Controversy | പൂരം വിവാദം: എം വി ഗോവിന്ദൻ മുഖ്യമന്ത്രിയെ കൈവിട്ടത് എന്തുകൊണ്ട്?
* പൂരം തൃശൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ല. കേരളത്തിന്റെ ആകെ സാംസ്‌കാരിക ഉത്സവമാണ്. അതിന് ഭംഗം വരുത്താന്‍ ഒത്തുകളിച്ചെന്ന ആരോപണം അത്ര നിസാരമല്ല
അർണവ് അനിത
(KVARTHA) എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം രാഷ്ട്രീയ തിരിച്ചടിയാകുമെന്നുള്ളത് കൊണ്ടും സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടും സിപിഎം ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ കൈവെടിഞ്ഞു. സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും ഞങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്നും സംസ്ഥാന സെക്രട്ടറി ഞായറാഴ്ച നിലപാട് വ്യക്തമാക്കിയത് വെറുതെയല്ല. എഡിജിപിയുടെ നീക്കങ്ങളില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
അതിനും മുമ്പേ സിപിഐയും രംഗത്തെത്തിയിരുന്നു. പൂരം അലങ്കോലമായത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പൂരം തൃശൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ല. കേരളത്തിന്റെ ആകെ സാംസ്‌കാരിക ഉത്സവമാണ്. അതിന് ഭംഗം വരുത്താന്‍ സിപിഎമ്മും സര്‍ക്കാരും ആര്‍എസ്എസും ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം അത്ര നിസാരമല്ല. അത് സാധൂകരിക്കുന്ന നിരവധി കാര്യങ്ങളും നടന്നിട്ടുണ്ട്. അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്ന് സ്ഥിരീകരിക്കാനാകില്ല.
കാരണം എം.വി ഗോവിന്ദന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ആവര്‍ത്തിക്കുന്നൊരു കാര്യമുണ്ട്, ആര്‍എസ്എസുമായും ബിജെപിയുമായുള്ള പാര്‍ട്ടി നിലപാടില്‍ യാതൊരു മാറ്റവുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ വിമര്‍ശിച്ചാണ് സിപിഎം പ്രചരണം നടത്തിയതും. എന്നാല്‍ പിന്നാമ്പുറത്ത് കൂടി അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്ന ആക്ഷേപം അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സഹയാത്രികരും വിശ്വസിക്കാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടാണ് പാര്‍ട്ടിക്കിതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനം എടുക്കേണ്ടതെന്ന് ഗോവിന്ദന്‍ മാഷ് വ്യക്തമാക്കിയത്. സര്‍ക്കാരുണ്ടാക്കിയ പ്രതിസന്ധിയാണ്, പാര്‍ട്ടിക്കതില്‍ പങ്കില്ല, സര്‍ക്കാര്‍ തന്നെ പരിഹരിക്കണം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ട് എട്ട് കൊല്ലത്തോളമായി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എക്‌സാലോജിക്, എഐ ക്യാമറ, സ്പ്രിംഗ്ലര്‍ അങ്ങനെ നിരവധി വിവാദങ്ങളും കേസുകളും ഉണ്ടായിട്ടുണ്ടെങ്കിലും സിപിഎം ഒരിക്കലും സര്‍ക്കാരിനെയോ, മുഖ്യമന്ത്രിയെയോ കൈവിട്ടിട്ടില്ല. എഐ ക്യാമറാ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ സ്ഥാപനത്തിന് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി ആദ്യം മുഖ്യമന്ത്രിക്കൊപ്പം നിന്നില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. ഇതിപ്പോള്‍ അങ്ങനെയല്ല, തങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുകയാണ്.
അതിനര്‍ത്ഥം പാര്‍ട്ടിയുടെ അറിവോടെയല്ല എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ്. വിഷയം നേരത്തെ തന്നെ പാര്‍ട്ടിക്ക് അറിയാമായിരുന്നെങ്കിലും വിവാദമാകാത്തത് കൊണ്ടാണ് ഇടപെടാതിരുന്നതെന്നും വ്യക്തം. ശനിയാഴ്ച രാത്രി ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവരെ മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന് എഡിജിപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി കൂടി കൈവിട്ട സാഹചര്യത്തില്‍ അജിത്കുമാറിനോട് അവധി നീട്ടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.
അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നടപടിയുണ്ടായേക്കാം. കാരണം അതീവഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ എംഎല്‍.എ എംആര്‍ അജിത് കുമാറിനെതിരെ നടത്തിയത്. അതിനെ സര്‍ക്കാരോ, പാര്‍ട്ടിയോ തള്ളിക്കളഞ്ഞിട്ടുമില്ല. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. സിപിഐയുടെ അതൃപ്തി ചൂണ്ടിക്കാണിച്ചപ്പോള്‍ എന്റെ മുഖം കണ്ടിട്ട് തൃപിതിയോടെയാണോ ഞാന്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, എനിക്കും അതൃപ്തിയുണ്ടെന്ന് എം.വി ഗോവിന്ദന്‍ തുറന്നടിച്ചു.
അതിനര്‍ത്ഥം എംആര്‍ അജിത് കുമാര്‍ സര്‍ക്കാരിനെ മാത്രമല്ല, പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയെന്നാണ്. അതുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥനെതിരെ ധൃതിപിടിച്ച് നടപടിയെടുക്കാനാകില്ല, അതിന് ചില നടപടിക്രമങ്ങളുണ്ട്. അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും പാര്‍ട്ടി വിചാരണ ചെയ്യപ്പെടുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുന്നതിനാലും കേന്ദ്ര നേതൃത്വം അസംതൃപ്തി അറിയിച്ചതിനാലും തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും പ്രശ്‌നം നീട്ടിക്കൊണ്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎമ്മിന് മനസ്സിലായി.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും അന്വേഷിച്ചത് കൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്രാപിക്കുകയേ ഉള്ളൂ. അതുകൊണ്ടാണ് ഈ രണ്ട് കേസുകളും കേന്ദ്രസര്‍ക്കാര്‍ ചവിട്ടിപ്പിടിച്ചിരിക്കുന്നത്. ഇത് അറിയാവുന്ന സിപിഎം ബിജെപിയുടെ കൊടകര കുഴല്‍പ്പണ കേസും കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസും സര്‍ക്കാര്‍ ചവിട്ടിപ്പിടിച്ചിരിക്കുന്നത്.
#PooramControversy #MVGovindan #PinarayiVijayan #CPIStance #KeralaPolitics #RSSLeaders