

● ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അൻവർ പ്രസ്താവിച്ചു കഴിഞ്ഞു.
● കോൺഗ്രസ് നേതാവായിരുന്ന പി വി അൻവറെ എൽ.ഡി.എഫ് സ്വതന്ത്രനാക്കി നിർത്തിയാണ് മുൻപ് എൽ.ഡി.എഫ് നിലമ്പൂർ സീറ്റ് പിടിച്ചെടുത്തത്.
● കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിൽ നിസ്സാര വോട്ടുകൾക്കാണ് ബാബുവിന് എം സ്വരാജിനെ തോൽപ്പിക്കാനായത്.
മിൻ്റാ മരിയാ തോമസ്
(KVARTHA) നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ ഇടത് സ്ഥാനാർത്ഥി എം സ്വരാജ് ആകുമോ? ഇതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടതുമുന്നണിയുമായും പ്രത്യേകിച്ച് സി.പി.എമ്മുമായുള്ള സകല ബന്ധവും വിച്ഛേദിച്ച് മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്ന നിലമ്പൂർ എംഎൽഎ പി വി അൻവർ തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. സ്പീക്കർക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒന്നരവർഷം കൂടി കാലാവധിയുള്ളതിനാൽ തന്നെ അൻവർ രാജിവെച്ച ഒഴിവിൽ നിലമ്പൂരിൽ ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നത് തീർച്ചയാണ്. താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അൻവർ പ്രസ്താവിച്ചു കഴിഞ്ഞു. തൻ്റെ പിന്തുണ യുഡിഎഫിനായിരിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് വി എസ് ജോയിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്നും പി.വി അൻവർ ആവശ്യപ്പെടുകയുണ്ടായി.
അങ്ങനെ വന്നാൽ മുപ്പതിനായിരം വോട്ടുകൾക്ക് വി എസ് ജോയി ജയിക്കുമെന്നതാണ് പി വി അൻവറിൻ്റെ അവകാശവാദം. അൻവറെ പിണക്കിക്കൊണ്ട് ഒരിക്കലും യു.ഡി.എഫ് നിലമ്പൂരിൽ ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. കാലാകാലങ്ങളായി തങ്ങളുടെ കൈവശം ഇരുന്ന നിലമ്പൂർ സീറ്റ് എങ്ങനെയും തിരിച്ചു പിടിക്കുകയെന്നത് യു.ഡി.എഫിൻ്റെ പ്രസ്റ്റീജ് വിഷയവുമാണ്. മാത്രമല്ല, താൻ എൽ.ഡി.എഫിനായി പിടിച്ചെടുത്ത നിലമ്പൂർ സീറ്റിൽ താൻ അല്ലാതെ മറ്റൊരാൾ എൽ.ഡി.എഫിനായി ജയിക്കരുതെന്നത് അൻവറിൻ്റെയും അഭിമാനവിഷയമാണ്.
അതുകൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കാനാവശ്യമായതെല്ലാം പി വി അൻവർ തന്നെ ചെയ്തുകൊള്ളുമെന്നതും യു.ഡി.എഫ് നേതാക്കൾക്ക് അറിയാം. കോൺഗ്രസ് നേതാവായിരുന്ന പി വി അൻവറെ എൽ.ഡി.എഫ് സ്വതന്ത്രനാക്കി നിർത്തിയാണ് മുൻപ് എൽ.ഡി.എഫ് നിലമ്പൂർ സീറ്റ് പിടിച്ചെടുത്തത്. അന്ന് തോൽപിച്ചത് അവിടെ വർഷങ്ങളോളം ജനപ്രതിനിധിയായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മിൻ്റെ പുത്രനും ഇപ്പോഴത്തെ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ ആയിരുന്നു.
താൻ അവിടെ സ്ഥാനാർത്ഥിയായതുകൊണ്ടാണ് എൽ.ഡി.എഫിന് നിലമ്പൂർ സീറ്റ് ലഭിച്ചതെന്ന് അൻവർ പലപ്പോഴായി അവകാശപ്പെട്ടിരുന്നു. ഇതിനെ മറികടന്ന് പാർട്ടി ചിഹ്നത്തിൽ ഒരാളെ വിജയിപ്പിച്ച് പി.വി അൻവറിന് തിരിച്ചടി കൊടുക്കുകയെന്നത് ഭരണകക്ഷിയായ സി.പി.എമ്മിൻ്റെയും അഭിമാന പ്രശ്നമാകുന്നു. വി.എസ് ജോയിയെപ്പോലെ ഒരു ചെറുപ്പക്കാരൻ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടികൊടുക്കാനാവും എൽ.ഡി.എഫും ശ്രമിക്കുക.
