Election Result | ജനം മോദിക്കെതിരായിരുന്നു, എന്നിട്ടും അധികാരത്തിലെത്തിയതിന് ഉത്തരവാദികള്‍ ആരാണ്?

 
Politics
Politics


രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, കാര്‍ഷിക പ്രശ്‌നങ്ങള്‍, അരാജകത്വം, അസമത്വം, ക്രമസമാധാനം എന്നീ കാര്യങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ വലിയ പരാജയമായിരുന്നു

അര്‍ണവ് അനിത

(KVARTHA) ഏത് എഴുത്തുപരീക്ഷയും കാണാതെ പഠിച്ച് പാസ്സാകാം, തെരഞ്ഞെടുപ്പ് അത്തരത്തില്‍ വിജയിക്കാന്‍ പറ്റുന്നൊരു പരീക്ഷണശാലയല്ല, അവിടെ അടുത്തതെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി കാണാനാകണം, അന്തംവിട്ട പരീക്ഷണങ്ങള്‍ക്ക് തയ്യാറാകണം എങ്കിലേ വിജയിക്കാനാകൂ. അധികാരത്തിലിരിക്കുന്നവര്‍ അത് നിലനിര്‍ത്താനായി എന്ത് തോന്ന്യാസോം കാണിക്കും. അതൊക്കെ മുന്‍കൂട്ടി കണ്ട് തന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് കഴിയണം. പ്രത്യേകിച്ച് പ്രതിപക്ഷത്തെ നയിക്കുന്നവര്‍ക്ക്. 

അതിന് കഴിയാതെ പോയതിന്റെ വ്യക്തമായ ഉദാഹരണമാണ് വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മുന്ന് ലക്ഷത്തിലധികം വോട്ടിന് മോദി പരാജയപ്പെട്ടേനെ എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ത്യാ സഖ്യം യോഗത്തില്‍ ഇക്കാര്യം ആദ്യമേ പറഞ്ഞതാണ്. അന്ന് കോണ്‍ഗ്രസ് അതിനെ പുച്ഛിച്ചുതള്ളി. മമതയ്ക്കുള്ള ദീര്‍ഘവീക്ഷണം പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായില്ല. ഇക്കാര്യത്തില്‍ മാത്രമല്ല പല കാര്യങ്ങളിലും കോണ്‍ഗ്രസ് വലിയ പരാജയമായിരന്നു.

രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, കാര്‍ഷിക പ്രശ്‌നങ്ങള്‍, അരാജകത്വം, അസമത്വം, ക്രമസമാധാനം എന്നീ കാര്യങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ വലിയ പരാജയമായിരുന്നു. എന്നിട്ടും ഇതിനൊക്കെയെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. പൗരത്വഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയെ ഭയന്ന് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും ചെയ്തു. അതേസമയം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും നടത്തിയ സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്രമോദിക്ക് പിടിച്ചുനില്‍ക്കാനായില്ല. 2023 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 195 സമരങ്ങളാണ് നടന്നത്. ഓരോ മാസവും സമരം നയിക്കേണ്ട അവസ്ഥയുണ്ടായി. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് നരേന്ദ്രമോദി 2014ല്‍ വോട്ട് തേടിയത്. 

അധികാരത്തിലെത്തിയ ശേഷം അത് പാലിച്ചില്ലെന്ന് മാത്രമല്ല കര്‍ഷകരെ ദ്രോഹിക്കുന്ന കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിവാദമായ കാര്‍ഷിക ബില്ലും നടപ്പാക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പഞ്ചാബ്, ഹരിയാന, യുപി, ബിഹാര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ സമരവുമായി രംഗത്തെത്തിയത്. ഈ സമരങ്ങള്‍ക്ക് നേതൃത്വവും പിന്തുണയും നല്‍കിയത് രാജ്യത്തെ ഇടതുപാര്‍ട്ടികളായിരുന്നു. രാഹുലും പ്രിയങ്കയും സമരക്കാരെ കാണാന്‍ പോയതല്ലാതെ വേറൊന്നും ചെയ്തില്ല. ട്രെയിന്‍ തടയുന്നത് അടക്കമുള്ള ശക്തമായ സമരങ്ങളാണ് കര്‍ഷകര്‍ നടത്തിയത്. ഏതാണ്ട് നൂറിലധികം കര്‍ഷകര്‍ ഇതിനിടെ പല കാരണങ്ങളാല്‍ മരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിനിടെ ഹരിയാനയിലും പഞ്ചാബിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ പ്രതിഷേധങ്ങളുണ്ടായതും സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കര്‍ഷകര്‍ വളഞ്ഞതും രാജ്യം കണ്ടു. അവിടെയെങ്ങും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും കണ്ടില്ല. കര്‍ഷകര്‍ക്ക് ജലവും വൈദ്യുതിയും ഉറപ്പാക്കുമെന്നും ഇരട്ടിലാഭം ലഭ്യമാക്കുമെന്നും 2022ല്‍ മോദി പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളില്‍ വെള്ളം എത്തിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന ബോര്‍ഡ് തെരഞ്ഞെടുപ്പിനിടെ ഹരിയാനയില്‍ ചിലയിടത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ നിന്ന് തന്നെ മോദിയുടെ ഗ്യാരണ്ടി എന്നാണെന്ന് മനസ്സിലാക്കാം. ഡല്‍ഹി അതിര്‍ത്തിയില്‍ ഞങ്ങളെ തടഞ്ഞ ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വരേണ്ടെന്ന് പഞ്ചാബിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. യുപിയിലാകട്ടെ റേഷന്‍ പോലും കൃത്യമായി കിട്ടിത്തുടങ്ങിയത് തെരഞ്ഞെടുപ്പിന് തൊണ്ട് മുമ്പാണ്. 

