Controversy | പവർ ഗ്രൂപ്പ് എന്നാൽ എന്താണ്, അത് സിനിമയിൽ മാത്രമോ? മോഹൻലാലിൻ്റെ വാക്കും ചില യാഥാർഥ്യങ്ങളും


രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഇതുപോലെ തന്നെയുള്ള ഒരു പവർഗ്രൂപ്പ് ഇല്ലേയെന്ന് പൊതുസമൂഹത്തിൽ നിന്ന് ചോദ്യം ഉയരുകയാണ്
കെ ആർ ജോസഫ്
(KVARTHA) പവർ ഗ്രൂപ്പ് എന്നത് ചർച്ചയാകുന്നത് ഹേമാ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ്. സിനിമ മേഖലയിൽ നടികൾ അനുഭവിച്ച പീഡനകഥകളുടെ ഒരു റിപ്പോർട്ടാണ് അവർ പുറത്തുവിട്ടത്. ഇത് കുടത്തിൽ നിന്ന് ഭൂതത്തെ അഴിച്ചുവിട്ട പ്രതീതിയാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ കേരളക്കരയിലെ എല്ലാവരും സിനിമാ മേഖലയിലെ പവർ ഗ്രൂപ്പിൻ്റെ പുറകെയാണ്. സിനിമാ മേഖലയിലുണ്ടായ ദുരനുഭവങ്ങൾക്ക് പിന്നിൽ ഒരു 15 അംഗ പവർ ഗ്രൂപ്പുണ്ടെന്ന് ഹേമ കമ്മീഷൻ സൂചന നൽകുന്നു. അപ്പോഴാണ് പവർ ഗ്രൂപ്പ് ചർച്ചയാക്കപ്പെടുന്നത്. പവർ ഗ്രൂപ്പ് ഈ കാലത്ത് സിനിമയിൽ മാത്രമാണോ ഉള്ളത്?
രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഇതുപോലെ തന്നെയുള്ള ഒരു പവർഗ്രൂപ്പ് ഇല്ലേയെന്ന് പൊതുസമൂഹത്തിൽ നിന്ന് ചോദ്യം ഉയരുകയാണ്. ഒരിക്കൽ നടൻ മോഹന്‍ലാലിനോട് ഒരു മാധ്യമപ്രവർത്തകൻ ഒരു പരിപാടിയില്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. 'ഞാന്‍ മോഹന്‍ലാലിനെ കുറിച്ച് കേട്ട ഒരു ആരോപണം മോഹന്‍ലാല്‍ കൂടെക്കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു, അതിന്‍റെ പേരില്‍ ഒരു ആഘോഷവും നടത്തിയിരുന്നു എന്നാണ്?', മോഹന്‍ലാല്‍ ഒരു നിര്‍വികാരവും പ്രകടിപ്പിക്കാതെ കൃത്യമായി മറുപടി പറയുന്നൂ: 'അത് ശരിയല്ല, മൂവായിരമല്ല അതില്‍ കൂടുതല്‍ വരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'.
അടികിട്ടിയപോലെയായി ആ മാധ്യമ പ്രവർത്തകന്. തുടര്‍ന്ന് മോഹന്‍ലാല്‍ പറഞ്ഞു, 'നമ്മുടെ പത്രങ്ങളും മാസികകളും അത് വിൽക്കാനായിട്ട് ഒന്നും കിട്ടിയില്ലെങ്കില്‍ അവരവരുടെ വീട്ടുകാരെ കുറിച്ച് വരെ എഴുതാന്‍ തയ്യാറായായ പ്രസ്ഥാനങ്ങളാണ് അതൊക്കെ. ഇത് മാത്രമല്ല മറ്റൊരു സ്ത്രീയില്‍ എനിക്ക് മക്കളുണ്ടെന്ന് എഴുതുന്നു, എനിക്ക് കിഡ്നി മാറ്റിവെക്കുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് എഴുതുന്നു. ഇതൊക്കെ ഗോസിപ്പുകളല്ലേ. എല്ലാകാലത്തും ഇതുണ്ടായിട്ടുണ്ട്'.
ഇങ്ങനെയായിരുന്നു മോഹൻലാലിൻ്റെ വാക്കുകൾ. അതായത് ഇന്ന് എന്ത് വിഷയം ഉണ്ടായാലും ആർക്കെങ്കിലും എതിരെ എഴുതുമ്പോഴും ആത്മാർത്ഥമല്ല എന്ന് സാരം. ആർക്കോ വേണ്ടി എന്തോക്കെയോ എഴുതി വിടുന്നു. വെറും കച്ചവടം മാത്രം ചിന്തിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്നു മോഹൻലാൽ. ശരിക്കും മോഹൻലാലിൻ്റെ ഈ വാക്കുകൾ ചിന്തിക്കേണ്ടതാണ്. ഒരാളെ വളർത്താനും തളർത്താനും സിനിമ മേഖലയിൽ മാത്രമല്ല, നമ്മൾ സൂക്ഷ്മമായി പരിശോധിച്ചാൽ എല്ലാ മേഖലയിലേയ്ക്കും ഇത് വ്യാപിച്ചിരിക്കുന്നതായി കാണാം.
രാഷ്ട്രിയ രംഗം മാത്രമല്ല എന്തിനേറെ പറയുന്നു നമ്മുടെ മാധ്യമ രംഗം പോലും ഈ രീതിയിൽ അധ:പതിക്കപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതൊരു സംഘട രൂപീകരിക്കുമ്പോൾ അതിൻ്റെ വളർച്ചയിൽ കഷ്ടപ്പെടാൻ ഒരു വലിയ വിഭാഗം ഉണ്ടാകും. പിന്നീട് അത് വളർന്നു കഴിയുമ്പോൾ ഏതാനും ചിലരുടെ കൈപ്പിടിയിൽ അത് അമരുന്നു. പിന്നീട് അവർ തീരുമാനിക്കുന്നു. ഇതിൽ എന്ത് നടക്കണം, ഏത് രീതിയിൽ കാര്യങ്ങൾ പോകണം, ആരെയൊക്കെ വളർത്തണം എന്നൊക്കെ.
മാധ്യമ മേഖലയിലും കൂട്ടായ്‌മകളുണ്ട്. അവർ ഒന്നിച്ച് നിന്ന് ഒരാളെ തളർത്താനും വളർത്താനും ശ്രമിക്കും. ഒരു വിഷയം ഊതി വലുതാക്കണമെന്നോ ചെറുതാക്കണമെന്നോ എന്നൊക്കെയാവും ഈ മേഖലയിലെ പവർ ഗ്രൂപ്പിൻ്റെ ചിന്താഗതികൾ. അല്ലെങ്കിൽ മാധ്യമ സിൻഡിക്കേറ്റ് അഥവാ മാധ്യമ പ്രവർത്തകർക്കിടയിലെ പവർ ഗ്രൂപ്പ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇതിനെപ്പറ്റി പൊതുസമൂഹത്തിൽ നിന്നും ജയൻ വന്നേരി എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കുറിപ്പിൽ പറയുന്നത്: 'മാധ്യമ സിൻഡിക്കേറ്റ് അഥവാ മാധ്യമ പ്രവർത്തകർക്കിടയിലെ പവർ ഗ്രൂപ്പ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും ഉന്നയിക്കുന്ന ഒരു ആരോപണമാണ് മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന പവർ ഗ്രൂപ്പിനെ പറ്റി. ഏത് ന്യൂസ് ജനങ്ങളെ അറിയിക്കണം, ഏത് ന്യൂസ് മുക്കണം, ഏത് ന്യൂസ് എങ്ങനെ റിപ്പോർട്ട് ചെയ്യണം, ആരെ, ഏത് പാർട്ടിയെ ടാർഗറ്റ് ചെയ്യണം, ഏത് ന്യൂസ് പണം വാങ്ങി ഒതുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മലയാളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിലെ, മിക്കവാറും എല്ലാചാനലി ലെയും മാധ്യമ സ്ഥാപനങ്ങളിലെയും പ്രധാനികൾ ഉൾകൊള്ളുന്ന പ്രബലമായ ആ ഗ്രൂപ്പാണ്. മാധ്യമ സിൻഡിക്കേറ്റ് ആണ്. അവരാണ് വാർത്തകൾ സൃഷ്ഠിക്കുന്നതും വാർത്തകളുടെ ഗതി നിശ്ചയിക്കുന്നതും.
വാർത്തകൾ നിഷ്പക്ഷമായി ഫോളോ ചെയ്യുന്ന ഏതോരാൾക്കും അത് മനസ്സിലാക്കാവുന്നതേ ഒള്ളു. പല വിഷയത്തിലും നമ്മൾ അത് കണ്ടതാണ്. കണ്ടു കൊണ്ടിരിക്കുന്നതാണ്. പറഞ്ഞ് വന്നത്. മാധ്യമങ്ങളിൽ എന്ന് മാത്രമല്ല, എല്ലാ മേഖലയിലും ഈ പവർ ഗ്രൂപ്പുണ്ട്. രാഷ്ട്രീയത്തിലില്ലേ..? ബിസിനസ്സിൽ ഇല്ലേ? ഗവണ്മെന്റ് ജോലിക്കാരിൽ ഇല്ലേ..? എന്തിന് ഇറച്ചിയും മീനും പച്ചക്കറിയും വിൽക്കുന്ന മാർക്കറ്റിലും ചുമട്ടു തൊഴിലാളികൾ ക്കിടയിലും ഇല്ലേ..? അവരുടെ ധാർഷ്ട്യവും തിട്ടൂരവും നമ്മൾ എത്രയോ കാണുന്നതല്ലേ...! ഇത് എല്ലായിടത്തും ഉണ്ട്. അധികാരവും പണവും ഉള്ള എല്ലാ മേഖലയിലും തീർച്ചയായും അതുണ്ട്. സിനിമയിലും ഉണ്ട്.