ഇനി പുറത്തു നിന്നൊരാൾക്ക് പിന്തുണകൊടുത്ത് സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നാൽ പാർട്ടി പ്രവർത്തകരുടെ ഇടയിൽ നിന്ന് വലിയൊരു എതിർപ്പ് ഉണ്ടാകുമെന്നും അത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യു.ഡി.എഫിൻ്റെ വലിയൊരു വിജയത്തിന് കാരണമാകുമെന്നും സി.പി.എമ്മിന് അറിയാം. അതുകൊണ്ട് പാർട്ടിക്കുള്ളിൽ തന്നെയുള്ള എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് കൊണ്ടുപോകാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ ആകും സി.പി.എം നിലമ്പൂരിൽ അവതരിപ്പിക്കുക. അതിന് പറ്റിയ ആൾ നിലമ്പൂരിൽ തന്നെയുണ്ടെന്നതും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
നിലമ്പൂരിൽ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ പറ്റിയ വ്യക്തി എന്നനിലയിൽ കൂടുതൽ പേരും പിന്തുണയ്ക്കാൻ സാധ്യതയുള്ളത് നിലമ്പൂർ സ്വദേശിയും മുൻ തൃപ്പൂണിത്തറ എം.എൽ.എയും കൂടിയായ എം. സ്വരാജിനെയാകും. അദ്ദേഹം സി.പി.എമ്മിൽ തന്നെ അറിയപ്പെടുന്ന ഒരു മികച്ച സംഘാടകനാണ്. കൂടാതെ നല്ലൊരു വാഗ്മിയും. കാലാകാലങ്ങളായി തൃപ്പുത്തിത്തറ നിയമസഭാ മണ്ഡലത്തിൽ എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് കെ ബാബുവിനെ വീഴ്ത്താൻ എൽ.ഡി.എഫ് നിയോഗിച്ചത് എം സ്വരാജിനെയായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
കെ ബാബുവിനെ തോൽപ്പിച്ച് സ്വരാജ് നിയമസഭയിൽ എത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിൽ നിസ്സാര വോട്ടുകൾക്കാണ് ബാബുവിന് എം സ്വരാജിനെ തോൽപ്പിക്കാനായത്. അതിൻ്റെ കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്. ഇപ്പോൾ എൽ.ഡി.എഫിന് വലിയ വെല്ലുവിളി ഉയരുന്ന ഈ സമയത്ത് നിലമ്പൂരിൽ എൽ.ഡി.എഫിനെ നയിക്കാൻ പറ്റിയ ആൾ എം സ്വരാജ് ആണെന്നുള്ള വിശ്വാസം സഖാക്കൾക്കിടയിലുണ്ട്. അങ്ങനെ വന്നാൽ വി എസ് ജോയിയും എം സ്വരാജും തമ്മിൽ പൊരിഞ്ഞ ഒരു പോരാട്ടത്തിനായിരിക്കും നിലമ്പൂർ സാക്ഷ്യം വഹിക്കുക.
ഇവരിൽ ആരാണെങ്കിലും ഇരു മുന്നണികൾക്കും മികച്ച സ്ഥാനാർത്ഥികൾ തന്നെ. വി.എസ് ജോയി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റായി രംഗപ്രവേശം ചെയ്ത ആളാണ്. എം സ്വരാജ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയാണ് പൊതുസമൂഹത്തിൽ സ്വീകാര്യനായത്. രണ്ട് പേരും ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ളവർ തന്നെ. പ്രത്യേകിച്ച് നിലമ്പൂരിനെ അടുത്തറിയാവുന്നവരും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളാകും ഉയരുന്നത്. കാത്തിക്കാം നിലമ്പൂരിലെ ഇടതു - വലത് സ്ഥാനാർത്ഥി ജോയിയോ സ്വരാജോ എന്നത്. എന്തായാലും രാഷ്ട്രീയ കേരളം ഇനി ഉണരുകയാണ്.
#Nilambur, #M_Swaraj, #LDF, #UDF, #KeralaPolitics, #ByElection