Congress | മുസ്ലിംകളുടെ നേരെ അതിക്രമം ഇപ്പോഴും തുടരുന്നു; കോൺഗ്രസിന്റെ ദൃഷ്ടിയിൽ പതിയുന്നേയില്ല


ഇടപെടേണ്ട ചില പ്രമാദമായ വിഷയങ്ങൾ ഉണ്ടായിട്ടും ഇത്രയും ദിവസം ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ആണ് കാണാൻ കഴിഞ്ഞത്
സോണി കല്ലറയ്ക്കൽ
(KVARTHA) ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ ഏറിയെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ ശക്തമല്ലാത്ത ഒരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഇല്ലാത്ത അവസ്ഥയല്ല ഇത്തവണ. അതിൻ്റെ ആശ്വാസവും ആഹ്ലാദവും ജനങ്ങൾക്കുമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ ഏകപക്ഷിയമായി ഒരു തീരുമാനം മോദി സർക്കാരിന് ഇക്കുറി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്തിൽ ശക്തമായ ഒരു പ്രതിപക്ഷം ആണ് ഇത്തവണ ലോക് സഭയിൽ ഉള്ളത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുത്തിരുന്നു.
അതേസമയം, എന്തെങ്കിലും ഒക്കെ ഇത്തവണ പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്ന് ഒരു നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു മോദി സർക്കാർ അധികാരം ഏറ്റെടുത്തിട്ട് 15 ലേറെ ദിവസമായി നടന്ന പ്രതിപക്ഷത്തിൻ്റെ പ്രവർത്തനങ്ങളെന്ന ആക്ഷേപങ്ങളും ഇതിനിടെ ഉയരുകയാണ്. ഇടപെടേണ്ട ചില പ്രമാദമായ വിഷയങ്ങൾ ഉണ്ടായിട്ടും ഇത്രയും ദിവസം ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ആണ് കാണാൻ കഴിഞ്ഞത്. ഈ 15 ലേറെ ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാറിന് നേരിടേണ്ടി വന്ന വിഷയങ്ങളെക്കുറിച്ച് ഒന്ന് പരിശോധിക്കാം.
ഞെട്ടിക്കുന്ന ട്രെയിൻ അപകടം, തുടരുന്ന കാശ്മീരിലെ ഭീകരാക്രമണങ്ങൾ, ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ, നീറ്റ് അഴിമതി, നെറ്റ് റദ്ദാക്കിയത്, യു.ജി.സി നെറ്റ് ചോദ്യപേപ്പർ ചോർന്നു, പാൽ, പയർ വർഗങ്ങൾ, ടോൾ ചിലവേറി, പടരുന്ന കാട്ടു തീ, രൂക്ഷമായ കുടിവെള്ള പ്രതിസന്ധി, കൊടും ചൂടിലെ മരണങ്ങൾ, ഇതൊക്കെ കേന്ദ്രസർക്കാർ അധികാരം ഏറ്റ് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് അരങ്ങേറിയ സംഭവ വികാസങ്ങൾ ആണെന്ന് ഓർക്കണം. ഈ സമയത്ത് ജനത്തിൻ്റെ ഭാഗത്തുനിന്ന് കേന്ദ്രസർക്കാരിനെ നിയന്ത്രിക്കേണ്ട പ്രതിപക്ഷം എവിടെയെന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് മറുപടി പറയാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും എന്ത് ഉത്തരമാണുള്ളത്.
ശരിക്കും പൊതുസമൂഹത്തിൻ്റെ വിലയിരുത്തലുകളെ നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു രാജ്യത്തെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു. അവർക്ക് ജനങ്ങളുടെ ഇടയിലേയ്ക്ക് ഈ വിഷയം എത്തിക്കാനോ അവരെ ചേർത്തു പിടിച്ച് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കാനോ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. നരേന്ദ്ര മോദി സർക്കാർ ഒരു ന്യൂനപക്ഷ ഗവൺമെൻ്റിനെയാണ് ഇപ്രാവശ്യം നയിച്ചുകൊണ്ടിരിക്കുന്നത്. അതിൻ്റെ ഒരു ഭയം മോദിയ്ക്കും കൂട്ടർക്കും ഇത്തവണ ഉണ്ടാകുമെന്ന് ജനം കരുതി. കാരണം, ശക്തമായ ഒരു പ്രതിപക്ഷം, പിന്നെ പലരെ ചേർത്തുപിടിച്ച് ഉണ്ടാക്കിയ മന്ത്രിസഭ.
