Protest Clash | കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ് മാര്‍ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


● ബാരികേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
● പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
● ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ്, സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ (March) വ്യാപക സംഘര്‍ഷം. ജില്ലാ പഞ്ചായത് മുന്‍പ്രസിഡന്റ് പി പി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് ചൊവ്വാഴ്ച പകല്‍ 12 മണിക്ക് നടത്തിയ കമീഷണര്‍ ഓഫീസ് മാര്‍ചിലാണ് പ്രവര്‍ത്തകരും പൊലീസുമായി വ്യാപക സംഘര്‍ഷമുണ്ടായത്.
ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തളാപ്പിലെ ഡിസിസി ഓഫീസില്‍ നിന്നും പതിനൊന്നര മണിയോടെയാണ് യൂത് കോണ്‍ഗ്രസ് മാര്‍ച് തുടങ്ങിയത്. കമീഷണര്‍ ഓഫീസിന് മുന്നില്‍ മാര്‍ച് പൊലീസ് ബാരികേഡ് കെട്ടി തടഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച് ഉദ്ഘാടനം ചെയ്തു. വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ബാരികേഡ് മറിച്ചിടാന്‍ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കൊടികളുടെ പൈപുകള്‍ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ എറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ചില പ്രവര്‍ത്തകര്‍ ബാരികേഡ് മറികടന്നത് പൊലീസുമായി സംഘര്‍ഷത്തിന് ഇടയാക്കി. ഇതോടെ സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞത്. ജില്ലാ പഞ്ചായതിന് അടുത്തുള്ള ഗേറ്റ് പ്രവര്‍ത്തകര്‍ പലവട്ടം മറികടക്കാന്‍ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പന്ത്രണ്ടരമണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. വി രാഹുല്‍, റോബര്‍ട്ട് വെള്ളാര്‍പ്പള്ളി, മഹിത മോഹന്‍, മനോജ് കുമാര്‍ കൂവേരി, വി വി പുരുഷോത്തമന്‍, രാഹുല്‍ കായക്കൂല്‍, ഫര്‍ഹാന്‍ മുണ്ടേരി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
#Kannur #YouthCongress #Protest #PoliceAction #KeralaNews #PoliticalClash