Controversy | 'ഖാദി ഗാന്ധിജിയുടെ അഹിംസയുമായി ബന്ധപ്പെട്ടത്'; പി ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി ടി ബൽറാം
● ആവശ്യം ഷുക്കൂർ വധക്കേസിൽ ജയരാജന്റെയും രാജേഷിന്റെയും ഹർജി തള്ളിയതിന് പിന്നാലെ
● കേസിൽ ഇരുവരും വിചാരണ നേരിടണം
തിരുവനന്തപുരം: (KVARTHA) മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊലപാതക കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും വിചാരണ നേരിടാൻ പോകുന്ന സാഹചര്യത്തിൽ, ഖാദി ബോർഡ് വൈസ് ചെയർമാനായ പി ജയരാജനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് വി ടി ബൽരാം രംഗത്ത് വന്നു.
ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജന്റെയും ടി വി രാജേഷിൻ്റെയും വിടുതൽ ഹർജി എറണാകുളം സിബിഐ സ്പെഷൽ കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ആവശ്യം ഉന്നയിച്ചത്.
'അരിയിൽ ഷുക്കൂർ എന്ന ഇളം പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരനെ ആസൂത്രിതമായി ഗൂഢാലോചന നടത്തി നൂറുകണക്കിനാളുകളുകളുടെ മുന്നിൽ പരസ്യമായി നെൽ വയലിൽ വച്ച് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയരാജൻ, ടി വി രാജേഷ് എന്നീ രണ്ട് നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു.
ഇവരിലൊരാളാണ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണം', ബൽറാം കുറിച്ചു.
#Politics #Khadi #VTBalram #PJayrajan #Kerala #Congress