ഹിന്ദിഹൃദയഭൂമി ഇത്തരത്തിലുള്ള ജീവല്‍പ്രശ്‌നങ്ങളാല്‍ തിളച്ചുമറിഞ്ഞപ്പോഴും കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോട് പോലും വളരെ മൃദുസമീപനമാണ് സ്വീകരിച്ചത്. ബിജെപിയെ ഭയന്നും ജനവികാരം മനസ്സിലാക്കാതെയുമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി തോറ്റ്  തുന്നം പാടി. ഇത് മുന്‍കൂട്ടികാണാന്‍ കോണ്‍ഗ്രസിനായില്ല. അതേസമയം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് കഴിഞ്ഞു. അതുകൊണ്ടാണ് ജനറല്‍ സീറ്റായ ഫൈസാബാദില്‍ ദളിത് നേതാവിനെ മത്സരിപ്പിച്ച് വിജയിപ്പിക്കാനായത്. 26 ശതമാനം വരുന്ന ദളിത് വോട്ടും അഞ്ച് ലക്ഷത്തോളം മുസ്ലിംവോട്ടും പിന്നാക്കവിഭാഗക്കാരുടെ വോട്ടും ബിജെപിക്കെതിരായിരുന്നു. ഇഡിയെ ഭയന്ന് മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പി ചെയ്ത വോട്ടുകൊണ്ട് മാത്രമാണ് ബിജെപിക്ക് യുപിയില്‍ പിടിച്ചുനില്‍ക്കാനായത്.

സമരങ്ങളും ജനവികാരങ്ങളും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കര്‍ണാടകയില്‍ മൃഗീയഭൂരിപക്ഷവുമായി അവര്‍ അധികാരത്തിലേറിയിട്ട് ഒരു കൊല്ലം തികയുന്നതേയുള്ളൂ. ആകെയുള്ള 28 സീറ്റില്‍ 17 ഉം ബിജെപി പിടിച്ചെടുത്തു. രണ്ടക്കം കടക്കുമെന്ന വീരവാദമാണ് ഡികെ ശിവകുമാര്‍ മുഴക്കിയത്. 9 സീറ്റേ ലഭിച്ചുള്ളൂ. അതുപോലെ തെലങ്കാനയില്‍ ഭരണം നേടിയിട്ട് മാസങ്ങളധികമായില്ല, ആകെയുള്ള 17 സീറ്റുകളില്‍ എട്ടെണ്ണമാണ് കോണ്‍ഗ്രസ് നേടിയത്. എട്ട് ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഹിമാചല്‍പ്രദേശിലെ നാല് ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. 

യുപി കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. അവിടെ സമാജ് വാദി പാര്‍ട്ടിക്കൊപ്പം എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിഹാറില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രചരണത്തിന് പോയത്. ബിഹാറിലെ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്ന സര്‍ക്കാരിനെ താഴെയിറക്കിയതും മുതലാക്കാനായില്ല. സംഘടനാ സംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണ്. 15 സീറ്റ് കിട്ടിയ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാമക്ഷേത്ര നിര്‍മാണത്തിലും മോദി ഗ്യാരണ്ടിയിലും ഭയന്ന് നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. 

ജനത്തിന്റെ മനസ്സിലെന്താണെന്ന് പോലും തിരിച്ചറിയാനവര്‍ മെനക്കെട്ടില്ല. ബംഗാളില്‍ തൃണമൂലിനൊപ്പം മത്സരിക്കേണ്ടതിന് പകരം ഒറ്റയ്ക്ക് കളത്തിലിറങ്ങി നാണംകെട്ടു. മമതാ ബാനര്‍ജിയും അഖിലേഷ് യാദവും എം.കെ സ്റ്റാലിനും കാണിച്ച ആവേശവും ഉത്തരവാദിത്തവും പോലും കോണ്‍ഗ്രസ് കാണിച്ചില്ല. അതുകൊണ്ട് മാത്രമാണ് മോദി മൂന്നാമതും അധികാരത്തിലേറിയത്. യഥാര്‍ത്ഥ ജനവിധി നടപ്പിലാകാത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണ്. അത് തിരുത്തി മുന്നോട്ട് പോകണം, അല്ലാതെ ഈ വിജയത്തില്‍ അഭിരമിക്കരുത്, അത് ആപത്താണത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia