Kodikunnil Suresh | ആരാണ് സ്പീക്കര്‍ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്?

 
K Suresh
K Suresh


ഇത്തവണ പ്രോടേംസ്പീക്കറാകേണ്ടിയിരുന്ന കൊടിക്കുന്നിലിനെ ജാതിയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം

ആദിത്യന്‍ ആറന്മുള

ന്യൂഡെൽഹി: (KVARTHA) അടിത്തട്ടില്‍ നിന്നാണ് കൊടിക്കുന്നിലിന്റെ വരവും വളര്‍ച്ചയും, അതുകൊണ്ട് അങ്ങനെയൊന്നും ആടിയുലയില്ല. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗമായി അദ്ദേഹം വളര്‍ന്നത് അതിന് തെളിവാണ്. വലിയ വിവാദങ്ങളിലൊന്നും പെടാത്ത ചുരുക്കം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമാണ്. കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലെത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. അന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റായി മത്സരിച്ച് ജയിച്ച കാലമാണ്. 27 വയസ്. 

1989ല്‍ അടൂര്‍ മണ്ഡലത്തിലെ കന്നിയങ്കത്തില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തി. സിപിഐ നേതാവ് എന്‍. രാജനെയാണ് പരാജയപ്പെടുത്തിയത്. 21,542 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. 1991ല്‍ വീണ്ടം തെരഞ്ഞെടുപ്പുണ്ടായി. സിപിഐയുടെ കരുത്തയായ നേതാവ് ഭാര്‍ഗവി തങ്കപ്പനായിരുന്നു എതിരാളി. അതുകൊണ്ട് കടുത്തമത്സരമായിരുന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും (18,595)  അടൂരുകാര്‍ സുരേഷിനെ ചേര്‍ത്തുനിര്‍ത്തി. മൂന്നാമങ്കം 1996ലായിരുന്നു. അതോടെ അടൂരിന്റെ ഭൂമിശാസ്ത്രത്തിലും ജനങ്ങളുടെ മനസ്സിലും കൊടിക്കുന്നില്‍ ആഴത്തിലിറങ്ങിയിരുന്നു. സിപിഐയിലെ പി.കെ രാഘവനെ 65,545 വോട്ടിന് പരാജയപ്പെടുത്തി ഹാട്രിക്ക് അടിച്ചു. 

K Suresh

സിപിഐയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്‍ വെട്ടിപ്പിടിച്ചത് ഇടതുപക്ഷത്തിനും വലിയ തിരിച്ചടിയായി. 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ സിപിഐ യുവാവായ ചെങ്ങറെ സുരേന്ദ്രനെ കളത്തിലിറക്കി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമായ സമയമായിരുന്നു. കേരളത്തിലും അതിന്റെ അലയൊലികള്‍ പടര്‍ന്നു. 17.005 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ പരാജയപ്പെട്ടു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് 13 ദിവസത്തെ അയുസേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് രൂപീകരിച്ച സര്‍ക്കാരും പെട്ടെന്ന് വീണു. 

അങ്ങനെ 1999ലെ തെരഞ്ഞെടുപ്പില്‍ 22,006 വോട്ടിന് ചെങ്ങറയെ മലത്തിയടിച്ചു. 2004ല്‍ ചെങ്ങറെ ശക്തമായി തിരിച്ച് വന്നു. 54,534 വോട്ടിന്റെ ഭൂരിപക്ഷം നേടി. സംസ്ഥാനത്ത് അന്ന് ഇടത് തരംഗമായിരുന്നു. മിക്ക സീറ്റുകളിലും ഇടതുപക്ഷം കറുത്തകുതിരകളായി. രമേശ് ചെന്നിത്തല അടക്കം തോറ്റു. അങ്ങനെയാണ് യുപിഎ സര്‍ക്കാരുണ്ടാകുന്നത്. 2009ല്‍ അടൂര്‍ മണ്ഡലം ഇല്ലാതായി മാവേലിക്കര പിറന്നു. പികെ രാഘവന്റെ മകന്‍ ആര്‍എസ് അനിലും ബിജെപിയുടെ പിഎം വേലായുധനും മത്സരിക്കാനെത്തി. 48,048 വോട്ടിന് കൊടിക്കുന്നില്‍ വീണ്ടും ലോകസഭയിലെത്തി. കേന്ദ്ര സഹമന്ത്രിയുമായി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി ചാക്കോയാണ്  കെ സുരേഷിന് കൊടിക്കുന്നില്‍ സുരേഷ് എന്ന പേരിടുന്നതെന്ന് അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഇങ്ങിനെയൊരു പേര് കണ്ട് ഉമ്മന്‍ചാണ്ടി വിളിച്ച് ചോദിച്ചു, ആരാടാ... ഈ കൊടിക്കുന്നില്‍ സുരേഷ്. അത് കെ.എസ്.യു നേതാവായിരുന്ന സുരേഷാണെന്നും പേര് ഞാനൊന്ന് മാറ്റിപ്പിടിച്ചതാണെന്നും പി.ടി പറഞ്ഞു. തിരുവനന്തപും ജില്ലയിലെ കൊടിക്കുന്നില്‍ എന്ന സ്ഥലത്ത് കുഞ്ഞന്‍-തങ്കമ്മ ദമ്പതികളുടെ മകനായി 1962 ജൂണ്‍ നാലിനാണ് സുരേഷ് ജനിക്കുന്നത്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പ്രിഡിഗ്രി പഠന ശേഷം ലോകോളേജില്‍ നിയമവിദ്യാര്‍ത്ഥിയായി. അവിടെ നിന്നാണ് രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നുവന്നത്.

2014ല്‍ മാവേലിക്കരയില്‍ വലിയ വെല്ലുവിളിയാണ് കൊടിക്കുന്നില്‍ നേരിട്ടത്. അടൂര്‍ മണ്ഡലത്തില്‍ കൊടിക്കുന്നിലിനെ അടിയറവ് പറയിക്കുകയും വിറപ്പിക്കുകയും ചെയ്ത ചെങ്ങറ സുരേന്ദ്രനനും ബിജെപി സ്ഥാനാര്‍ഥിയായി അന്നത്തെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന പി സുധീറും. കൊടിക്കുന്നിലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു. കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. കുട്ടനാട് പാക്കേജ് നടപ്പാക്കാനാകാതിരുന്നതും  സോളാര്‍ വിവാദവും തിരിച്ചടിയായി. നടി ശാലൂമേനോന്റെ വീട്ടില്‍ പോയി കരിക്കുകുടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി. 

അതോടെ പാര്‍ട്ടിക്കുള്ളിലും കൊടിക്കുന്നലിനെ താഴെയിറക്കാന്‍ ശ്രമം നടന്നു. പക്ഷെ, 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം സീറ്റ് നിലനിര്‍ത്തി. 2019 ല്‍ കൊടിക്കുന്നിലിന് തടയിടാനായി ഇടതുപക്ഷവും സിപിഐയും കൂട്ടായി പരിശ്രമിച്ചു.  അടൂരില്‍ സിറ്റിങ്ങ് എം.എല്‍.എ.യായ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി.  ബി.ഡി.ജെ.എസിന്റെ തഴവ സഹദേവനെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാക്കി. ചിറ്റയം ഗോപകുമാര്‍ 3,76,497 വോട്ടും തഴവ സഹദേവന്‍ 1,32,323 വോട്ടുകളും നേടി. 61500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  കൊടിക്കുന്നില്‍ വീണ്ടും കൊടിപാറിച്ചു.   

ഇത്തവണ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായിരുന്നു അത്. കോണ്‍ഗ്രസിനുള്ളിലും കൊടിക്കുന്നിലിനെതിരെ എതിര്‍പ്പുണ്ടായിരുന്നു. അദ്ദേഹം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഉമ്മന്‍ചാണ്ടിയുമായി ഗ്രൂപ്പ് തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹവും ഒത്തുള്ള ചിത്രം പോസ്റ്ററാക്കിയതിനെതിരെയും വിവാദങ്ങളുയര്‍ന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണ മിന്നും വിജയം നേടിയത്. സിപിഐയിലെ സിഎ അരുണ്‍കുമാറിന് നല്ല മത്സരം കാഴ്ചവയ്ക്കാനായി.

പത്തനാപുരം മുതല്‍ കുട്ടനാട് വരെ നീണ്ട് കിടക്കുന്ന മാവേലിക്കര മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം തന്നെ വളരെ വ്യത്യസ്തമാണ്. ദളിത്- ക്രൈസ്തവ-നായര്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ കൊടിക്കുന്നിലിന് എപ്പോഴും കഴിയുന്നു എന്നതാണ് വിജയരഹസ്യം. സഭാ നേതാക്കളുമായും എന്‍എസ്.എസ് നേതൃത്വവുമായും അടുത്തബന്ധം സൂക്ഷിക്കുന്നു. മാവേലിക്കര സംവരണ മണ്ഡലത്തില്‍ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി. 

2012 ഒക്ടോബര്‍ 28-ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തും പാര്‍ലമെന്റില്‍ നിരന്തരം ഇടപെടലുകള്‍ നടത്തിയ എംപിയായിരുന്നു കൊടിക്കുന്നില്‍. സംസ്ഥാന കോണ്‍ഗ്രസില്‍ പലപ്പോഴും അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമം നടന്നെങ്കിലും ഹൈക്കമാന്‍ഡുമായും സോണിയാഗാന്ധിയുമായുള്ള ബന്ധം അനുഗ്രഹമായി. 

ഇപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അതും ചരിത്രത്തിലാദ്യമായി നടക്കുന്ന മത്സരം. ഇത്തവണ പ്രോടേംസ്പീക്കറാകേണ്ടിയിരുന്ന കൊടിക്കുന്നിലിനെ ജാതിയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതുകൊണ്ട് കൊടിക്കുന്നിനെ കൊണ്ട് തന്നെ ബിജെപി സര്‍ക്കാരിനെ വിറപ്പിക്കാനാണ് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്.

sp അടിത്തട്ടില്‍ നിന്ന് വന്നവനാണ്, അങ്ങനെ ആര്‍ക്കും തകര്‍ക്കാനാകില്ല

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia