Investigation | 'റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ട്'; എഡിജിപി എം ആര്‍ അജിത് കുമാറിന് നല്‍കിയ ക്ലീന്‍ ചിറ്റ് മടക്കി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാന്‍ നിര്‍ദ്ദേശം.
● വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യം.
● അജിത് കുമാറിനെതിരെ 4 ആരോപണങ്ങളാണ് പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്.
തിരുവനന്തപുരം: (KVARTHA) എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

സാമ്പത്തിക ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്മേല്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ മടക്കിയത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി. ചില കാര്യങ്ങളില്‍ റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. ഇതിലാണ് വിജിലന്‍സ് അന്വേഷണം നടന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തെറ്റ് എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാര്‍ ആയി എട്ടു വര്‍ഷത്തിന് ശേഷമാണു ഫ്‌ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവര്‍ധനയാണ് ഫ്‌ളാറ്റിന് ഉണ്ടായതെന്നും ആണ് വിജിലന്‍സ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയില്‍ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാല്‍ ഇതില്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ ഈ ക്ലീന്‍ ചിറ്റാണ് ഇപ്പോള്‍ ഡയറക്ടര്‍ മടക്കിയിരിക്കുന്നത്.
വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
#vigilance #corruption #kerala #adgpajithkumar #investigation