുപാര്‍ശ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയിലുണ്ടായി. ഇതിനു പുറമെ ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയായി. പ്രകാശ് കാരാട്ട് മലയാളിയാണ്. ഒപ്പം പാലക്കാട്ടുകാരനുമാണ്. മുൻപും അദ്ദേഹം സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്നിട്ടുള്ളയാളാണ്. ഇദ്ദേഹം പാർട്ടി സെക്രട്ടറി ആയി ഇരിക്കുമ്പോൾ ആയിരുന്നു സിപിഎം അതിന്റെ പതനത്തിന്റ അവസാനം കണ്ടത് എന്നത് മറച്ചു വെച്ചിട്ട് കാര്യമില്ല.
സി.പി.എമ്മിൻ്റെ കുത്തുകയായിരുന്ന ത്രിപുരയും, ബംഗാളും എല്ലാം പാർട്ടിക്കു നഷ്ടപ്പെടുന്നതും ഈ കാലയളവിൽ തന്നെ ആയിരുന്നുവെന്ന് ആരെങ്കിലും ഓർത്തെടുത്താലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കപ്പെട്ട് സി.പി.എമ്മിനെ നയിക്കാൻ വരുമ്പോൾ 57 എംപിമാർ ഉണ്ടായിരുന്നു. ഇപ്പോൾ പാർലമെന്റിൽ ഉള്ളത് 57ന് പകരം നാല് കനൽ തരികൾമാത്രം. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
'ബിജെപി ഫാസിസ്റ്റു പാർട്ടി അല്ലെന്ന് പറഞ്ഞ കാരാട്ടിനോളം ബിജെപി സ്നേഹം ഞാൻ കണ്ടിട്ടില്ല, അതെ കാരാട്ട് സിപിഎമ്മിനെ നയിച്ചാൽ യെച്ചൂരി സഖാവിന്റെ ആത്മാർത്ഥമായ മതേതര സ്നേഹത്തെ നിങ്ങൾ ഒറ്റികൊടുക്കുന്നു എന്ന് സ്വാഭാവികമായും ചിന്തിക്കും, എന്തായാലും കാരാട്ട് ബിജെപിക്ക് ഡീൽ ചെയ്യും തീർച്ച', 'പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതിന് ശേഷം കേന്ദ്ര സർക്കാരിനോട് ഏറെ അനുകമ്പ വെച്ച് പുലർത്തുന്ന നേതാവാണ് പ്രകാശ് കാരാട്ട്. ഹർകിഷൻ സിംഗ് സുർജിത്തിന്റെ പാതയിലായിരുന്നു സിതാറാം യെച്ചുരി എങ്കിൽ പ്രകാശ് കാരാട്ട് സംഘപരിവാർ ആലയിലെ മിത്രമായിട്ടാണ് ഏറെ അറിയപ്പെട്ടിരുന്നത് .
ഒന്നാം യുപിഎ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത് പ്രകാശ് കാരട്ടിന്റെ നേതൃത്വത്തിലായിരുന്നു . നിലവിലെ ഇന്ത്യാ മൂന്നണിയുമായി വലിയ അടുപ്പം അദ്ദേഹം വെച്ച് പുലർത്തിയില്ല. ഒരു പിണറായി കമ്മ്യുണിസ്റ്റ് രാഷ്ട്രിയമാണ് പ്രകാശ് കാരാട്ടിൽ എന്നും രാഷ്ട്രിയ കേരളം കണ്ട് വന്നിരുന്നത്. പുതിയ കാല ഇന്ത്യയിൽ ഇന്ത്യാ മുന്നണിക്കൊപ്പം പ്രകാശ് കാരാട്ട് എങ്ങനെ നിലപാട് സ്വികരിച്ച് മുന്നോട്ട് പോകുമെന്ന് വഴിയെ കാത്തിരിക്കാം. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തിനു പ്രകാശ് കാരാട്ടിൽ ഇതുവരെ ഒരു പ്രതിക്ഷയും അർപ്പിച്ചിട്ടില്ല. വരും നാളുകളിൽ എങ്ങനെയെന്ന് കാണേണ്ടി വരും.
യുപിഎ സർക്കാറിന് എതിരെ അണ്ണാ ഹസ്സാരയുടെ വിശ്വസ്തൻ ആയിരുന്നു അന്നത്തെ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദ കാരാട്ട്. കേരള സിപിഎമ്മിനും പിണറായി വിജയനും അനുകൂല നേതാവ് ചുമതലയിൽ വരുന്നത് അത് കാരാട്ട് ഭാര്യ വന്നാലും നിലവിലെ രാഷ്ട്രീയ നിലപാടിൽ ആർ എസ് എസിനും പിണറായി വിജ്യനും വളരെ ആശ്വാസം തന്നെ'.
ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് പ്രകാശ് കാരാട്ടിനോട് ചിലർക്ക് എതിർപ്പുണ്ടെന്നതാണ്. കോൺഗ്രസും സിപിഎമ്മും രണ്ടും മതേതര പുരോഗമന സോഷ്യലിസ്റ്റ് പാർട്ടികളാണ്. കേരളം മാറി മാറി ഭരിച്ചപ്പോൾ ഒന്നും കേരളത്തിന്റെ മതേതര മനസിന് പോറൽ ഏറ്റിട്ടില്ല. പക്ഷെ ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ ഗൗരവകരമാണ്. ഡൽഹിയിൽ കൂടുമ്പോൾ പാർട്ടി കോൺഗ്രസ് അല്ലങ്കിൽ കേന്ദ്ര കമ്മിറ്റി, തിരുവനന്തപുരത്ത് കൂടുമ്പോൾ സംസ്ഥാന കമ്മിറ്റി, കണ്ണൂരിൽ കൂടുമ്പോൾ ജില്ലാ കമ്മിറ്റി, ഇത്രേ ഉള്ളൂ എല്ലാം ഒന്നു തന്നെ എന്ന വിമർശനവും ഇവർ ഉയർത്തുന്നു.
എന്നാൽ പ്രകാശ് കാരാട്ട് ഒരു മാർക്‌സിസ്റ്റ് ചിന്തകനും സമർഥനായ സംഘാടകനുമാണെന്ന് മറുഭാഗം ചൂണ്ടിക്കാട്ടുന്നു. മാർക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം ഉള്ള അദ്ദേഹത്തിന്, സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും രാഷ്ട്രീയ സംഭവവികാസങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയ്യുന്നതിൽ അഗാധമായ പിടിയുണ്ടായിരുന്നു. കേരളത്തിലെ മലബാർ മേഖലയിലെ കാർഷിക ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ അക്കാദമിക് വൃത്തങ്ങളിൽ വളരെയധികം വിലമതിക്കപ്പെട്ടു. 'ആധുനിക ഇന്ത്യയിൽ ഭാഷയും രാഷ്ട്രീയവും' എന്ന അദ്ദേഹത്തിൻ്റെ ബിരുദാനന്തര പ്രബന്ധവും ശ്രദ്ധേയമായിരുന്നു.
മദ്രാസ് ക്രിസ്ത്യൻ കോളേജ്, എഡിൻബർഗ് സർവകലാശാല, ജവഹർലാൽ നെഹ്‌റു സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ച കാരാട്ട്, എഡിൻബർഗിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ജെഎൻയുവിൽ ചേർന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായി. പിന്നീട് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും ഉയർന്നു. പ്രകാശ് കാരാട്ട് ഒരു സമർഥനായ സംഘാടകനും മികച്ച എഴുത്തുകാരനുമായാണ് അറിയപ്പെടുന്നത്. മാർക്‌സിസ്റ്റ് ചിന്തകളെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
സി.പി.എമ്മിന്റെ ഭാവി നേതൃത്വത്തിൽ പ്രകാശ് കാരാട്ട് വഹിക്കുന്ന പങ്ക് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് വീണ്ടും ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കാരാട്ട് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. പാർട്ടിയുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഭാവിക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവും നിർണായകമായ പങ്കു വഹിക്കുമോയെന്ന് കണ്ടറിയാം.
#CPM #PrakashKarat #KeralaPolitics #IndiaPolitics #Communism #Controversy #Leadership