● ചേലക്കരയിൽ കോൺഗ്രസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു
● ചേലക്കര 25 വർഷമായി ഇടതുപക്ഷത്തിന്റെ കൈവശമാണ്
● ബിജെപിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല
അർണവ് അനിത
(KVARTHA) ചേലക്കരയിലെ ഇടത്‌കോട്ട ഇക്കുറി തകരുമോ എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ വലിയ വെല്ലുവിളി. കാല്‍നൂറ്റാണ്ടിലധികമായി ഇടതുപക്ഷം അടക്കിവാഴുന്ന മണ്ഡലമാണിത്. 1996ല്‍ 2400 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.രാധാകൃഷ്ണനാണ് ഈ മണ്ഡലം കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചത്. എന്നാല്‍ 2001ല്‍ രാധാകൃഷ്ണന് 1400 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. 2006ല്‍ അത് 14,000 ആയി ഉയര്‍ത്തി. 2011ല്‍ 24,000 ആയത് മാറി. 2016ല്‍ യുആര്‍ പ്രദീപ് മത്സരിച്ചപ്പോള്‍ 10200 ആയി ഭൂരിപക്ഷം കുറഞ്ഞു. 2021ല്‍ രാധാകൃഷ്ണന്‍ വീണ്ടും മത്സരിക്കുകയും 39,400 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. അങ്ങനെ ഇടത്പക്ഷം എന്നതിലുപരി കെ.രാധാകൃഷ്ണന്റെ ഒരു ആധിപത്യം ചേലക്കരയിലുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.
രാധാകൃഷ്ണന്‍ ഒഴികെ ആര് മത്സരിച്ചാലും സിപിഎമ്മിന്റെ വോട്ടില്‍ കുറവ് വരുകയും ചെയ്യുന്നു. സമാനമായ സാഹചര്യമാണ് ഇത്തവണ ചേലക്കരയിലുള്ളത്. മാത്രമല്ല ദേവസ്വം മന്ത്രിയായിരുന്ന രാധാകൃഷ്ണനെ ഒതുക്കാനായാണ് പിണറായി വിജയന്‍ അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. കോണ്‍ഗ്രസ് അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം രാധാകൃഷ്ണന്‍ സജീവമല്ലായിരുന്നു.
യുആര്‍ പ്രദീപ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. അതിന് ശേഷമാണ് അദ്ദേഹം എത്തിയത്. ഇതിനെല്ലാം പുറമേ പട്ടികജാതി മന്ത്രി സംസ്ഥാനത്തില്ല എന്ന കാര്യവും കോണ്‍ഗ്രസ് പ്രചരണ ആയുധമാക്കി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പട്ടിജ ജാതിവിഭാഗത്തില്‍ പെട്ട മന്ത്രി ഇല്ലത്ത മന്ത്രിസഭ ഉണ്ടായിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഇതൊക്കെ മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തത്.
ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത മണ്ഡലമാണ് ചേലക്കര. 2011ല്‍ 7056 ഉം 2016ല്‍ 23,000 വോട്ടും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വോട്ട് വിഹിതം ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരുകയാണ്. 2016ല്‍ സരസു മത്സരിച്ചപ്പോള്‍ 16 %വും 2019ല്‍ സരസു മത്സരിച്ചപ്പോള്‍ 19 %വും വോട്ട് ബിജെപിക്ക് ലഭിച്ചു. ഇത്തവണ അത്രയും വോട്ട് ബിജെപിക്ക് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍, കാരണം ബാലകൃഷ്ണന്‍ വളരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് ബിജെപി അനുഭാവികളുടെ വോട്ട് കോണ്‍ഗ്രസിന് പോകാനാണ് സാധ്യത. ഈ അനുഭാവികളെല്ലാം പഴയ കോണ്‍ഗ്രസുകാരാണ്.
കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിയുന്ന മണ്ഡലം കൂടിയാണിത്. 2016ല്‍ തുളസി മത്സരിച്ചപ്പോള്‍ കടുത്ത പോരാട്ടമായിരുന്നു. രമ്യ ഹരിദാസിനും അതിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിന് കീഴിലുള്ള ചേലക്കര നിയമസഭാ മണ്ഡലത്തില്‍ കെ.രാധാകൃഷ്ണന് 5127 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചിട്ടുള്ളൂ. പാര്‍ലമെന്റിലേക്ക് വേറെ വോട്ടിംഗ് രീതിയാണെങ്കിലും ഇത്തവണ ഭരണവിരുദ്ധവികാരവും രാധാകൃഷ്ണനെ മാറ്റിയതിലുള്ള എതിര്‍പ്പും പ്രകടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
2019ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് രമ്യഹരിദാസിന് 23,595 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. അതുകൊണ്ട് രമ്യയുടെ സാധ്യത തള്ളിക്കളയാനാകില്ല. 2024ല്‍ 55,000 വോട്ട് കിട്ടി. രാധാകൃഷ്ണന്‍ എതിരാളിയായിട്ടും ഇത്രയും വോട്ട് പിടിക്കാനായത് വലിയ നേട്ടമാണ്. പിവി അന്‍വര്‍ കോണ്‍ഗ്രസ് വിമതനായ സുധീറിനെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. മണ്ഡലത്തില്‍ 25 ശതമാനം മുസ്ലിം വോട്ടുണ്ട്. ഈ വോട്ട് ഇടത് വലത് മുന്നണികളിലായി വിഭജിക്കും. അല്ലെങ്കില്‍ തൃശൂര്‍ പൂരം, കൊടകര കുഴല്‍പ്പണം എന്നീ വിവാദങ്ങള്‍ ബാധിക്കണം. അതിനുള്ള സാധ്യത കുറവാണ്.
പതിനായിരത്തോളം ക്രൈസ്തവ വോട്ടുണ്ട്. സാധാരണ ഇത് കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ മുനമ്പം, വയനാട് വഖഫ് ബോര്‍ഡ് ഭൂമി വിഷയങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയതിനാല്‍ ഇടതുപക്ഷത്തിന് ഈ വോട്ടുകള്‍ കിട്ടാനൊരു സാധ്യതയും ഇത്തവണയുമില്ല. മാത്രമല്ല ന്യൂനപക്ഷമോര്‍ച്ചക്കാര്‍ ക്രൈസ്തവ വീടുകളില്‍ കയറി മുസ്ലിം വിരുദ്ധപ്രചരണം ശക്തമായി നടത്തുന്നു. ഇത് സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും ദോഷം ചെയ്യും. ഇടത്-വലത് മുന്നണികള്‍ മുസ്ലിംങ്ങള്‍ക്കൊപ്പമാണെന്നാണ് ന്യൂനപക്ഷമോര്‍ച്ച പ്രചരിപ്പിച്ച ലഘുലേഖയിലുള്ളത്.
അതുകൊണ്ട് ഇടതുപക്ഷത്തിന് അത്ര ഈസി വാക്കോവറല്ല ചേലക്കര. കോണ്‍ഗ്രസ് മൂന്ന് മാസം മുമ്പേ മണ്ഡലത്തില്‍ ആസൂത്രിതമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അവിടെ യാതൊരു ഭിന്നതയുമില്ല. നേതാക്കളെല്ലാം വന്ന് പ്രചരണം നടത്തി. രാഹുല്‍ ബ്രിഗേഡിലുള്ളയാളാണ് രമ്യ എന്നതും അനുഗ്രഹമാണ്. പാലക്കാട് വിവാദങ്ങള്‍ കൊഴുപ്പിച്ചപ്പോള്‍, രാഷ്ട്രീയം മാത്രമാണ് ചേലക്കരയില്‍ ചര്‍ച്ച ചെയ്തത്. അതുകൊണ്ട് ഭരണവിരുദ്ധതയും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയും തെരഞ്ഞെടുപ്പില്‍ പ്രധാനഘടകമാണ്. അതുകൊണ്ടാണ് ഏകപക്ഷീയമായ മത്സരമല്ലെന്ന് വിദഗ്ധരും നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഈ മണ്ഡലം നഷ്ടപ്പെട്ടാല്‍ പിണറായി വിജയനായിരിക്കും ഏറ്റവും വലിയ തിരിച്ചടി.
#KeralaElections #Chelakkara #KeralaPolitics #CPI(M) #Congress