പക്ഷെ നിങ്ങളത് സിനിമയിൽ മാത്രമേ ഒള്ളു എന്ന് പറയുന്നിടത്താണ് തെറ്റ്. പതിനായിരക്കണക്കിന് ജനങ്ങൾ ജോലി ചെയ്യുന്ന, കോടികളുടെ ബിസിനസ് നടക്കുന്ന, സമൂഹത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന സിനിമ പോലെ ഒരു മേഖലയിൽ അതില്ലാതിരിക്കില്ല. പക്ഷെ അവരെല്ലാം ഒരു ക്രിമിനൽ സംഘമാണെന്നും മാഫിയ ആണെന്നും പറഞ്ഞ് പേര് പറഞ്ഞും എണ്ണം പറഞ്ഞും എടുത്തിട്ട് അലക്കുമ്പോൾ ആരോപണങ്ങൾക്കപ്പുറം അതിന് വിശ്വാസ്യതയുള്ള തെളിവുകൾ ഉണ്ടാകണം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള ബഹുമാന്യരായ കലാകാരന്മാരെ വെറും ഊഹാപോഹങ്ങളുടെയും ആരോപണങ്ങളുടെയും പേരിൽ ചളിവാരി എറിയുമ്പോൾ നിങ്ങളോർക്കുക.. അവർ പെട്ടന്നൊരു ദിവസം കലയുടെ സിംഹാസനത്തിൽ കയറി ഇരുന്നവരല്ല, ഔദാര്യത്തോടെ ആരും കൊണ്ടിരുത്തിയതുമില്ല.
കഴിഞ്ഞ നാല്പത്തിലേറെ വർഷങ്ങൾ ഒരു തപസ്യ പോലെ സിനിമയിൽ പ്രവർത്തിച്ച്, സിനിമക്കായി സമർപ്പിച്ച് അവരിലൂടെ പല തവണ സിനിമയും ഈ നാടും അംഗീകരിക്കപ്പെട്ട് മലയാളിക്ക് അഭിമാനിക്കാനും അഹങ്കരിക്കാനും ഒരുപാട് ഏറെ സംഭാവന നൽകിയവരാണ്. പതിറ്റാണ്ടുകളായി ഒരു ഇൻഡസ്ട്രിയെയും അതിലെ പ്രവർത്തകർക്ക് ജോലിയും ജീവിക്കാനുള്ള സൗകര്യങ്ങളും സഹായങ്ങളും നൽകി, ഈ നാടിന്റെ വളർച്ചയിലും വികസനത്തിലും കാര്യമായ പങ്ക് വഹിച്ചവരുമാണ്. രാജ്യം പല തവണ ആദരിച്ചവരാണ്. അവരുടെ കർമവും പ്രയത്നവുമാണ് അവർ ഇന്നുള്ള ഉയരങ്ങളിൽ എത്തിച്ചത്. അത് ആരുടേയും ഔദാര്യമായിരുന്നില്ല. കൂട്ടത്തിൽ നിന്ന് പോയവരും തോറ്റു മടങ്ങിയവരും അസൂയ കൊണ്ടും അഹന്ത കൊണ്ടും പറയുന്ന ആരോപണങ്ങളിൽ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തെളിവുകൾ ഉണ്ടാകുന്നത് വരെയെങ്കിലും ആ രണ്ട് മഹാനടന്മാരെ വെറുതെ വിടു'.
ഇതാണ് ആ കുറിപ്പിന്റെ ചുരുക്കം. പവർ ഗ്രൂപ്പ് എന്ന പദം ഇന്ന് പൊതുസമൂഹത്തിൽ ഒരു പ്രത്യേക അർത്ഥം സൂചിപ്പിക്കുന്നു. പലർക്കും ഇതിന്റെ അർത്ഥം ഇപ്പോൾ നന്നായി മനസ്സിലാകുന്നു. സമൂഹം ഇത്തരം ഗ്രൂപ്പുകളെ വിശ്വാസയോഗ്യമല്ലാത്തവരായി വിലയിരുത്തിയിരിക്കുന്നു. ഒരുപാട് കാലം ആരെയും വിഡ്ഢികളാക്കാൻ സാധിക്കില്ലെന്നതാണ് ഇതിൽ നിന്നും നാം മനസിലാക്കേണ്ടത്. രാഷ്ട്രീയം, മാധ്യമം, സിനിമ, ബിസിനസ് തുടങ്ങിയ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ ഈ വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.