Discussions | അജിത് കുമാർ തെറിക്കുമോ? ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ; കൂടിക്കാഴ്ചകളിൽ പ്രത്യേകതയില്ലെന്നും സാധാരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്


● സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപോർട് കൈമാറിയിട്ടുണ്ട്
● പൊളിറ്റികൽ സെക്രടറി അടക്കമുള്ളവർ ക്ലിഫ് ഹൗസിലെത്തി
● പൊലീസ് മേധാവിയും ക്ലിഫ് ഹൗസിലെത്തുമെന്ന് പറയുന്നു
തിരുവനന്തപുരം: (KVARTHA) എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപോർട് സർകാരിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസിൽ നിർണായക ചർച്ചകൾ നടക്കുന്നതായി റിപോർട്. അജിത് കുമാറിനെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനകളുണ്ട്.
അജിത്കുമാറിന്റെ വീഴ്ചകളിൽ സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപോർട് ശനിയാഴ്ചയാണ് സർകാരിന് കൈമാറിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉന്നതർ എത്തിയതാണ് ചർച്ചയായത്. മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറി പി ശശി, പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷ്, അഡി. പ്രൈവറ്റ് സെക്രടറി സി എം രവീന്ദ്രൻ തുടങ്ങിയവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.
പൊലീസ് മേധാവിയും ക്ലിഫ് ഹൗസിലെത്തുമെന്ന് വിവരമുണ്ട്. ഈ സാഹചര്യത്തിൽ, അജിത് കുമാറിനെതിരെ ഞായറാഴ്ച തന്നെ നടപടി ഉണ്ടായേക്കുമെന്നുള്ള നിഗമനത്തിലേക്ക് പലരും എത്തിച്ചേരുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രടറിയും പൊളിറ്റികൽ സെക്രടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണെന്ന് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും ഇവ നടക്കാറുള്ളതുമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
#AjithKumar #KeralaPolitics #PoliceInvestigation #CliffHouse #GovernmentMeetings #NewsUpdate