ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം


● എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരരംഗത്ത്.
● പ്രതിപക്ഷത്തിൻ്റേത് നാണംകെട്ട ആഹ്വാനമാണെന്ന് ബിജെപി പ്രതികരിച്ചു.
● ബിജു ജനതാദൾ, ബിആർഎസ് എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
● വൈകിട്ട് എട്ടോടെ ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ.
ന്യൂഡെല്‍ഹി: (KVARTHA) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് രാവിലെ പത്തിന് പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ വോട്ടർമാരിൽ ഒരാളായി വോട്ട് രേഖപ്പെടുത്തി. രാജ്യത്തിൻ്റെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനായി എംപിമാർ രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും നേരത്തെയെത്തി. എൻഡിഎയെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തിന് വേണ്ടി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം.

അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു. വോട്ട് രഹസ്യ ബാലറ്റിലൂടെയാണ് രേഖപ്പെടുത്തുന്നത്. മനസാക്ഷി വോട്ട് എന്നതിലൂടെ പാർട്ടി വിപ്പ് ബാധകമല്ലാതെ സ്വന്തം മനസിനനുസരിച്ച് വോട്ട് ചെയ്യണമെന്നാണ് ഇന്ത്യ സഖ്യം ഉദ്ദേശിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തിൻ്റേത് നാണംകെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
കഴിഞ്ഞദിവസം എൻഡിഎയും ഇന്ത്യ സഖ്യവും തങ്ങളുടെ എംപിമാർക്ക് വോട്ടിംഗ് പരിശീലനം നൽകാനായി മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ അറിയിച്ചിട്ടുണ്ട്. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു.
എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം നടത്തുന്നുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ട് മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ നിങ്ങളുടെ പ്രവചനം എന്താണ്? കമൻ്റ് ചെയ്യൂ.
Article Summary: The Vice Presidential election is underway in India.
#VicePresident #IndiaPolitics #PMModi #Election #INDIAAlliance #BJP