എന്നാൽ മോദിയും കൂട്ടരും പഴയതുപോലെ തന്നെ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതാണ് കാണുന്നത്. പ്രതിപക്ഷം ശക്തമല്ലാത്തതും ആണെങ്കിലും ഒരുപോലെയെന്ന് ജനങ്ങളും പറയുന്നു. പ്രതിപക്ഷത്തിൻ്റെ സീരിയസ് ഇല്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് മുണ്ടക്കയം ജോർജ് എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. അതിൽ അദേഹം പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കണക്കിന് വിമർശിക്കുന്നുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ്:
'സെലക്ടീവ് അംനീഷ്യയുള്ള ഇന്ത്യൻ പ്രതിപക്ഷവും നേതാവും. പലരും കരുതുന്നത് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ശക്തമായ പ്രതിപക്ഷം രാജ്യത്തിന് ഗുണകരമാകുമെന്നാണ്. രാജ്യത്ത് ഏകപക്ഷീയമായ ന്യൂനപക്ഷ ആക്രമണങ്ങൾക്ക് നേരെ പ്രത്യേകിച്ച് മുസ്ലീം മനുഷ്യർക്ക് നേരെ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങൾ കോൺഗ്രസിന്റെ ദൃഷ്ടിയിൽ പതിയുന്നേയില്ല. അവഗണിക്കേണ്ട ഒന്നായിത്തന്നെ കോൺഗ്രസ് അതിനെ കാണുന്നുവെന്നതിന്റെ തെളിവാണീ കോൺഗ്രസ് പാർട്ടിയുടെ പോസ്റ്റർ. പശുക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഢിൽ ഹിന്ദുത്വ ഭീകരർ മൂന്നു മനുഷ്യരെ വക വരുത്തിയത് തൊട്ടടുത്ത ദിവസങ്ങളിലാണ്.
എസ്പി, കോൺഗ്രസ് സഖ്യം വലിയ രാഷ്ട്രീയ വിജയം നേടിയ ഉത്തർപ്രദേശിൽ മൂന്ന് മുസ്ലിം മതപണ്ഡിതർ കൊല്ലപ്പെട്ടതും ഈ മാസത്തിൽ തന്നെ. ലോക് സഭ തിരഞ്ഞെടുപ്പിനു ശേഷവും വടക്കെ ഇന്ത്യന്‍ മുസ്ലീംങ്ങളുടെ നേരെ ഹിന്ദുത്വവാദി അതിക്രമം തുടരുന്നു. ഉത്തര്‍പ്രദേശില്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍വച്ചു അടിച്ചു നിരത്തുന്നു. ഛത്തീസ്ഗഡിൽ ആള്‍ക്കൂട്ട അക്രമത്തില്‍ മൂന്നു മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നു.
ഒഡീഷ, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികള്‍ക്കും മുസ്ലീങ്ങൾക്കുനേരെ ആക്രമണം തുടരുന്നു. ഇതിനെക്കുറിച്ച് ഇന്ത്യ സഖ്യവും രാഹുല്‍ ഗാന്ധിയും മൗനം തുടരുന്നു. കോൺഗ്രസ് എപ്പോഴും പള്ളിപ്പറമ്പിലെ രാമനൊപ്പമാണ്. കേരളത്തിൽ വീഡി സതീശനെപ്പോലുള്ളവരാവട്ടെ പണ്ട് കത്തിച്ച് വച്ച സർവർക്കറിന്റെ വിളക്ക് ഊതിക്കത്തിക്കാൻ ഒരിക്കലും മറക്കാത്തവരും. രാഹുൽ പാർലമെന്റിൽ പലപ്പോഴായി ഉയർത്തി നടക്കുന്ന ഇന്ത്യൻ ഭരണഘടന വല്ലപ്പോഴും ഒന്ന് തുറന്നു വായിക്കുകകൂടി വേണ്ടതാണ്'.
ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കോൺഗ്രസ് സ്വല്പം ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഉറപ്പായും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഇന്ത്യ ഭരിക്കുമായിരുന്നു. കപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഘടകക്ഷികളുടെ മികവുറ്റ പ്രവർത്തനം കൊണ്ട് പ്രതിപക്ഷത്ത് ഇത്രയെങ്കിലും എം.പിമാരെ സൃഷ്ടിക്കാനും കഴിഞ്ഞു. അതുവഴി രാഹുൽ ഗാന്ധിയ്ക്ക് കൂടുതൽ വിയർക്കാതെ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് ആകാനും പറ്റി.
ആ സുഖത്തിൽ ഇനിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷ പാർട്ടികളും തുടർന്നാൽ ഈ രാജ്യത്ത് ഇനി ഒരു കാലത്തും ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയ്ക്കും അധികാരത്തിൽ എത്താൻ സാധിച്ചെന്ന് വരില്ല. ഇപ്പോൾ കൂടെ നിൽക്കുന്ന മുസ്ലിം സമുദായം പോലും നാളെ നിങ്ങളെ കൈവിട്ടെന്ന് ഇരിക്കും. പണ്ട് കോൺഗ്രസിനോടൊപ്പം ചേർന്നു നിന്ന പല സമുദായങ്ങളും കേരളത്തിൽ താമര വിരിയിക്കാൻ ഓടുന്നത് നാം കണ്ടതാണ്. ഇന്ന് ആകെ ആത്മാർത്ഥമായി ഒരു സമുദായം മാത്രമേ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും ഒപ്പമുള്ളു. അവരെ കണ്ടില്ലെന്ന് നടിച്ചാകരുത് കോൺഗ്രസിൻ്റെയും പ്രതിപക്ഷത്തിൻ്റെയും ഇനിയുള്ള പ്രവർത്തനങ്ങൾ. അങ്ങനെയെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരും. ഓർത്തുകൊള്ളുക.