Delay | ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം; വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം സംസ്ഥാന സമ്മേളനം വീണ്ടും മാറ്റി
● സമ്മേളനം ജനുവരിയിലേക്ക് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
● രാഷ്ട്രീയത്തില്‍ ഉപദേശകരായി മികച്ച നേതാക്കള്‍ ഇല്ലാത്തതും പ്രതിസന്ധി.
● ഫെബ്രുവരിയിലാണ് തമിഴ് സൂപര്‍താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
ചെന്നൈ: (KVARTHA) നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. പാര്‍ട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടില്‍ മുന്നോട്ട് പോകുമെന്നും വിജയ് പറഞ്ഞിരുന്നു. തമിഴ്‌നാടിനെ നയിക്കുന്ന പാര്‍ട്ടിയായി ഉയരുമെന്നും വിജയ് പ്രതീക്ഷ പങ്കുവച്ചു.
എന്നാല്‍ ഇപ്പോഴിതാ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിട്ടും ടിവികെയുടെ ഒന്നാം സംസ്ഥാന സമ്മേളനം നീളുകയാണ്. ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ സമയം വീണ്ടും മാറ്റിയിരിക്കുകയാണ്. ആദ്യം ഈ മാസം 23നു നടത്താനിരുന്ന യോഗം ഒക്ടോബര്‍ ആദ്യ ആഴ്ചയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഇപ്പോള്‍ ഒക്ടോബര്‍ മൂന്നാം വാരത്തിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചത്.
വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കുന്ന ഒക്ടോബറില്‍ സമ്മേളനം നടത്തുന്നത് നല്ലതല്ലെന്നും ജനുവരിയിലേക്ക് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. എന്നാല്‍ സമ്മേളനത്തിനായി ഇതിനകം ചെലവഴിച്ച പണത്തില്‍ ചിലര്‍ തിരിമറി നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഉപാധികളോടെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ സമ്മേളനം നടത്താന്‍ പൊലീസ് അനുമതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഉപദേശകരായി മികച്ച നേതാക്കള്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്. ഫെബ്രുവരിയിലാണ് തമിഴ് സൂപ്പര്‍താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുള്‍പ്പെടുത്തിയാണ് 'തമിഴക വെട്രി കഴകം' (തമിഴക വിജയ സംഘം) എന്ന പേരിട്ടത്.
#Vijay #TamilNaduPolitics #PartyConference #Delay #IndiaPolitics